print edition ഭീതി മുനമ്പിൽ പശ്‌ചിമേഷ്യ ; ലെബനൻ കത്തുന്നു , ഇസ്രയേലും വിറയ്‌ക്കുന്നു

തെക്കൻ ലെബനനിൽ സൈനിക നീക്കം നടത്തുന്ന ഇസ്രയേൽ ടാങ്ക്
ബെയ്‌റൂത്ത്
ലെബനനിൽ ഇസ്രയേൽ നടത്തുന്ന കടന്നാക്രമണം നാലാം ദിവസവും അതീവ ഗുരുതരമായി തുടരുന്നു. തിങ്കളാഴ്ചയ്ക്ക് ശേഷം കൊല്ലപ്പെട്ടവരുടെ എണ്ണം 77 ആയി. 520-ലധികം പേർക്ക് പരിക്കേറ്റു. അതേസമയം, ഇസ്രയേലിന് നേരെ ഹിസ്ബുള്ള തുടർച്ചയായി റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ച് തിരിച്ചടി നൽകുന്നുണ്ട്.
വടക്കൻ മേഖലയിലേക്ക് കൂടി ഇസ്രയേൽ ആക്രമണം കടുപ്പിച്ചു. ഹിസ്ബുള്ളയുടെ കമാൻഡ് സെന്ററുകളും വ്യോമ യൂണിറ്റുകളും തകർത്തതായി ഇസ്രയേൽ അവകാശപ്പെട്ടു. ആക്രമണം ഭയന്ന് ഇതുവരെ 80,000-ത്തിലധികം ആളുകളാണ് രാജ്യത്തിനകത്ത് പലായനം ചെയ്തത്. രണ്ട് ദിവസത്തിനിടെ 25,000-ത്തോളം പേർ അതിർത്തി കടന്ന് സിറിയയിൽ അഭയം തേടി.
ലിതാനി നദിക്ക് തെക്ക് വസിക്കുന്നവരോടും ടൈർ നഗരവാസികളോടും ഉടനടി ഒഴിഞ്ഞുപോകാണമെന്ന് ഇസ്രയേൽ ആവശ്യപ്പെട്ടു. ഹിസ്ബുള്ളയുടെ ഭീഷണി ഇല്ലാതാക്കാനെന്ന വ്യാജേന അതിർത്തി കടന്നുള്ള അധിനിവേശ കരയുദ്ധ നീക്കങ്ങളും ഇസ്രയേൽ ശക്തമാക്കി. നിലവിൽ അഞ്ച് കേന്ദ്രങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള ഇസ്രയേൽ സൈന്യം കൂടുതൽ ഉള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നത് പൂർണ തോതിലുള്ള അധിനിവേശമായി മാറുമോയെന്ന ആശങ്കയുണ്ട്. ഇതിനിടെ, ലെബനനിലെ ഇറാൻ നയതന്ത്ര പ്രതിനിധികളോട് രാജ്യം വിടാൻ ഇസ്രയേൽ നൽകിയ സമയപരിധി അവസാനിച്ചു.
ഇസ്രയേലും വിറയ്‌ക്കുന്നു
ഇറാൻ നടത്തിയ പ്രത്യാക്രമണങ്ങളിൽ ഇസ്രയേലിൽ വലിയ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായി റിപ്പോർട്ട്. ഏകദേശം 18,000 കോടിയിലധികം രൂപയുടെ സാമ്പത്തിക നഷ്ടം ഉണ്ടായതായി കണക്കാക്കപ്പെടുന്നു. സർക്കാർ ഓഫീസുകളെ ലക്ഷ്യമിട്ടായിരുന്നു ഇറാൻ പ്രത്യാക്രമണം. ഇറാൻ പ്രയോഗിക്കുന്ന ഉയർന്ന നിലവാരമുള്ളതും വലിപ്പമേറിയതുമായ മിസൈലുകൾ അയൺ ഡോമിന് പോലുംതടയാൻ കഴിയാത്ത സാഹചര്യമുണ്ട്. ആകാശത്ത് തകർക്കപ്പെടുന്ന മിസൈലുകളുടെ അവശിഷ്ടങ്ങൾ വീണും കാര്യമായ നാശനഷ്‌ടമുണ്ടാകുന്നു. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുകയാണ്. ജോർദാൻ അതിർത്തിയോട് ചേർന്നുള്ള തെക്കൻ ഇസ്രയേലിലും വെസ്റ്റേൺ ഗലീലി മേഖലയിലും കനത്ത ജാഗ്രത തുടരുകയാണ്.
ആക്രമണങ്ങളുടെ പത്തൊൻപതാം ഘട്ടം ആരംഭിച്ചതായി ഇറാൻ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ഒടുവിൽ റിപ്പോർട്ട് ചെയ്ത മൂന്ന് തരംഗങ്ങളിലായുള്ള മിസൈൽ ആക്രമണങ്ങളിൽ ആർക്കും ജീവഹാനി സംഭവിച്ചതായി ഔദ്യോഗിക റിപ്പോർട്ടുക ളില്ല.
ആക്രമണങ്ങൾ തുടരുമ്പോഴും രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ ഇസ്രയേൽ ആരംഭിച്ചു. പൊതുയോഗങ്ങൾക്കും ജോലിചെയ്യുന്നതിനും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. 50 പേർ വരെയുള്ള കൂട്ടായ്മകൾക്ക് അനുമതി നൽകി. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടഞ്ഞുതന്നെ കിടക്കും. വിദേശത്തുള്ള ഒരു ലക്ഷത്തിലധികം ഇസ്രയേലികളെ തിരികെയെത്തിക്കാനും സാമ്പത്തിക മേഖല സജീവമാക്കാനുമാണ് സർക്കാർ ശ്രമം.










0 comments