ad
Deshabhimani

യുഎസ്–ഇറാൻ സമാധാന ചർച്ചകൾ പ്രതിസന്ധിയിൽ

Trump

ഡൊണാൾഡ് ട്രംപ്

വെബ് ഡെസ്ക്

Published on May 18, 2026, 06:26 AM | 2 min read

വാഷിംഗ്ടൺ / ടെഹ്‌റാൻ : ഇറാനുമായുള്ള സമാധാന ചർച്ചകൾ പ്രതിസന്ധിയിലായ പശ്ചാത്തലത്തിൽ, സമയം അതിവേഗം മുന്നോട്ട് പോവുകയാണെന്ന കർശന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചർച്ചകളിൽ ഉടൻ പുരോഗതിയുണ്ടായില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ട്രംപ് വ്യക്തമാക്കി. അവർ എത്രയും വേഗം ചർച്ചകളുമായി മുന്നോട്ട് പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ അവശേഷിക്കാൻ ഒന്നും കാണില്ല. സമയം വളരെ വിലപ്പെട്ടതാണ്, ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ഞായറാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ട്രംപ് ഫോണിൽ സംസാരിക്കാനിരിക്കെയാണ് ഈ പ്രതികരണം പുറത്തുവന്നത്.


യൂറേനിയം കൈമാറണമെന്ന് യുഎസ്; വഴങ്ങാതെ ഇറാൻ


യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഇറാൻ സമർപ്പിച്ച പുതിയ നിർദ്ദേശങ്ങളോട് അനുകൂലമായ നിലപാടല്ല വാഷിംഗ്ടൺ സ്വീകരിച്ചതെന്ന് ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസിന്റെ ഭാഗത്തുനിന്ന് വിട്ടുവീഴ്ചകൾ ഉണ്ടാകാത്തത് ചർച്ചകളെ പൂർണ്ണമായും സ്തംഭനാവസ്ഥയിലേക്ക് നയിക്കുമെന്ന് ഇറാന്റെ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇറാൻ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ സ്വീകാര്യമല്ലെന്ന് വ്യക്തമാക്കിയ ട്രംപ്, നിലവിലെ താൽക്കാലിക വെടിനിർത്തൽ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ഈ ആഴ്ച ആദ്യം മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ തങ്ങളുടെ നിർദ്ദേശങ്ങൾ ഉത്തരവാദിത്തമുള്ളതും ഉദാരവുമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് പ്രതികരിച്ചു.


എല്ലാ മുന്നണികളിലും ഉടനടി യുദ്ധം അവസാനിപ്പിക്കുക, ഇറാന്റെ തുറമുഖങ്ങൾക്ക് മേലുള്ള യുഎസ് നാവിക ഉപരോധം പിൻവലിക്കുക, ഇറാനെതിരെ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് ഉറപ്പ് നൽകുക എന്നിവയായിരുന്നു ഇറാന്റെ പ്രധാന ആവശ്യങ്ങൾ. കൂടാതെ യുദ്ധനഷ്ടപരിഹാരവും ഹോർമുസ് കടലിടുക്കിന്മേലുള്ള ഇറാന്റെ പരമാധികാരവും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.


അതേസമയം, ചർച്ചകൾക്ക് മുന്നോടിയായി അഞ്ച് നിബന്ധനകളാണ് യുഎസ് മുന്നോട്ട് വെച്ചിരിക്കുന്നത്. ഇറാൻ തങ്ങളുടെ ആണവ നിലയങ്ങളിൽ ഒന്നുമാത്രം നിലനിർത്തുകയും, ഉയർന്ന തോതിൽ സമ്പുഷ്ടീകരിച്ച യൂറേനിയം ശേഖരം മുഴുവൻ യുഎസിന് കൈമാറുകയും വേണമെന്നാണ് ഇതിലെ പ്രധാന ആവശ്യങ്ങൾ. എന്നാൽ ഇറാന്റെ ആണവപദ്ധതി പൂർണ്ണമായി നിർത്തലാക്കണമെന്ന മുൻ നിലപാടിൽ നിന്ന് ട്രംപ് നേരിയ വിട്ടുവീഴ്ചയ്ക്ക് തയ്യാറായതായും സൂചനയുണ്ട്. ആണവപദ്ധതി 20 വർഷത്തേക്ക് താൽക്കാലികമായി നിർത്തിവെച്ചാൽ അംഗീകരിക്കാമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.


കഴിഞ്ഞ ഫെബ്രുവരി 28നാണ് ഇസ്രായേലും യുഎസും സംയുക്തമായി ഇറാനിൽ വ്യോമാക്രമണം നടത്തിയത്. തുടർന്ന് ചർച്ചകൾക്കായി പ്രഖ്യാപിച്ച വെടിനിർത്തൽ ചെറിയ തോതിലുള്ള വെടിവയ്പ്പുകൾ ഒഴിച്ചാൽ നിലവിൽ തുടരുന്നുണ്ട്. എന്നാൽ ലോകത്തെ 20 ശതമാനത്തോളം എണ്ണയും പ്രകൃതിവാതകവും കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാൻ ഇപ്പോഴും തുടരുകയാണ്. ഇറാന്റെ ഈ നീക്കം ആഗോളതലത്തിൽ എണ്ണവില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home