ലെബനനിൽ ആക്രമണം തുടർന്ന് ഇസ്രയേൽ; ഒരു സ്ത്രീ കൊല്ലപ്പെട്ടു, നിരവധി കുട്ടികൾക്ക് പരിക്ക്

തെക്കൻ ലെബനൻ ഗ്രാമമായ ചാമക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് പ്രദേശത്തുനിന്നും പുക ഉയരുന്നു | Photo Credit: KAWNAT HAJU / AFP
ബെയ്റൂട്ട് : ഇസ്രയേൽ ലെബനനിൽ നടത്തിയ ഏറ്റവും പുതിയ ആക്രമണങ്ങളിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും നിരവധി കുട്ടികൾക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടന്ന ആക്രമണങ്ങളിൽ ഇരയായവരിൽ ഭൂരിഭാഗവും സാധാരണക്കാരാണ്.
തെക്കൻ ലെബനനിലുടനീളം കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണങ്ങളിൽ ഹിസ്ബുള്ളയുടെ 40 കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം വെള്ളിയാഴ്ച അറിയിച്ചു. ഇതിന് തിരിച്ചടിയായി ലെബനൻ അതിർത്തിക്കുള്ളിലെ ഇസ്രയേൽ സൈന്യത്തിന് നേരെ നിരവധി ആക്രമണങ്ങൾ നടത്തിയതായി ഹിസ്ബുള്ളയും വ്യക്തമാക്കി.
ഗാസയിൽ പ്രയോഗിച്ച അതേ തന്ത്രങ്ങൾ അനുകരിച്ചുകൊണ്ട് തെക്കൻ ലെബനനിൽ ഇസ്രയേൽ സൈന്യം വൻതോതിലുള്ള വിനാശകരമായ സൈനിക നീക്കം ശക്തമാക്കിയിരിക്കുകയാണ്. തെക്കൻ ലെബനനെ ജനവാസയോഗ്യമല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ഇസ്രയേൽ സൈന്യം ആസൂത്രിതമായി സാധാരണക്കാരുടെ വീടുകളും അടിസ്ഥാന സൗകര്യങ്ങളും ജലവിതരണ ശൃംഖലകളും തകർക്കുകയാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ പറയുന്നു. തെക്കൻ അതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിലെ പതിനായിരക്കണക്കിന് ആളുകളെ ഇസ്രയേൽ ആക്രമണങ്ങൾ സാരമായി ബാധിച്ചിട്ടുണ്ട്.
തെക്കൻ ലെബനനിലെ മുഴുവൻ ജനവാസമേഖലകളും തകർക്കപ്പെട്ടതായി കാണിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ ഇസ്രയേൽ പുറത്തുവിട്ടിട്ടുണ്ട്. ലെബനൻ ഭൂപ്രദേശത്തിന്റെ ഏകദേശം 10 ശതമാനത്തോളം ഭാഗം ഇസ്രയേൽ സൈന്യത്തിന്റെ കൈവശമാണ്. അവർ അവിടെ യെല്ലോ ലൈൻ എന്ന് വിളിക്കപ്പെടുന്ന ഒരു അതിർത്തി രൂപീകരിച്ചിട്ടുണ്ട്. ഇതിന് തെക്കുഭാഗത്തുള്ള മേഖലയിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ചിരിക്കുകയാണ്. ഇവിടേക്ക് വരുന്ന ആരും തന്നെ ആക്രമിക്കപ്പെട്ടേക്കാം എന്ന സ്ഥിതിയാണുള്ളത്.
വ്യാഴാഴ്ച നേരത്തെ നിശ്ചയിച്ചിട്ടുള്ള ബഫർ സോണിന് പുറത്തുള്ള എട്ട് ലെബനൻ നഗരങ്ങളിലെ താമസക്കാരോട് ആക്രമണത്തിന് മുന്നോടിയായി ഉടൻ വീടൊഴിയാൻ ഇസ്രയേൽ സൈന്യം മുന്നറിയിപ്പ് നൽകിയിരുന്നു. സമാനമായ രീതിയിലുള്ള നിർബന്ധിത കുടിയൊഴിപ്പിക്കൽ ഉത്തരവ് നേരത്തെ 20 ഗ്രാമങ്ങൾക്കും ഇസ്രയേൽ നൽകിയിരുന്നു.
കഴിഞ്ഞ മാസം അമേരിക്കൻ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാർ നിലനിൽക്കെത്തന്നെ ആക്രമണങ്ങൾ തുടരുകയാണ് ഇസ്രയേൽ. ഈ വെടിനിർത്തൽ കാലയളവിൽ മാത്രം ഇസ്രയേൽ നടത്തിയ വ്യോമാക്രമണങ്ങളിൽ ആകെ 40 പേർ കൊല്ലപ്പെട്ടു. ലെബനനിലെ ഇസ്രയേൽ നടത്തുന്ന യുദ്ധം കാരണം പത്ത് ലക്ഷത്തിലധികം ആളുകൾ ഇതിനകം പലായനം ചെയ്യേണ്ടി വന്നിട്ടുണ്ട്.
അതേസമയം ഇസ്രയേലുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകളെ എങ്ങനെ സമീപിക്കണം എന്ന കാര്യത്തിൽ ലെബനൻ പ്രസിഡന്റ് ജോസഫ് ഔണും സ്പീക്കർ നബി ബെറിയും തമ്മിൽ അഭിപ്രായ ഭിന്നതയുള്ളതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.










0 comments