ad
Deshabhimani

ഹോർമുസ് കടലിടുക്കിൽ സംഘർഷം കടുക്കുന്നു: യുഎസ് പ്രകോപനം തുടരുന്നതായി ഇറാൻ

Abbas Aragchi.

അബ്ബാസ് അറാഗ്ചി (Photo Credit:The Hindu)

വെബ് ഡെസ്ക്

Published on May 09, 2026, 06:38 AM | 1 min read

തേഹ്‌റാൻ : നയതന്ത്ര പരിഹാരങ്ങൾ ചർച്ചയാകുമ്പോഴെല്ലാം അമേരിക്ക അവിവേകപൂർണ്ണമായ സൈനിക സാഹസങ്ങൾക്ക് മുതിരുകയാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. ഹോർമുസ് കടലിടുക്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടൽ രൂക്ഷമാകുന്നതിനിടെയാണ് യുഎസിനെതിരെ കടുത്ത വിമർശനവുമായി ഇറാൻ രംഗത്തെത്തിയത്. സമ്മർദ്ദങ്ങൾക്ക് ഇറാൻ ഒരിക്കലും വഴങ്ങില്ലെന്ന് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ അറാഗ്ചി വ്യക്തമാക്കി.


യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ആരോ വീണ്ടും കെണിയിൽപ്പെടുത്തിയതാണോ അതോ ഇതൊരു സമ്മർദ്ദ തന്ത്രമാണോ എന്നും അദ്ദേഹം ചോദിച്ചു. വെള്ളിയാഴ്ച ഇറാനിയൻ തുറമുഖത്തേക്ക് പ്രവേശിക്കാൻ ശ്രമിച്ച രണ്ട് ഇറാനിയൻ എണ്ണക്കപ്പലുകൾ യുഎസ് സേന തകർത്തിരുന്നു. യുഎസ് ഏർപ്പെടുത്തിയ ഉപരോധം ലംഘിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി. നിലവിൽ എഴുപതിലധികം ടാങ്കറുകൾ ഇറാനിയൻ തുറമുഖങ്ങളിൽ പ്രവേശിക്കുന്നതോ പുറത്തുപോകുന്നതോ യുഎസ് തടഞ്ഞു.


അതേസമയം, ഹോർമുസ് കടലിടുക്കിൽ ഇറാൻ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് (സെന്റകോം) ആരോപിച്ചു. എന്നാൽ ഇറാനിയൻ എണ്ണക്കപ്പലുകളെ ലക്ഷ്യമിട്ട് അമേരിക്കയാണ് ആദ്യം വ്യോമാക്രമണം നടത്തിയതെന്ന് ഇറാൻ സൈനിക നേതൃത്വം തിരിച്ചടിച്ചു. മിനാബ് തീരത്തിന് സമീപം ചരക്ക് കപ്പലിന് തീപിടിക്കുകയും പത്തോളം നാവികർക്ക് പരിക്കേൽക്കുകയും ചെയ്തു.


സംഘർഷം നിലനിൽക്കുന്നുണ്ടെങ്കിലും വെടിനിർത്തൽ കരാർ ലംഘിക്കപ്പെട്ടിട്ടില്ലെന്നാണ് ട്രംപിന്റെ വാദം. ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ വരും ദിവസങ്ങളിൽ നടക്കാനിരിക്കെയാണ് ഈ പുതിയ സംഭവവികാസങ്ങൾ. ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം വെള്ളിയാഴ്ച ഉണ്ടാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോർമുസ് കടലിടുക്കിലെ ഗതാഗത തടസ്സം ആഗോള വിപണിയിൽ ഇന്ധനവില കുതിച്ചുയരാൻ കാരണമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home