ന്യൂസിലൻഡിനെതിരെ തിളങ്ങി ഗുർനൂർ ബ്രാർ; ഇന്ത്യൻ പേസ് നിരയിലെ പുതിയ പ്രതീക്ഷ

ഗുർനൂർ ബ്രാർ| Photo: PTI
വെല്ലിങ്ടൺ : ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ മികച്ച ബൗളിങ് പ്രകടനവുമായി ഇന്ത്യൻ യുവ പേസർ ഗുർനൂർ ബ്രാർ തിളങ്ങി. ആദ്യ രണ്ട് മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ താരം ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. ബുംറയ്ക്ക് പിന്നാലെ ഇന്ത്യൻ പേസ് നിരയിൽ പുതിയ പ്രതീക്ഷയായി ഗുർനൂർ മാറി. താരത്തിന്റെ ബൗളിങ് മികവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയും രംഗത്തെത്തി.
ഗുർനൂറിന്റെ ഉയരവും പന്തിൽ കൂടുതൽ ബൗൺസ് കണ്ടെത്താനുള്ള കഴിവുമാണ് ന്യൂസിലൻഡ് ബാറ്റർമാർക്ക് വെല്ലുവിളിയാകുന്നതെന്ന് ചോപ്ര വിലയിരുത്തി. ഉയർന്ന പൊസിഷനിൽനിന്ന് പന്ത് എറിയുന്ന താരത്തിന്റെ ഹാർഡ് ലെങ്തിലെ കൃത്യതയും ബാറ്റർമാരെ കുഴപ്പിക്കുന്നു.
പിച്ച് ചെയ്തശേഷം അപ്രതീക്ഷിതമായി ഉയരുന്ന പന്തുകൾ നേരിടാൻ ബാറ്റർമാർ പ്രയാസപ്പെടുകയാണ്. പന്തിന്റെ ബൗൺസും ദിശയും കൃത്യമായി
കണക്കുകൂട്ടാൻ ബാറ്റർമാർക്ക് കഴിയുന്നില്ലെന്നും ചോപ്ര ചൂണ്ടിക്കാട്ടി.
ആദ്യ ഏകദിനത്തിൽ 9.2 ഓവറിൽ 44 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. രണ്ടാം മത്സരത്തിൽ 10 ഓവറിൽ രണ്ട് മെയ്ഡനടക്കം 30 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റും സ്വന്തമാക്കി. ടോം ലാഥം, ഗ്ലെൻ ഫിലിപ്സ് എന്നിവരെ ഒരേ ഓവറിൽ ഷോർട്ട് പിച്ച് പന്തുകളിലൂടെ പുറത്താക്കിയ താരം പിന്നീട് മിച്ചൽ സാന്റ്നറുടെയും നഥാൻ സ്മിത്തിന്റെയും വിക്കറ്റുകളും വീഴ്ത്തി. ഏകദിനത്തിലെ കരിയറിലെ മികച്ച ബൗളിങ് പ്രകടനവും ഇതോടെ സ്വന്തമായി.
ന്യൂസിലൻഡിനെതിരായ രണ്ടാം മത്സരത്തിൽ താരത്തിന്റെ മികവിൽ ആതിഥേയർ 41 ഓവറിൽ 134 റൺസിന് പുറത്തായി. ന്യൂസിലൻഡിലെ സാഹചര്യങ്ങൾ ഗുർനൂറിന്റെ ബൗളിങ്ങിന് കൂടുതൽ അനുകൂലമാകുന്നുണ്ട്. ഉയരവും വേഗവും ബൗൺസും ഫലപ്രദമായി ഉപയോഗിക്കുന്ന യുവതാരത്തിന്റെ പ്രകടനം ഇന്ത്യൻ പേസ് നിരയ്ക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.








0 comments