കൊഴിഞ്ഞാമ്പാറയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം; 20 പേർ കസ്റ്റഡിയിൽ

പൊലീസ് പരിശോധന നടത്തുന്നു
പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ വീണ്ടും ആൾക്കൂട്ട കൊലപാതകം. പരിശക്കൽ സ്വദേശി ജെയിംസ് രാജകുമാർ (38) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പത്തു കുടുംബങ്ങളിലെ ഇരുപതോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊഴിഞ്ഞാമ്പാറ വടകരപ്പതി പഞ്ചായത്തിലെ പരിശക്കലിൽ ഞായർ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ ബന്ധു വീട്ടിലെത്തിയ ജെയിംസ് കുടുബ കാര്യങ്ങളെച്ചൊല്ലി തർക്കത്തിലേർപ്പെട്ടു.
ബഹളം കേട്ടെത്തിയ നാട്ടുകാർ ജെയിംസിനെ പിടിച്ചുകെട്ടി കൂട്ടം ചേർന്ന് മർദ്ദിക്കുകയായിരുന്നു. രക്തസമ്മർദ്ദം കുറഞ്ഞ് അവശനിലയിലായ ജെയിംസിനെ സ്ഥലത്തെത്തിയ കൊഴിഞ്ഞമ്പാറ പൊലീസ് ഉടൻ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും തിങ്കൾ രാവിലെ മരിച്ചു. ആന്തരിക അവയവങ്ങൾക്കേറ്റ പരിക്കാണ് മരണകാരണമെന്ന് തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്‌റ്റുമോർട്ടത്തിൽ വ്യക്തമായി. ഇതോടെ പൊലീസ് ആൾക്കൂട്ട കൊലപാതകത്തിന് കേസെടുത്തു.
കസ്‌റ്റഡിയിലുള്ളവരിൽ നിന്ന് മർദനത്തിൽ നേരിട്ട് പങ്കുള്ളവരെ കണ്ടെത്തി പ്രതി ചേർക്കാനാണ് പൊലീസ് തീരുമാനം. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും ചൊവ്വാഴ്ച രാവിലെയോടെ പൂർണ വ്യക്തത വരികയുള്ളുവെന്നും പൊലീസ് പറഞ്ഞു. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.








0 comments