ad
Deshabhimani

ബെയ്‌റൂട്ടിൽ വീണ്ടും വ്യോമാക്രമണം; റദ്വാൻ സേന കമാൻഡർ കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ

Lebanon Attack

തെക്കൻ ലെബനനിൽ ഇസ്രയേൽ ബോംബാക്രമണത്തെത്തുടർന്ന് പുക ഉയരുന്നു | Photo Credit: JALAA MAREY / AFP

വെബ് ഡെസ്ക്

Published on May 07, 2026, 03:56 PM | 1 min read

ബെയ്‌റൂട്ട് : വെടിനിർത്തൽ കരാറിന് ശേഷം ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ടിൽ ഇസ്രയേൽ നടത്തിയ ആദ്യ വ്യോമാക്രമണത്തിൽ ഹിസ്ബുള്ളയുടെ റദ്വാൻ സേന കമാൻഡർ കൊല്ലപ്പെട്ടു. ബുധനാഴ്ച ബെയ്‌റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നടന്ന ആക്രമണത്തിലാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ സൈന്യം വ്യാഴാഴ്ച അറിയിച്ചു.


പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സും സംയുക്ത പ്രസ്താവനയിലൂടെയാണ് വിവരം പുറത്തുവിട്ടത്. എന്നാൽ ഹിസ്ബുള്ളയുടെ ഭാഗത്തുനിന്ന് ഇതിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.


ബെയ്‌റൂട്ടിലെ ആക്രമണങ്ങൾ അവസാനിപ്പിച്ച വെടിനിർത്തൽ കരാറിന് പുതിയ നീക്കം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ലിറ്റാനി നദിക്ക് തെക്ക് ഇസ്രയേൽ സൈന്യം നിലയുറപ്പിച്ചിരിക്കുന്നതും ആക്രമണങ്ങൾ തുടരുന്നതും സ്ഥിതിഗതികൾ വഷളാക്കുന്നു. ഇസ്രയേൽ സൈനികർക്ക് നേരെ ഹിസ്ബുള്ള ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് തിരിച്ചടിക്കുന്നുണ്ട്. ലിറ്റാനി നദിക്ക് വടക്കുള്ള ഗ്രാമങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകാണമെന്ന് ഇസ്രയേൽ ബുധനാഴ്ച ആവശ്യപ്പെട്ടത് സൈനിക നടപടികൾ വ്യാപിപ്പിക്കുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.


നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ അംബാസഡർ തലത്തിലാണ് ചർച്ചകൾ നടക്കുന്നത്. ഏപ്രിൽ 23ന് വെടിനിർത്തൽ മൂന്നാഴ്ചത്തേക്ക് കൂടി നീട്ടിയപ്പോൾ ഉടൻ സമാധാന കരാറിലെത്താൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ നീക്കങ്ങളെ ഹിസ്ബുള്ള ശക്തമായി എതിർക്കുകയാണ്. മാർച്ച് 2ന് ആരംഭിച്ച യുദ്ധത്തിൽ ലെബനനിൽ ഇതുവരെ 2,700ലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയെ വലിയൊരു യുദ്ധത്തിന്റെ നിഴലിലാക്കി സംഘർഷം തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home