ad
Deshabhimani

സമാധാന ചര്‍ച്ചകൾക്ക് പുല്ലുവില, ലെബനനിലെ തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ട ഇസ്രയേൽ പിടിച്ചെടുത്തു

Beaufort castle
വെബ് ഡെസ്ക്

Published on May 31, 2026, 03:32 PM | 2 min read

ബെയ്റൂട്ട്: ലെബനനിൽ അധിനിവേശം ശക്തമാക്കി ഇസ്രായേൽ. തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ട സൈന്യം പിടിച്ചെടുത്തു. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും ശക്തമായ നീക്കത്തിലൂടെ തെക്കൻ ലെബനനിലെ തന്ത്രപ്രധാനമായ ബോഫോർട്ട് കോട്ടവരെ ഇരച്ചു കയറി.


ലിതാനി നദി കടന്ന് ഇസ്രായേൽ സൈന്യം ലെബനൻ ഭൂപ്രദേശത്തിന്റെ ഉള്ളിലേക്ക് നടത്തിയ ഏറ്റവും വലിയ മുന്നേറ്റമാണിത്. മേഖലയിൽ ശക്തമായ പോരാട്ടവും വ്യോമാക്രമണങ്ങളും തുടരുന്നതിനിടയിലാണ് ഞായറാഴ്ച ഇസ്രായേൽ സൈന്യം ഈ വിവരം അവകാശപ്പെട്ടത്.


നബാത്തിയ നഗരത്തിന് സമീപം, കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന ഒമ്പതുനൂറ്റാണ്ട് പഴക്കമുള്ള ക്രൂസേഡർ കോട്ട സൈനികപരമായി ഏറെ പ്രാധാന്യമുള്ളതാണ്. ഉയർന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കോട്ട പിടിച്ചെടുത്തതോടെ ചുറ്റുമുള്ള പ്രദേശങ്ങളിൽ കൃത്യമായ നിരീക്ഷണം നടത്താനും സൈനിക മേധാവിത്വം സ്ഥാപിക്കാനും ഇസ്രായേലിന് സാധിക്കും. കോട്ടയ്ക്ക് മുകളിൽ ഇസ്രായേൽ പതാക ഉയർത്തിയതായി പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സ്ഥിരീകരിച്ചു.


ചർച്ചകൾക്കിടയിലെ സൈനിക ആക്രമണം


ജൂൺ 2, 3 തീയതികളിൽ വാഷിംഗ്ടണിലെ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത വട്ട സമാധാന ചർച്ചകൾ നടക്കാനിരിക്കെയാണ് അപ്രതീക്ഷിത കടന്നു കയറ്റം. ഏപ്രിൽ 17 മുതൽ മേഖലയിൽ താല്ക്കാലിക വെടിനിർത്തൽ നിലവിലുണ്ടെങ്കിലും, അത് പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് ഇസ്രായേലിന്റെ നടപടികൾ. ചർച്ചകളിൽ മുൻതൂക്കം നേടാനുള്ള ഇസ്രായേലിന്റെ തന്ത്രമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.


ഇസ്രായേൽ പൗരന്മാർക്ക് നേരെയുള്ള ഹിസ്ബുള്ളയുടെ ഭീഷണി ഇല്ലാതാക്കാനും അവരുടെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ തകർക്കാനുമാണ് ഈ ഓപ്പറേഷൻ എന്നും, ആവശ്യമെങ്കിൽ സൈനിക നടപടി ഇനിയും വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്തായും ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ അറിയിച്ചു.


മാർച്ച് 2-നാണ് നിലവിലെ ഇസ്രായേൽ-ഹിസ്ബുള്ള യുദ്ധം ആരംഭിച്ചത്. യുഎസും ഇസ്രായേലും ചേർന്ന് ഇറാന് നേരെ ആക്രമണം നടത്തിയതിന് പ്രതികാരമായി ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകൾ തൊടുത്തുവിട്ടതോടെയാണ് സംഘർഷം കടുത്തത്. മുൻപ് 1982-ൽ ഇസ്രായേൽ ഈ കോട്ട പിടിച്ചെടുത്തിരുന്നെങ്കിലും 2000-ൽ അവർ ഇവിടെനിന്ന് പിന്മാറിയിരുന്നു.


ലെബനനിലെ നാലാമത്തെ വലിയ നഗരമായ ടയർ നബാത്തിയ എന്നിവിടങ്ങളിലെ താമസക്കാരോട് എത്രയും വേഗം ഒഴിഞ്ഞുപോപാൻ ഇസ്രായേൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ഉണ്ടായ യുദ്ധത്തിൽ ലെബനനിൽ 3,350-ലധികം ആളുകൾ കൊല്ലപ്പെടുകയും പത്ത് ലക്ഷത്തിലധികം ആളുകൾ ഭവനരഹിതരാകുകയും ചെയ്തു. മറുവശത്ത്, ഹിസ്ബുള്ളയുടെ ഡ്രോൺ ആക്രമണങ്ങളിൽ 25 ഇസ്രായേൽ സൈനികരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടതായാണ് ഇസ്രായേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ഒളിഞ്ഞിരുന്ന് ആക്രമണം നടത്താൻ സാധിക്കുന്ന ഫൈബർ ഒപ്റ്റിക് ഡ്രോണുകൾ ഉപയോഗിച്ചാണ് ഹിസ്ബുള്ള ഇസ്രായേൽ സൈന്യത്തിന് തിരിച്ചടി നൽകുന്നത്.


പുതിയ സൈനിക നീക്കങ്ങളെക്കുറിച്ച് ഹിസ്ബുള്ളയോ ലെബനൻ സർക്കാരോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒഴിഞ്ഞുപോകാൻ ജനങ്ങളോട് ആവശ്യപ്പെട്ടതോടെ മേഖലയിൽ വരും ദിവസങ്ങളിൽ വലിയ തോതിലുള്ള വംശീയ-മാനുഷിക പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home