യുഎസ്-ഇറാൻ ചർച്ച: ഇസ്ലാമാബാദിൽ രണ്ട് ദിവസത്തെ പ്രാദേശിക അവധി

യുഎസ്-ഇറാൻ ചർച്ചയ്ക്ക് മുന്നോടിയായി ഇസ്ലാമാബാദിലെ റെഡ് സോണിൽ എത്തിയ സുരക്ഷാഉദ്യോഗസ്ഥർ | Photo: AFP
ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയാകുന്നതിന് മുന്നോടിയായി വ്യാഴാഴ്ച മുതൽ തലസ്ഥാന നഗരത്തിൽ രണ്ട് ദിവസത്തെ പ്രാദേശിക അവധി പാകിസ്ഥാൻ പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തലിനായി ഉപാധികൾ സ്ഥിരീകരിക്കുക എന്ന ലക്ഷ്യത്തോടെ യുഎസും ഇറാനും തമ്മിൽ നേരിട്ടുള്ള ചർച്ച ഇസ്ലാമാബാദിൽ ശനിയാഴ്ചയാണ് നടക്കുന്നത്.
ബുധനാഴ്ച വൈകി ഇസ്ലാമാബാദ് ജില്ലാ ഭരണകൂടം പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ അവധിക്കുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഉന്നതതല നയതന്ത്ര പരിപാടികൾക്ക് മുന്നോടിയായി സുരക്ഷാ കാരണങ്ങളാൽ അവധിയോ നിയന്ത്രണങ്ങളോ പ്രഖ്യാപിക്കുന്നത് പാകിസ്ഥാനിൽ പതിവാണ്.
വ്യാഴം, വെള്ളി ദിവസങ്ങളിലെ അവധി ഇസ്ലാമാബാദിൽ മാത്രമാണ് ബാധകമെന്ന് ജില്ലാ കമീഷണർ പുറത്തിറക്കിയ നോട്ടീസിൽ പറയുന്നു. അതേസമയം പൊലീസ്, ആശുപത്രികൾ, വൈദ്യുതി, ഗ്യാസ് വിതരണം തുടങ്ങിയ അത്യാവശ്യ സേവന വിഭാഗങ്ങൾ പ്രവർത്തിക്കുമെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, സൈനികമേധാവി അസിം മുനീർ എന്നിവരുടെ മധ്യസ്ഥതയാണ് കൂടിക്കാഴ്ചയ്ക്ക് വഴിയൊരുക്കിയത്. ചർച്ചകൾക്കായി എത്തുന്ന ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും പാകിസ്ഥാൻ വിസ ചട്ടങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്.
യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രതിനിധി സ്‌റ്റീവ് വിറ്റ്‌കോഫ്, മരുമകൻ ജാരെഡ് കുഷ്നർ, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഖാലിബാഫ്, വിദേശമന്ത്രി അബ്ബാസ് അരാഗ്‌ചി എന്നിവരാണ് ഇസ്ലാമാബാദിലെ സെറീന ഹോട്ടലിൽ ചർച്ചയിൽ പങ്കെടുക്കുക.
എന്നാൽ, ചർച്ചകൾക്കായി ഇറാൻ പ്രതിനിധി സംഘം ഇതുവരെ പുറപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇറാൻ ആസ്ഥാനമായുള്ള സെന്റർ ഫോർ മിഡിൽ ഈസ്റ്റ് സ്ട്രാറ്റജിക് സ്റ്റഡീസിലെ സീനിയർ റിസർച്ച് ഫെലോ അബാസ് അസ്ലാനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലബനനുനേരെയുള്ള ഇസ്രായേൽ ആക്രമണം തുടരുന്നിടത്തോളം ഇസ്ലാമാബാദിൽ ചർച്ചകൾ നടത്തില്ലെന്നാണ് ഇറാൻ്റെ നിലപാടെന്നും അസ്ലാനി പറഞ്ഞു.










0 comments