Deshabhimani

ബിന്ദുലേഖയുടെ രുചിക്കൂട്ടിന് ദേശീയ തിളക്കം

sarasmela.jpg

ബിന്ദുലേഖ ഉല്‍പ്പന്നങ്ങളുമായി ആജീവിക ദേശീയ സരസ് മേളയില്‍

വെബ് ഡെസ്ക്

Published on Nov 02, 2026, 11:32 PM | 1 min read

തിരുവനന്തപുരം

നാടിന്റെ തനിമ ചേര്‍ത്ത് ബിന്ദുലേഖയൊരുക്കിയ രുചിക്കൂട്ടുകള്‍ക്ക് ദേശീയ വേദിയില്‍ അംഗീകാരം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ സംഘടിപ്പിച്ച ആജീവിക ദേശീയ സരസ് മേളയിലാണ് കുടുംബശ്രീ സംരംഭക ബിന്ദുലേഖ കേരളത്തിന്റെ അഭിമാനമായത്‌. ബെസ്റ്റ് നാച്വറല്‍ ഫുഡ് സ്റ്റാള്‍ വിഭാഗത്തില്‍ രണ്ടാം സ്ഥാനമാണ്‌ നേടിയത്. ആര്യനാട് ശ്രീലക്ഷ്മി അയല്‍ക്കൂട്ട അംഗമാണ്. ‘കൃഷ്ണ പിക്കിള്‍സ് ആന്‍ഡ് ഫുഡ് പ്രോഡക്ട്സ്' എന്ന സ്വന്തം സംരംഭത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഇഞ്ചിപ്പൊടി, ചായ മസാല, ചട്‌ണിപ്പൊടി, സാമ്പാര്‍ മസാല, മുളപ്പിച്ച റാഗി, വിവിധയിനം അച്ചാറുകളുമാണ് മേളയിൽ പ്രദർശിപ്പിച്ചത്‌. കോവിഡ്‌ കാലത്ത് നിലച്ച ഗാര്‍മെന്റ്‌ യൂണിറ്റിന്റെ നഷ്ടങ്ങളില്‍നിന്ന്‌ കരകയറാനുള്ള പരിശ്രമങ്ങളാണ് ദേശീയ അംഗീകാരത്തിലേക്കെത്തിച്ചത്. മൂന്നാം തവണയാണ് ദേശീയ സരസ് മേളയില്‍ പങ്കെടുക്കുന്നത്. പുരസ്കാരം ലഭിക്കുന്നത് ആദ്യം. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, കുടുംബശ്രീ മേളകള്‍ എന്നിവിടങ്ങളിൽ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചാണ്‌ വരുമാനം കണ്ടെത്തുന്നത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home