യൂറോപ്യന്‍ യൂണിയനും അറബ് ലീഗും അപലപിച്ചു
ഖത്തറില്‍ കടന്നാക്രമണം ; ഒറ്റപ്പെട്ട് ഇസ്രയേല്‍

അനസ് യാസിന്‍
Published on Sep 11, 2025, 02:09 AM | 1 min read
മനാമ
ഹമാസ് നേതാക്കളെ വകവരുത്താനെന്ന പേരിൽ ഖത്തറില്‍ കടന്നാക്രമണം നടത്തിയ ഇസ്രയേല്‍ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുന്നു. ഖത്തറിന്റെ പരമാധികാരം മാനിക്കാതെ നടത്തിയ ഏകപക്ഷീയ നടപടിയെ ലോകരാജ്യങ്ങള്‍ അപലപിച്ചു. ഖത്തറിന്റെ അഭ്യര്‍ഥനയെ തുടര്‍ന്ന് ഐക്യരാഷ്‌ട്ര രക്ഷാസമിതി അടിയന്തര യോഗം വിളിച്ചു.
ഇസ്രയേലിന്റെ നടപടി സമാധാന ശ്രമങ്ങള്‍ക്ക് ഗുരുതര ഭീഷണിയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചു. ഖത്തറിന്റെ പരമാധികാരത്തിന്റെ നഗ്‌നമായ ലംഘനമാണ് ഉണ്ടായതെന്നും ഗുട്ടെറസ് പറഞ്ഞു.
ആക്രമണത്തെ ‘ഭരണകൂട ഭീകരത'യെന്ന് വിശേഷിപ്പിച്ച ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനി, ഇസ്രയേലിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് പ്രഖ്യാപിച്ചു. നിയമനടപടികള്‍ക്കായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. വെടിനിര്‍ത്തല്‍ ചര്‍ച്ചക്കിടെ ആക്രമണം സമാധാനശ്രമങ്ങളെ അട്ടിമറിക്കാനാണെന്നും ഖത്തര്‍ കുറ്റപ്പെടുത്തി.
ഇസ്രയേലിന്റെ കടന്നാക്രമണത്തെ യൂറോപ്യന്‍ യൂണിയനും അറബ് ലീഗും ഗള്‍ഫ് രാജ്യങ്ങളും ഒറ്റക്കെട്ടായി അപലപിച്ചു. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യത്തിനുനേരെ നടന്ന ആക്രമണം മേഖലയിലാകെ പ്രകമ്പനം സൃഷ്ടിച്ചു. ഇസ്രയേലുമായി ബന്ധം സാധാരണമാക്കാന്‍ ശ്രമിച്ചിരുന്ന മേഖലയിലെ ചില രാജ്യങ്ങളുടെ നിലപാടുമാറ്റം നെതന്യാഹു സർക്കാരിനെ കൂടുതല്‍ പ്രതിരോധത്തിലാക്കി. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഖത്തര്‍ സന്ദര്‍ശിച്ചു. ജോര്‍ദാന്‍, സൗദി അറേബ്യ ഭരണാധികാരികളും ഖത്തറിലെത്തുന്നുണ്ട്. ആക്രമിക്കാനുള്ള തീരുമാനം നെതന്യാഹുവിന്റേത് മാത്രമാണെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ആക്രമണത്തെക്കുറിച്ച് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നില്ലെന്ന് ഖത്തർ പ്രതികരിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ദോഹയിലെ കത്താറയില്‍ ഹമാസ് നേതാക്കള്‍ താമസിക്കുന്ന കെട്ടിടത്തില്‍ ഇസ്രയേൽ ആക്രമണമുണ്ടായത്. ഗാസ വെടിനിര്‍ത്തല്‍ ചര്‍ച്ചചെയ്യുന്നതിനിടെ നടത്തിയ ആക്രമണത്തില്‍ അഞ്ചു ഹമാസ് പ്രവര്‍ത്തകരും ഖത്തര്‍ സൈനികനും കൊല്ലപ്പെട്ടു. ഹമാസ് നേതാവ് ഖലീല്‍ അല്‍ ഹയ്യയുടെ മകന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ആക്രമണത്തിനു പിന്നാലെ വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍നിന്ന് ഹമാസ് പിന്മാറി. മൂന്നരലക്ഷം മലയാളികള്‍ അടക്കം ഒമ്പത് ലക്ഷം ഇന്ത്യക്കാരാണ് ഖത്തറില്‍ ഉള്ളത്.









0 comments