ad
Deshabhimani

ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം; പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു

Israel airstrike Gaza

ഗാസയിലെ ഷാതി അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ തകർന്ന കെട്ടിടത്തിൽ നിൽക്കുന്ന യുവതി | Photo Credit: OMAR AL-QATTAA / AFP

വെബ് ഡെസ്ക്

Published on May 11, 2026, 07:27 AM | 1 min read

ടെൽ അവീവ് : അമേരിക്കയുടെ മധ്യസ്ഥതയിൽ നിലവിൽ വന്ന വെടിനിർത്തൽ കരാറിനെ കാറ്റിൽ പറത്തി ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പലസ്തീനുകാർ കൊല്ലപ്പെട്ടു. ഹമാസ് നിയന്ത്രണത്തിലുള്ള പോലീസ് സേനയിലെ രണ്ട് മുതിർന്ന അംഗങ്ങളും ഇതിൽ ഉൾപ്പെടുന്നു. 


മധ്യഗാസയിലെ മഗാസി അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംശയാസ്പദമായ സാഹചര്യത്തിൽ സായുധ പോരാളികളെ കണ്ടതിനാലാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ അവകാശവാദം.


മറ്റൊരു ആക്രമണത്തിൽ തെക്കൻ ഗാസയിലെ ഖാൻ യൂനിസിലെ ക്രിമിനൽ പോലീസ് മേധാവി വിസാം അബ്ദുൽ ഹാദിയും സഹായിയുമാണ് കൊല്ലപ്പെട്ടത്. ഹമാസിലെ എലൈറ്റ് വിഭാഗത്തിൽപ്പെട്ട പോരാളികളെയാണ് വകവരുത്തിയതെന്ന് ഇസ്രയേൽ ആവർത്തിച്ചു. എന്നാൽ ഗാസയിൽ ക്രമസമാധാനം നിലനിർത്തുന്ന പൊലീസ് സേനയെ ലക്ഷ്യമിട്ട് അരാജകത്വം സൃഷ്ടിക്കാനാണ് അധിനിവേശ ശക്തികൾ ശ്രമിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. 


കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ വിലാപയാത്രയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ജനങ്ങൾക്കിടയിൽ ഭീതി പടർത്താനാണ് ഇസ്രയേൽ പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുന്നതെന്ന് വിലാപയാത്രയിൽ പങ്കെടുത്തവർ പറഞ്ഞു.


2025 ഒക്ടോബറിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നിട്ടും ഗാസയിൽ ഇസ്രയേൽ ആക്രമണങ്ങൾ തുടരുകയാണ്. വെടിനിർത്തലിന് ശേഷം മാത്രം 850ഓളം പലസ്തീനുകാർ കൊല്ലപ്പെട്ടതായാണ് ആരോഗ്യപ്രവർത്തകരുടെ കണക്കുകൾ സൂചിപ്പിക്കുന്നത്. കരാർ ലംഘിക്കുന്നതായി ഇസ്രയേലും ഹമാസും പരസ്പരം കുറ്റപ്പെടുത്തുന്നതിനിടെയാണ് ഈ പുതിയ സംഘർഷങ്ങൾ. 2023 ഒക്ടോബറിൽ യുദ്ധം ആരംഭിച്ചത് മുതൽ ഇതുവരെ 72,500ലധികം പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ഇതിൽ ഭൂരിഭാഗവും സാധാരണക്കാരാണ്. 



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home