മണിപ്പുരിൽ പ്രതിഷേധം ശക്തം; മൃതദേഹങ്ങൾ വികൃതമാക്കിയ നിലയിൽ

Image Credit : PTI
ഇംഫാൽ : മണിപ്പുരിൽ കാങ്പോക്‌പിയിൽനിന്ന് കാണാതായ യുവാക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനു പിന്നാലെ സർക്കാരിനെതിരെ വ്യാപക പ്രതിഷേധം. ഒക്ടോബർ 29-ന് തഫൗ കുക്കി ഗ്രാമത്തിൽനിന്ന് കാണാതായ രണ്ട് യുവാക്കളെയാണ് കൊല്ലപ്പെട്ട നിലയിൽ ഞായർ രാവിലെ സേനാപതി ജില്ലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ വികൃതമാക്കപ്പെട്ടിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് ഞായർ രാത്രി കാങ്പോക്പി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആളുകൾ തെരുവിലിറങ്ങി. പ്രതിഷേധക്കാർ റോഡുകൾ ഉപരോധിച്ചു. ജനക്കൂട്ടത്തിനുനേരെ സുരക്ഷാസേന കണ്ണീർവാതകം പ്രയോഗിക്കുകയും ലാത്തിച്ചാർജ് നടത്തുകയും ചെയ്തു. പ്രതിഷേധക്കാരിൽ ഒരാൾക്ക് പരിക്കേറ്റു. ജില്ലയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
കുറ്റവാളികളെ പിടികൂടുംവരെ മൃതദേഹങ്ങൾ സംസ്കാരത്തിനായി കൊണ്ടുപോകില്ലെന്ന് കാങ്പോക്പി ആസ്ഥാനമായുള്ള കമ്മിറ്റി ഓൺ ട്രൈബൽ യൂണിറ്റി പറഞ്ഞു. അതേസമയം, മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ സത്യം പുറത്തുകൊണ്ടുവരാനും വംശീയ സംഘർഷങ്ങൾ തടയാനും സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം വേണമെന്ന് നാഗാ പീപ്പിൾസ് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു. കുക്കി–നാഗ സംഘർഷത്തിൽ ഫെബ്രുവരി മുതൽ ഇതുവരെ അമ്പതിലേറെ പേരാണ് കൊല്ലപ്പെട്ടത്.







0 comments