എഐ മേഖലയിലെ ലക്ഷം കോടി ഡോളർ നിക്ഷേപം; തിരിച്ചുപിടിക്കുക പ്രയാസമെന്ന് ഗീത ഗോപിനാഥ്

ന്യൂഡൽഹി : നിർമിതബുദ്ധി (എഐ) മേഖലയിൽ ലോകമെമ്പാടും നടക്കുന്ന വൻ നിക്ഷേപങ്ങൾ സാമ്പത്തിക പ്രതിസന്ധിക്ക് വഴിയൊരുക്കിയേക്കുമെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധയും അന്താരാഷ്ട്ര നാണയനിധി (ഐഎംഎഫ്) മുൻ ചീഫ് ഇക്കണോമിസ്റ്റുമായ ഗീത ഗോപിനാഥ്. 2026ൽ ആഗോളതലത്തിൽ എഐ മേഖലയിൽ ഏകദേശം ഒരു ട്രില്യൺ ഡോളറിന്റെ (ഒരു ലക്ഷം കോടി ഡോളർ) നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. ഇത്രയും വലിയ തുക നിക്ഷേപിക്കുന്ന കമ്പനികൾക്ക് അതിനനുസരിച്ചുള്ള വരുമാനവും ലാഭവും നേടാനായില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങളുണ്ടാകുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു. രാജ് ഷമാനിയുടെ പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു അവർ.
അമേരിക്ക, ദക്ഷിണ കൊറിയ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് എഐയുടെ അതിവേഗ വളർച്ച വലിയ ഉണർവാണ് നൽകുന്നത്. എഐ ചിപ്പുകൾക്കും അനുബന്ധ സാങ്കേതികവിദ്യകൾക്കുമുള്ള ആവശ്യകത വർധിച്ചതോടെ ദക്ഷിണ കൊറിയയുടെയും തായ്‌വാന്റെയും സാമ്പത്തിക വളർച്ച ഗണ്യമായി ഉയർന്നു. എഐ മേഖലയിലെ നിക്ഷേപം അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെയും പിന്തുണയ്ക്കുന്നുണ്ട്.
എന്നാൽ എഐ കമ്പനികൾ തമ്മിലുള്ള സാമ്പത്തിക ബന്ധം വലിയ അപകടങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുണ്ടെന്ന് ഗീത ഗോപിനാഥ് പറഞ്ഞു. പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന കമ്പനികളിലൊന്നിന് വലിയ തിരിച്ചടിയുണ്ടായാൽ അതിന്റെ ആഘാതം മറ്റ് കമ്പനികളിലേക്കും വ്യാപിക്കാം. എഐ മേഖലയിലെ ഓഹരിവിലകളിൽ വലിയ ഇടിവുണ്ടായാൽ അമേരിക്കയുടെ സാമ്പത്തിക വളർച്ച പൂജ്യത്തിലേക്കോ നെഗറ്റീവ് നിലയിലേക്കോ താഴ്ന്നേക്കാമെന്നും ഇത് അമേരിക്കയെ സാമ്പത്തിക മാന്ദ്യത്തിലേക്ക് നയിച്ചേക്കാമെന്നും ഗീത ഗോപിനാഥ് പറയുന്നു.








0 comments