ad
Deshabhimani

ഇറാന്റെ മിസൈൽ ഡോളറിന് നേരെ; അത് ട്രംപിനെയും കൊണ്ടായിരിക്കും പോവുക: ഡോ. തോമസ് ഐസക്

trump isaac
വെബ് ഡെസ്ക്

Published on Mar 17, 2026, 04:45 PM | 2 min read

തിരുവനന്തപുരം : ഇറാന്റെ പുതിയ മിസൈൽ സൈനിക താവളങ്ങൾക്ക് നേരെയല്ല, മറിച്ച് ഡോളറിനു നേരെയാണെന്ന് ഡോ. ടി എം തോമസ് ഐസക്. ആദ്യമായിട്ടാണ് ഒരു രാജ്യം യുദ്ധമുറയുടെ ഭാഗമായി ഡോളറിനെ ഉന്നംവയ്ക്കുന്നതെന്നും അദ്ദേഹം പറയുന്നു.


ആഗോള എണ്ണ കമ്പോളം ഇനിയും ഞെരുങ്ങുവാൻ പോവുകയാണെന്നും ഒരുപക്ഷേ, അത് ട്രംപിനെയും കൊണ്ടായിരിക്കും പോവുകയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. കഴിഞ്ഞദിവസം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് ഡോ. ടി എം തോമസ് ഐസക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:


ഇറാന്റെ പുതിയ മിസൈൽ സൈനിക താവളങ്ങൾക്കു നേരെയല്ല. ഡോളറിനു നേരെയാണ്. ആദ്യമായിട്ടാണ് ഒരു രാജ്യം യുദ്ധമുറയുടെ ഭാഗമായി ഡോളറിനെ ഉന്നംവയ്ക്കുന്നത്.

ഇറാൻ ഇപ്പോൾ തന്നെ ചൈനയ്ക്ക് എണ്ണ വിറ്റുകൊണ്ടിരിക്കുന്നത് യുവാനിലാണ്. ഇന്ത്യയ്ക്ക് വിറ്റുകൊണ്ടിരുന്നത് രൂപയിലും. ഡോളറിൽ വില പറയുന്നതും വിൽക്കുന്നതും അവസാനിപ്പിച്ചിട്ടു കുറേനാളായി. പക്ഷേ, അതുകൊണ്ടൊന്നും ഡോളർ കുലുങ്ങില്ല. കാരണം, ആഗോള എണ്ണ ഉല്പാദനത്തിന്റെ 4-4.5 ശതമാനമേ ഇറാന്റെ ഉല്പാദനം വരൂ.

പക്ഷേ, പേർഷ്യൻ-ഗൾഫ് രാജ്യങ്ങൾ മുഴുവൻ അവരുടെ എണ്ണ വിൽപ്പന ഡോളറിൽ നിന്ന് യുവാനിലേക്ക് മാറ്റിയാലോ? കളിമാറും. ലോക എണ്ണ ഉല്പാദനത്തിന്റെ ഏതാണ്ട് 30 ശതമാനം വരുമിത്. 1971-ൽ കീസിംങർ സൗദി രാജാവുമായിട്ട് പെട്രോൾ - ഡോളർ ഉടമ്പടി ഉണ്ടാക്കിയശേഷം അറബ് രാജ്യങ്ങൾ എണ്ണ മുഴുവൻ വിറ്റുകൊണ്ടിരുന്നത് ഡോളറിലാണ്.

എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ ഇതിനുവേണ്ടി ഡോളർ സമ്പാദിച്ചേ മതിയാകൂ. അറബ് രാജ്യങ്ങളാകട്ടെ, തങ്ങൾക്ക് കിട്ടുന്ന ഡോളർ മുഴുവൻ അമേരിക്കൻ കടപ്പത്രങ്ങളിൽ നിക്ഷേപിക്കുകയാണ് പതിവ്. പെട്രോളിനെ അടിസ്ഥാനമാക്കിയുള്ള ഡോളറിന്റെ ഈ ഡിമാന്റ് ഡോളറിന്റെ ആഗോള മേധാവിത്വം നിലനിർത്തുന്നതിൽ ഒരു പ്രധാനപ്പെട്ട ഘടകമാണ്. ഏതാണ്ട് 50 ശതമാനം വിദേശ കരുതൽ ശേഖരം ഇപ്പോഴും ഡോളറിലാണ്. ഏതാണ്ട് 80 ശതമാനം വിദേശ വിനിമയവും ഡോളറിലാണ്.

അമേരിക്കയുടെ സാമ്പത്തികശക്തിയുടെ പ്രധാന ഏജൻസി ഡോളർ നാണയ വ്യവസ്ഥയാണ്. ആവശ്യാനുസരണം ഡോളർ അമേരിക്കൻ കമ്മട്ടത്തിൽ അച്ചടിക്കാം, ചെലവഴിക്കാം, മറ്റു രാജ്യങ്ങളും കോർപ്പറേറ്റുകളും അതുവാങ്ങി സമ്പാദിച്ചുകൊള്ളും. ഡോളർ ആധിപത്യത്തെ വെല്ലുവിളിക്കാൻ ചില ശ്രമങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. ഇറാക്കിന്റെ സദ്ദാം ഹുസൈനും ലിബിയയുടെ ഗദ്ദാഫിക്കും ജീവൻകൊണ്ട് ഇതിനു വില കൊടുക്കേണ്ടിവന്നു.

ബ്രിക്സ് രാജ്യങ്ങൾ തമ്മിൽ തമ്മിലുള്ള ഇടപാടിന് ഡോളറിനെ ഒഴിവാക്കാൻ ഒന്നു ചിന്തിച്ചതേയുള്ളൂ. കുപിതനായ ട്രംപ് ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ചൈന മാത്രം കുലുങ്ങിയില്ല. ബ്രസീലിന്റെ ലുലു ഇപ്പോഴും പുതിയ നാണയത്തെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഒറ്റയ്ക്കു നടപടിയെടുക്കാനുള്ള ശേഷിയില്ല. റഷ്യയാകട്ടെ അമേരിക്കൻ ഉപരോധത്തിലുമാണ്.

ഇത്തരമൊരു സന്ദർഭത്തിലാണ് ഇറാന്റെ ഭീഷണി. 80 ശതമാനം മദ്ധ്യേഷ്യയിലെ എണ്ണയും പോകുന്നത് ഹോർമൂസ് കടലിടുക്കിലൂടെയാണ്. ഈ കപ്പൽ മാർഗം ഇറാൻ അടച്ചിരിക്കുകയുമാണ്. സിഎൻഎൻ ടെലിവിഷനോട് ഇറാനിയൻ ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയ കാര്യമാണ് ആഗോള സമ്പദ്ഘടനയിൽ ഭൂമികുലുക്കം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഹോർമൂസ് കടലിടുക്ക് മാർഗം തുറന്നു കൊടുക്കാം. പക്ഷേ, ആ കപ്പലിലെ എണ്ണ ചൈനീസ് നാണയത്തിൽ വേണം വിൽപ്പന നടത്താൻ. ചൈനക്കാർ ഇതു സംബന്ധിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഇറാൻ ഇപ്പോഴും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ, അൽജസീറ ടെലിവിഷൻ ഈ വാർത്ത ടെലികാസ്റ്റ് ചെയ്തിട്ടുണ്ട്.

ഈ ഭീഷണി ഫലവത്തായാൽ കഴിഞ്ഞ അരനൂറ്റാണ്ടിനുള്ളിൽ ഡോളർ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ആയിരിക്കുമിത്. ഡോളർ തകരുമെന്ന് ആരും പ്രതീക്ഷിക്കണ്ട. പക്ഷേ, അവസാനത്തേതിന്റെ ആരംഭമായിരിക്കും. കടുവയെ കിടുവ പിടിച്ചൂവെന്ന് പറഞ്ഞാൽ മതിയല്ലോ.

ഇപ്പോൾ ട്രംപിന് ഭ്രാന്തുപിടിച്ചമട്ടാണ്. ഹിറ്റ്ലർ പോലും കൂട്ടക്കൊല നടത്തുമ്പോൾ ട്രംപിനെപ്പോലെ അർമാദിച്ചിട്ടില്ല. കീഴടങ്ങിയില്ലെങ്കിൽ ഇതുവരെ നടത്തിയതിന്റെ 20 ഇരട്ടി ശേഷിയിൽ കടന്നാക്രമിക്കുമെന്ന ഭീഷണി ഇന്നലെ നടപ്പാക്കിയിരിക്കുകയാണ്. ഖാർഗ് ദ്വീപിനെ തകർത്തു. ഇറാന്റെ എണ്ണ ശുദ്ധീകരണവും കയറ്റുമതിയുമെല്ലാം ഈ ചെറിയ ദ്വീപിനെ ആശ്രയിച്ചാണ്. എന്തായിരിക്കും ഇറാന്റെ പ്രതികാരമെന്ന് അടുത്ത ദിവസങ്ങളിൽ കാണാം.

ഒരു കാര്യം ഉറപ്പിക്കാം. ആഗോള എണ്ണ കമ്പോളം ഇനിയും ഞെരുങ്ങുവാൻ പോവുകയാണ്. ഒരുപക്ഷേ, അത് ട്രംപിനെയും കൊണ്ടായിരിക്കും പോവുക....






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home