Deshabhimani

അമേരിക്ക ഉപാധികൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാം; നിലപാട് വ്യക്തമാക്കി ഇറാൻ

Iran-US Talks
വെബ് ഡെസ്ക്

Published on Nov 02, 2026, 09:15 PM | 2 min read

തെഹ്‌റാൻ : അമേരിക്ക ആവശ്യങ്ങൾ അംഗീകരിച്ചാൽ രണ്ട്‌ ദിവസത്തിനകം ഹോർമുസ്‌ തുറക്കാനുള്ള ചർച്ചകൾ പുനരാരംഭിക്കാമെന്ന്‌ ഇറാൻ. സമാധാന കരാറിൽ ഇറാനുള്ള വിശ്വാസമാണ്‌ ഇത്രയും വേഗത്തിൽ ചർച്ച നടത്താൻ സന്നദ്ധത അറിയിച്ചതെന്ന്‌ വിദേശകാര്യ പ്രതിനിധി ഇസ്‌മായിൽ ബഖേയി പറഞ്ഞു. തീരുമാനങ്ങൾ അംഗീകരിച്ചാൽ ഹോർമുസിലെ സുരക്ഷ ഉടൻ പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ മധ്യസ്ഥർ വഴി ചർച്ചയുടെ പുരോഗതി അമേരിക്കയെ അറിയിക്കുന്നുണ്ടെന്നും കരാർ നിലവിൽ വരണമെങ്കിൽ യുഎസ്‌ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ബാഖേയി പറഞ്ഞു.


ഹോർമുസിലെ ഇറാനിലും ഒമാനിലും ഇടയിലുള്ള ബദൽ പാതയിലൂടെയുള്ള നാവിക ഗതാഗതം അമേരിക്ക അംഗീകരിക്കണമെന്ന്‌ വിദേശമന്ത്രി അബ്ബാസ്‌ അരഗാച്ചി പറഞ്ഞു. നിലവിൽ ഇറാനുമേൽ ചുമത്തിയിരിക്കുന്ന ഉപരോധങ്ങൾ പിൻവലിക്കണമെന്നും ഹോർമുസിന്‌ സമീപം വിന്യസിച്ചിരിക്കുന്ന സൈനികരെ പിൻവലിക്കണമെന്നും അരഗ്‌ച്ചി ആവശ്യപ്പെട്ടു. ആഗസ്‌ത്‌ മുതലാണ്‌ അമേരിക്ക പുതിയ ഉപരോധങ്ങൾ ഇറാനുമേൽ ചുമത്തിയത്‌.


സമാധാന ചർച്ചകൾ നടക്കുന്നതിനിടയിലും ഇറാനെ ആക്രമിക്കുമെന്ന്‌ അമേരിക്കയും ഇസ്രയേലും ഭീഷണി മുഴക്കുകയാണ്‌. ഇറാനുമായുള്ള യുദ്ധം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ എത്രയം വേഗം അവസാനിക്കുമെന്ന്‌ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപ്‌ പറഞ്ഞു. യുദ്ധത്തിൽ അമേരിക്കയാണ്‌ വിജയിച്ചതെന്നും ട്രംപ്‌ അവകാശപ്പെട്ടു. ഒന്നുകിൽ കരാറുണ്ടാക്കാൻ തയ്യറാകുക, അതല്ലെങ്കിൽ അമേരിക്ക മുൻകൈയെടുത്ത്‌ യുദ്ധം അവസാനിപ്പിക്കുമെന്നും ട്രംപ്‌ പറഞ്ഞു.

​

ഇറാനെതിരായ സൈനിക നീക്കം വീണ്ടും ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഫോണിൽ ചർച്ച നടത്തി. ഇറാനെതിരെയുള്ള സംഘർഷത്തിൽ നയതന്ത്ര ഇടപെടൽ വേണമെന്നും, അതേസമയം, സൈനിക നടപടികൾ വീണ്ടും ആരംഭിക്കുമെന്നുമുള്ള ഇരട്ട നിലപാടിലാണ് ട്രംപ്.


പശ്ചിമേഷ്യയിലാകെ സംഘർഷത്തിന് തുടക്കമിട്ട് ഫെബ്രുവരി 29നാണ് ഇസ്രയേൽ-യുഎസ് സഖ്യം ഇറാനെതിരെ കടന്നാക്രമണം ആരംഭിച്ചത്. ഇതോടെ തിരിച്ചടിയുടെ ഭാഗമായി ഗൾഫ് മേഖലയിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തി. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിന് ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചു. ലോകത്തെ എണ്ണ വിതരണത്തിന്റെ 60 ശതമാനത്തിലധികം കടന്നു പോയിരുന്ന പ്രധാന കപ്പൽ ഗതാഗത പാതയായിരുന്നു ഹോർമുസ്. പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ പ്രതിസന്ധികൾ തീർക്കുന്നതിനിടെ സമാധാന ചർച്ചകൾ തുടരണമെന്നാണ് ഇറാന്റെ നിലപാട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home