print edition ഗാസയിൽ ആക്രമണം തുടർന്ന് ഇസ്രയേൽ

ഫയൽ ചിത്രം
ഗാസ സിറ്റി: ഗാസയിൽ കുടുംബത്തിലെ 11 പേരെ ഇസ്രയേൽ സൈന്യം കൊലപ്പെടുത്തി. വെടിനിർത്തൽ നിലവിൽവന്നശേഷം ഒരു ആക്രമണത്തിൽ ഇത്രയുംപേരെ കൊല്ലുന്നത് ആദ്യം. വെള്ളി വൈകിട്ട് സെയ്‌തൂണിലാണ് കുടുംബം സഞ്ചരിച്ച വാഹനത്തിനുനേരെ ഷെൽ വർഷിച്ചത്. ഏഴു കുട്ടികളും മൂന്നു സ്‌ത്രീകളും മരിച്ചവരിലുൾപ്പെടുന്നു. ആക്രമണങ്ങളിൽ തകർന്ന തങ്ങളുടെ വീട് കണ്ടെത്താൻ എത്തിയ കുടുംബമാണ് കൊല്ലപ്പെട്ടത്.
ഇതോടെ വെടിനിർത്തൽ നിലവിൽവന്ന് എട്ടുദിവസം പിന്നിടുന്പോൾ ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്‌തീൻകാരുടെ എണ്ണം 28 ആയി. സമാധാന ചർച്ചകൾക്ക് മാധ്യസ്ഥം വഹിച്ചവരും യുഎസും വെടിനിർത്തൽ കരാർ പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. അതേസമയം വെടിനിർത്തലിനുശേഷം സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തിയ ഗാസയിലെ പലസ്‌തീൻകാർ കടുത്ത ദുരിതം തുടരുകയാണ്. ഭക്ഷണവും വെള്ളവും ലഭിക്കാനില്ല. യുഎന്നും അന്താരാഷ്‌ട്ര സന്നദ്ധ സംഘടനകളും കൂടുതൽ സഹായത്തിന് തയ്യാറാണെങ്കിലും ഇസ്രയേൽ ഉപരോധം തടസ്സമാകുകയാണ്.
അതേസമയം ഇസ്രയേൽ തടവിൽ മരിച്ച 15 പലസ്‌തീൻകാരുടെ മൃതദേഹങ്ങൾകൂടി റെഡ്‌ക്രോസ് കൈമാറിയതായി ഗാസയിലെ ആരോഗ്യമന്ത്രാലയം അറിയിച്ചു. സമാധാന കരാറിന്റെ ഭാഗമായി ഇത്തരത്തിൽ 135 പലസ്‌തീൻകാരുടെ മൃതദേഹങ്ങളാണ് കൈമാറിക്കിട്ടിയത്.










0 comments