Deshabhimani

സിനിമയുടെ പേരും ഇനി സെൻസർ ബോർഡ് തീരുമാനിക്കും; പുതിയ മാർഗനിർദേശത്തിനെതിരെ കേരള ഫിലിം ചേംബർ

cinema cbfc
വെബ് ഡെസ്ക്

Published on Nov 08, 2026, 09:03 PM | 2 min read

കൊച്ചി: സിനിമകളുടെ ഉള്ളടക്കത്തിലും സംഭാഷണങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി നിരന്തരം വിവാദത്തിലാകുന്ന കേന്ദ്ര സെൻസർ ബോർഡ്, ഇനി പേരിടുന്നതിലും പിടിമുറുക്കും. സിനിമയ്ക്ക് അണിയറപ്രവർത്തകർ നൽകുന്ന പേര് അന്തിമമല്ലെന്നും ആവശ്യമെങ്കിൽ മാറ്റം നിർദേശിക്കാമെന്നുമാണ് പുതിയ മാർഗനിർദേശം. ഇതിനെതിരെ കേരള ഫിലിം ചേംബർ രംഗത്തെത്തി. നിർദേശം പുനഃപരിശോധിക്കണമെന്നാണ് ആവശ്യം. മതവിശ്വാസങ്ങളുടെയും രാഷ്ട്രീയ നിലപാടുകളുടെയും പേരിൽ സിനിമകളിൽ ഇടപെടുന്നതായി നേരത്തെ വിമർശനം നേരിട്ട സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷന്റെ (സിബിഎഫ്‌സി) പുതിയ നീക്കം സൃഷ്ടിസ്വാതന്ത്ര്യത്തിനുമേലുള്ള മറ്റൊരു കടന്നുകയറ്റമാകും


ഒക്ടോബർ 26ന് പുറത്തിറക്കിയ മാർഗനിർദേശപ്രകാരം സിനിമയുടെ പോസ്റ്ററുകളിലും ടീസറുകളിലും ട്രെയിലറുകളിലും ഉപയോഗിച്ച പേര് സെൻസർ ബോർഡ് അംഗീകരിച്ചതായി കണക്കാക്കാനാവില്ല. സിനിമ പരിശോധിക്കുന്ന സമിതിക്കും പുനഃപരിശോധനാ സമിതിക്കും പേരിൽ മാറ്റം നിർദേശിക്കാം. സംവിധായകനും തിരക്കഥാകൃത്തും നിർമാതാവും ചേർന്ന് സിനിമയുടെ പ്രമേയത്തിനും കഥാപാത്രങ്ങൾക്കും അനുയോജ്യമായി തീരുമാനിച്ച പേര് പോലും പ്രദർശനാനുമതി ലഭിക്കുന്ന ഘട്ടത്തിൽ മാറ്റേണ്ടിവരാമെന്നതാണ് സ്ഥിതി.


സിനിമയുടെ പേര് തീരുമാനിച്ച് രജിസ്റ്റർ ചെയ്തശേഷമാണ് സാധാരണയായി ചിത്രീകരണവും പ്രചാരണ പ്രവർത്തനങ്ങളും ആരംഭിക്കുന്നത്. പോസ്റ്ററുകൾ, ടീസറുകൾ, ട്രെയിലറുകൾ, പരസ്യങ്ങൾ എന്നിവയിലൂടെ ആ പേര് പ്രേക്ഷകരിലെത്തും. നിർമാണത്തിന്റെ അവസാനഘട്ടത്തിൽ സെൻസർ ബോർഡ് പേര് മാറ്റാൻ ആവശ്യപ്പെട്ടാൽ പ്രചാരണ പ്രവർത്തനങ്ങൾ വീണ്ടും നടത്തേണ്ടിവരും. ഇത് നിർമാതാക്കൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്ന് കേരള ഫിലിം ചേംബർ ചൂണ്ടിക്കാട്ടി.


പുതിയ നിർദേശം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സോണി തോമസ് ജോൺ സെൻസർ ബോർഡ് സിഇഒ രാജേന്ദ്ര സിങ്ങിന് കത്തയച്ചു. സിനിമയുടെ പേര് അവസാനനിമിഷം മാറ്റേണ്ടിവരുന്നത് നിർമാതാക്കളെ പ്രതിസന്ധിയിലാക്കുമെന്ന് കത്തിൽ വ്യക്തമാക്കി.


ചിത്രീകരണവും എഡിറ്റിങ്ങും പശ്ചാത്തലസംഗീതവും ശബ്ദമിശ്രണവും ഗ്രാഫിക്സും ഉൾപ്പെടെ എല്ലാ ജോലികളും പൂർത്തിയായ സിനിമകൾ മാത്രമേ ഇനി സർട്ടിഫിക്കേഷനായി സമർപ്പിക്കാവൂ എന്നും പുതിയ മാർഗനിർദേശത്തിലുണ്ട്. റിലീസ് തീയതി നേരത്തെ പ്രഖ്യാപിച്ചതിന്റെ പേരിൽ പരിശോധനാ നടപടികൾ വേഗത്തിലാക്കില്ലെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.


സിനിമയുടെ ഉള്ളടക്കം പരിശോധിച്ച് പ്രദർശന സർട്ടിഫിക്കറ്റ് നൽകേണ്ട സ്ഥാപനത്തിന്റെ ഇടപെടലുകൾ പലപ്പോഴും സൃഷ്ടിപരമായ തീരുമാനങ്ങളിലേക്കും വ്യാപിക്കുന്നതായി വിമർശനമുണ്ട്. നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് സംഘപരിവാർ രാഷ്ട്രീയത്തിന്റെ കാഴ്ചപ്പാടുകൾ സിനിമാ സർട്ടിഫിക്കേഷനിലും പ്രതിഫലിക്കുന്നുവെന്ന ആരോപണം സിനിമാപ്രവർത്തകരും വിമർശകരും നേരത്തെ ഉന്നയിച്ചിട്ടുണ്ട്. ചരിത്രവും മതവും ജാതിവ്യവസ്ഥയും ഭരണകൂടത്തിന്റെ നടപടികളും വിഷയമാക്കുന്ന സിനിമകൾ നേരിട്ട സെൻസർഷിപ്പ് വിവാദങ്ങൾ ഈ വിമർശനത്തിന് ആക്കംകൂട്ടിയിരുന്നു.


പഞ്ചാബിലെ മനുഷ്യാവകാശ പ്രവർത്തകൻ ജസ്വന്ത് സിങ് ഖൽറയുടെ ജീവിതത്തെ ആസ്പദമാക്കിയ 'പഞ്ചാബ് 95' ഇതിന്റെ പ്രധാന ഉദാഹരണങ്ങളിലൊന്നാണ്. ദിൽജിത് ദോസാഞ്ജ് നായകനായ ചിത്രത്തിൽ 127 മാറ്റങ്ങളാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. കഥാപാത്രങ്ങളുടെയും സ്ഥലങ്ങളുടെയും പേരുകളടക്കം മാറ്റണമെന്ന ആവശ്യത്തിനെതിരെ അണിയറപ്രവർത്തകർ രംഗത്തെത്തി. പിന്നീട് 'സത്‌ലുജ്' എന്ന് പേരുമാറ്റിയ ചിത്രത്തിന്റെ ഇന്ത്യയിലെ പ്രദർശനവും വലിയ വിവാദമായി. ഭരണകൂട നടപടികളെ വിമർശനാത്മകമായി അവതരിപ്പിക്കുന്ന സിനിമകൾക്ക് പ്രദർശനാനുമതി ലഭിക്കാൻ പോലും കടുത്ത പ്രതിസന്ധി നേരിടേണ്ടിവരുന്നുവെന്ന ആരോപണമാണ് ഇതോടെ ശക്തമായത്.


അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധേയമായ 'സന്തോഷ്' എന്ന ചിത്രത്തിനും ഇന്ത്യയിൽ പ്രദർശനാനുമതി ലഭിച്ചിരുന്നില്ല. പൊലീസ് അതിക്രമങ്ങളും ജാതിവിവേചനവും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും പ്രമേയമാക്കിയ ചിത്രത്തിൽ വ്യാപകമായ മാറ്റങ്ങളാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടത്. ഈ മാറ്റങ്ങൾ അംഗീകരിക്കാൻ സംവിധായിക സന്ധ്യ സൂരി തയ്യാറായില്ല. 'ഫുലെ', 'എൽ2: എമ്പുരാൻ' തുടങ്ങിയ ചിത്രങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളും സിനിമയിലെ രാഷ്ട്രീയ ഉള്ളടക്കത്തിനുമേലുള്ള സമ്മർദങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.


മലയാളത്തിൽ 'ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന ചിത്രത്തിന്റെ പേരിനെച്ചൊല്ലിയുണ്ടായ തർക്കവും ഇതേ പശ്ചാത്തലത്തിൽ ശ്രദ്ധേയമാണ്. ജാനകി എന്നത് സീതാദേവിയുടെ മറ്റൊരു പേരാണെന്ന കാരണത്താൽ ചിത്രത്തിന്റെ പേരിലും സംഭാഷണങ്ങളിലും സെൻസർ ബോർഡ് മാറ്റങ്ങൾ ആവശ്യപ്പെട്ടിരുന്നു. വിഷയം ഹൈക്കോടതിയിലെത്തിയതോടെ 'ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങിയത്. മതവിശ്വാസത്തിന്റെ പേരിൽ കഥാപാത്രത്തിന്റെ പേര് പോലും ചോദ്യംചെയ്യപ്പെടുന്നത് സിനിമയുടെ സൃഷ്ടിസ്വാതന്ത്ര്യത്തിന് ഭീഷണിയാണെന്ന വിമർശനം അന്നുതന്നെ ഉയർന്നിരുന്നു.


ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെയാണ് സിനിമയുടെ പേര് മാറ്റാൻ നിർദേശിക്കാനുള്ള അധികാരം പുതിയ മാർഗനിർദേശത്തിലൂടെ സെൻസർ ബോർഡ് വീണ്ടും വ്യക്തമാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home