സഹായ ബോട്ടുകൾ വീണ്ടും തടഞ്ഞ് ഇസ്രയേൽ
ചർച്ച തുടരുന്നു ; ബന്ദികളുടെ പട്ടിക കൈമാറി ഹമാസ് , ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ

ഗാസ സിറ്റി
ഗാസയിൽ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളുമായി ഇൗജിപ്‌ത് തലസ്ഥാനമായ കെയ്‌റോയിൽ ചർച്ച പുരോഗമിക്കവെയും പലസ്‌തീൻകാർക്കുനേരെ ആക്രമണം അഴിച്ചുവിട്ട് ഇസ്രയേൽ. ബുധൻ വൈകിട്ടുവരെയുള്ള 24 മണിക്കൂറിൽ എട്ടുപേരാണ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത്. 61 പേർക്ക് പരിക്കേറ്റു. തെക്കൻ ഗാസയിൽ ഭക്ഷണവിതരണ കേന്ദ്രത്തിനും സന്നദ്ധ പ്രവർത്തകർക്കുംനേരെയുള്ള ആക്രമണങ്ങളില്‍ ഒരാൾ കൊല്ലപ്പെട്ടു. റഫയിലെ ഷൗക്കത്ത് മേഖലയിലെ കേന്ദ്രത്തിൽ ഭക്ഷണത്തിന് വരിനിൽക്കുന്നവർക്കുനേരെയായിരുന്നു ആക്രമണം.
അതേസമയം കെയ്‌റോയിൽ ചർച്ച തുടർച്ചയായ മൂന്നാംദിവസവും തുടരുകയാണ്. കൈമാറേണ്ട ബന്ദികളുടെയും തടവുകാരുടെയും പട്ടിക ഹമാസ് കൈമാറി. ചർച്ചയിൽ പങ്കെടുക്കാൻ യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മരുമകൻ ജെറാഡ് കുഷ്‌നറും ട്രംപിന്റെ കഴിഞ്ഞ ഭരണകാലത്ത് പശ്‌ചിമേഷ്യയിലെ യുഎസിന്റെ പ്രത്യേക ദൂതനായിരുന്ന സ്റ്റീവ് വിറ്റ്കോഫും കെയ്‌റോയിൽ എത്തി. ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ അൽ താനി, തുർക്കിയ ഇന്റലിജൻസ് മേധാവി ഇബ്രാഹിം കാലിൻ എന്നിവരും എത്തിയിട്ടുണ്ട്.
അതേസമയം ഇസ്രയേൽ ജയിലുകളിൽ 11,100-ലധികം പലസ്തീൻകാരെ തടവിലാക്കിയിട്ടുണ്ടെന്ന് പലസ്തീൻ പ്രിസണേഴ്‌സ് സൊസൈറ്റി (പിപിഎസ്) അറിയിച്ചു. നാനൂറിലധികം കുട്ടികളെയും ഇസ്രയേൽ തടവിലാക്കിയിട്ടുണ്ട്.
സഹായ ബോട്ടുകൾ വീണ്ടും തടഞ്ഞ് ഇസ്രയേൽ
ഗാസയിലേക്ക് സഹായവുമായി പോയ ബോട്ടുകൾ വീണ്ടും ആക്രമിച്ച് ഇസ്രയേൽ. ദി കൺസൈൻസ് എന്ന ബോട്ടാണ് തടഞ്ഞത്. 93 പത്രപ്രവർത്തകർ, ഡോക്ടർമാർ, സന്നദ്ധ പ്രവർത്തകർ എന്നിവരുമായി സഞ്ചരിച്ച ബോട്ടാണിത്. ഇവരെ എവിടേക്കാണ് മാറ്റിയതെന്ന് വ്യക്തമായിട്ടില്ല. ബുധനാഴ്‌ച മൂന്ന് ചെറിയ ബോട്ടുകളും ഇസ്രയേൽ ആക്രമിച്ചതായി ഫ്രീഡം ഫ്‌ളോട്ടില കൊയിലേഷൻ (എഫ്‌എഫ്‌സി) അറിയിച്ചു.
ബോട്ടുകളിൽ 110,000 ഡോളറിൽ കൂടുതൽ വിലമതിക്കുന്ന മരുന്നുകൾ, ശ്വസന ഉപകരണങ്ങൾ, പോഷക വസ്‌തുക്കൾ എന്നിവയാണ് ഉണ്ടായിരുന്നത്.നാൽപ്പതോളം ബോട്ടുകളാണ് ഇസ്രയേൽ ഇതുവരെ തടഞ്ഞത്.









0 comments