Deshabhimani

print edition ഇസ്രയേലിൽ ഐസൻകോട്ട് 
അധികാരത്തിലേക്ക്‌

isancot.
വെബ് ഡെസ്ക്

Published on Nov 07, 2026, 01:57 AM | 1 min read

ടെൽ അവീവ്‌: ഇസ്രയേലിൽ ബെന്യമിൻ നെതന്യാഹുവിന്റെ ഭരണത്തിന്‌ അന്ത്യംകുറിച്ച്‌ അറബ് പാർടികളുടെ പിന്തുണയോടെ പ്രതിപക്ഷനേതാവും മുൻ സൈനികമേധാവിയുമായ ഗാദി ഐസൻകോട്ട് അധികാരത്തിലേക്ക്. 120 അംഗ നെസെറ്റിലെ 67 അംഗങ്ങൾ പിന്തുണയ്ക്കും. രണ്ട് അറബ് പാർടികളുടെ 19 സീറ്റുകളാണ്‌ സർക്കാർ ര‍ൂപീകരണത്തിന്‌ പിൻബലമാകുക. അറബ് പാർടികളുമായി ചേർന്ന് സർക്കാർ ഉണ്ടാക്കില്ലെന്ന് നെതന്യാഹുവും ഐസൻകോട്ടും മുന്പ്‌ പറഞ്ഞിരുന്നു. എന്നാൽ, നെതന്യാഹുവിനെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ രണ്ട് അറബ് പാർടികളും ഐസൻകോട്ടിന് പിന്തുണ വാഗ്ദാനം ചെയ്യുകയായിരുന്നു.

ഞായറാഴ്ചയ്ക്കകം അടുത്ത സർക്കാരുണ്ടാക്കാൻ പ്രതിനിധികളെ നിർദ്ദേശിക്കുമെന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് പ്രഖ്യാപിച്ചു. തെരഞ്ഞെടുക്കപ്പെട്ട പാർടിപ്രതിനിധികളുമായി വ്യാഴാഴ്ച നടത്തിയ ചർച്ചകൾക്കൊടുവിലാണ് പ്രസിഡന്റ് ഹെർസോഗ് നിർണായക പ്രഖ്യാപനം നടത്തിയത്. ​ഒക്ടോബർ 27-ന് നടന്ന തെരഞ്ഞെടുപ്പിൽ നെതന്യാഹുവിനോ ഐസൻകോട്ടിനോ വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. നെതന്യാഹുവിന്റെ ലികുഡ് പാർടി 27 സീറ്റുകൾ നേടി വലിയ ഒറ്റക്കക്ഷിയായെങ്കിലും അദ്ദേഹത്തിന്റെ തീവ്രവലതുപക്ഷ- ജൂതസഖ്യത്തിന് 53 സീറ്റുമാത്രമേ നേടാനായുള്ളൂ. അതേസമയം, മധ്യ-ഇടതുപക്ഷവും വലതുപക്ഷവും ചേർന്ന ഐസൻകോട്ടിന്റെ സഖ്യം 48 സീറ്റുനേടി. ദീർഘകാല സഖ്യകക്ഷിയും പ്രധാന തീവ്ര-യാഥാസ്ഥിതിക പാർടിയുമായ യുണൈറ്റഡ് തോറ ജൂഡായിസം ഇത്തവണ നെതന്യാഹുവിനെ പിന്തുണച്ചിരുന്നില്ല.

പ്രസിഡന്റ് നാമനിർദേശം ചെയ്യുന്ന പാർടിക്ക് സർക്കാരുണ്ടാക്കാൻ 28 ദിവസം ലഭിക്കും. ആവശ്യമെങ്കിൽ 14 ദിവസം നീട്ടിനൽകും. അതേസമയം, അറബ് പാർടികൾ വോട്ടുതട്ടിപ്പ് നടത്തിയെന്ന നെതന്യാഹുവിന്റെ ആരോപണം സെൻട്രൽ ഇലക്‌ഷൻ കമ്മിറ്റി തള്ളി. തെരഞ്ഞെടുപ്പ് സുതാര്യമായിരുന്നുവെന്നും ജനങ്ങളുടെ വിശ്വാസ്യത സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home