ലബനനിൽ ആക്രമണം തുടർന്ന് ഇസ്രയേൽ; ബെയ്റൂട്ടിൽ നിന്ന് ആയിരങ്ങൾ പലായനം ചെയ്തു

വീഡിയോ സ്ക്രീൻഷോട്ട്
ബെയ്റൂട്ട് : ഇറാനെ ആക്രമിച്ചതിനു പിന്നാലെ ലബനനിൽ ആക്രമണം കടുപ്പിച്ച് ഇസ്രയേൽ. തലസ്ഥാനമായ ബെയ്റൂട്ടിൽ ശക്തമായ വ്യോമാക്രമണം തുടരുകയാണ് ഇസ്രയേൽ. ഇറാനെ ആക്രമിച്ചതിനുപിന്നാലെ ഇസ്രയേലിനെതിരെ ഹിസ്ബുള്ള രംഗത്തെത്തിയിരുന്നു. ഇതിനുപിന്നലെയാണ് ഇസ്രയേൽ ലബനനെതിരെ തിരിഞ്ഞത്. തിങ്കളാഴ്ച രാജ്യത്തിന്റെ തെക്കൻ പ്രദേശങ്ങളിൽ നിന്നും ബെയ്‌റൂട്ടിന്റെ തെക്കൻ പ്രദേശങ്ങളിൽ നിന്നും ആയിരങ്ങളാണ് പലായനം ചെയ്തത്.
ഞായറാഴ്ച അർധരാത്രി വടക്കൻ ഇസ്രായേലിൽ ഹിസ്ബുള്ള മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയിരുന്നു. ബെയ്‌റൂട്ടിലും തെക്കൻ ലെബനനിലുമായി നടന്ന ആക്രമണങ്ങളിൽ 52 പേർ കൊല്ലപ്പെടുകയും 154 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനൻ ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. സ്ഥിതിഗതികൾ രൂക്ഷമായതോടെ ചൊവ്വാഴ്ച സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
ഇസ്രയേൽ സൈന്യം ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിലും തെക്കൻ, കിഴക്കൻ ലബനനിലും നിരവധി വ്യോമാക്രമണങ്ങൾ നടത്തി. ആക്രമണത്തിൽ ലബനനിൽ വ്യാപക നാശനഷ്ടങ്ങളുണ്ടായി. ഹിസ്ബുള്ളയുടെ 70ലധികം ആയുധ സംഭരണ കേന്ദ്രങ്ങൾ, വിക്ഷേപണ കേന്ദ്രങ്ങൾ, മിസൈൽ ലോഞ്ചറുകൾ എന്നിവ ആക്രമിച്ചതായി ഇസ്രയേൽ സൈന്യം നേരത്തെ പറഞ്ഞിരുന്നു. ബെയ്‌റൂട്ടിൽ നടന്ന വ്യോമാക്രമണത്തിൽ ലബനനിലെ തങ്ങളുടെ സൈനിക വിഭാഗത്തിന്റെ കമാൻഡറും കൊല്ലപ്പെട്ടതായി പലസ്തീൻ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പ് അറിയിച്ചു.
മുമ്പും ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം നടത്തിയിരുന്നു. ആയിരങ്ങൾ ഒറ്റ രാത്രി കൊണ്ട് പലായനം ചെയ്തതോടെ ബെയ്റൂട്ടിവലെ റോഡുകൾ ഗതാഗതക്കുരുക്കിലായി. താൽക്കാലിക ഷെൽട്ടറുകളിൽ ജനം നിറഞ്ഞു. രാജ്യത്തുടനീളം 171 ഷെൽട്ടറുകൾ തുറന്നിട്ടുണ്ടെന്നും 29,000 പേരെ ഇവിടെ പാർപ്പിച്ചിട്ടുണ്ടെന്നും ലെബനൻ സാമൂഹികകാര്യ മന്ത്രി ഹാനിൻ അൽ-സയീദ് പറഞ്ഞു.
2024-ലെ അവസാനമുണ്ടായ ഇസ്രയേൽ- ഹിസ്ബുള്ള സംഘർഷത്തിൽ ഒരു ദശലക്ഷത്തിലധികം ആളുകൾ ലബനനിൽ നിന്ന് പലായനം ചെയ്തു. യുദ്ധമുണ്ടായ അതിർത്തി ഗ്രാമങ്ങൾ പലതും പൂർണമായി തകർന്നു. തെക്കൻ, കിഴക്കൻ ലബനനിലുടനീളമുള്ള 50 ഓളം ഗ്രാമങ്ങളിലെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ഇസ്രയേൽ സൈന്യം കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.










0 comments