ചർച്ചയ്‌ക്കെത്തിയത് രക്തം പുരണ്ട സ്‌കൂൾ ബാഗുകളും ഷൂസുകളുമായി; കൊല്ലപ്പെട്ട കുരുന്നുകളുടെ ഓർമ്മകളുമായി ഇറാൻ സംഘം പാകിസ്ഥാനിൽ

ഇസ്‌ലാമാബാദ്: ലോകം ഉറ്റുനോക്കുന്ന യുഎസ്-ഇറാൻ സമാധാന ചർച്ചകൾക്കായി പാകിസ്ഥാനിലെത്തിയ ഇറാൻ പ്രതിനിധി സംഘം ഒരുക്കിയത് കണ്ണ് നനയിക്കുന്ന കാഴ്ച. ചർച്ചകളിൽ പങ്കെടുക്കാൻ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫിന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച വിമാനത്തിലെ മുൻനിര സീറ്റുകളിൽ നിരത്തിവെച്ചിരുന്നത് യുദ്ധത്തിൽ കൊല്ലപ്പെട്ട കുരുന്നുകളുടെ രക്തം പുരണ്ട ബാഗുകളും ഷൂസുകളുമായിരുന്നു.
യുദ്ധത്തിന്റെ ഭീകരതയും മാനുഷിക വിലയും ചർച്ചാ മേശയ്ക്ക് മുന്നിൽ ഓർമ്മിപ്പിക്കാനാണ് ഇറാൻ ഇങ്ങനെയൊരു പ്രതീകാത്മകമായ നീക്കം നടത്തിയത്. ആക്രമണത്തിൽ കൊല്ലപ്പെട്ട 165-ഓളം വിദ്യാർത്ഥികളുടെ ചിത്രങ്ങളും അവരുടെ ബാഗുകളുമാണ് വിമാനത്തിൽ സീറ്റുകൾ തോറും വെച്ചിരുന്നത്.
തന്റെ എക്സ് പോസ്റ്റിലൂടെ ഈ ദൃശ്യങ്ങൾ പങ്കുവെച്ച ഖാലിബാഫ്, ഈ കുരുന്നുകളാണ് തന്റെ സഹയാത്രികർ എന്ന് കുറിച്ചു. യുദ്ധത്തിന്റെ ആദ്യ ദിനം മിനാബിലെ എലിമെന്ററി സ്‌കൂളിന് നേരെ നടന്ന മിസൈൽ ആക്രമണത്തിലാണ് ഇത്രയധികം കുട്ടികൾ കൊല്ലപ്പെട്ടത്. ഈ സംഭവം ചർച്ചകളിൽ ഇറാൻ ഉയർത്തിക്കാട്ടുമെന്ന് ഉറപ്പായി.
ഇസ്‌ലാമാബാദിൽ ഇറങ്ങിയ ശേഷം നടത്തിയ പ്രതികരണത്തിൽ അമേരിക്കയോടുള്ള കടുത്ത അവിശ്വാസം ഖാലിബാഫ് ആവർത്തിച്ചു. "അമേരിക്കയുമായുള്ള ചർച്ചകളിലെ മുൻകാല അനുഭവങ്ങൾ പരാജയങ്ങളുടേതും ലംഘിക്കപ്പെട്ട വാഗ്ദാനങ്ങളുടേതുമാണ്. ഞങ്ങൾക്ക് ചർച്ചകളിൽ ശുഭപ്രതീക്ഷയുണ്ട്, എന്നാൽ ഒട്ടും വിശ്വാസമില്ല" അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ടോടെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസും ഇസ്‌ലാമാബാദിലെത്തിയിട്ടുണ്ട്. ലബനനിലെ വെടിനിർത്തൽ, ഇറാൻ്റെ മരവിപ്പിച്ച ആസ്തികൾ തിരികെ നൽകൽ തുടങ്ങിയ പത്തൊൻപതിന ആവശ്യങ്ങളാണ് ഇറാൻ ചർച്ചയിൽ പ്രധാനമായും മുന്നോട്ടുവെക്കുന്നത്.










0 comments