അമേരിക്ക വീണ്ടും ആക്രമിച്ചാൽ ആണവായുധം നിർമ്മിക്കുമെന്ന് ഇറാൻ

പ്രതീകാത്മക ചിത്രം
തെഹ്‌റാൻ: അമേരിക്കയുടെ ഭാഗത്തുനിന്ന് വീണ്ടും സൈനിക പ്രകോപനമുണ്ടായാൽ ആണവായുധ നിർമ്മാണത്തിന് ആവശ്യമായ രീതിയിൽ യുറേനിയം സമ്പുഷ്ടീകരിക്കുമെന്ന് ഇറാന്റെ താക്കീത്. നിലവിൽ 60 ശതമാനം വരെ സമ്പുഷ്ടീകരിച്ച യുറേനിയം കൈവശമുള്ള ഇറാൻ, അത് 90 ശതമാനത്തിലേക്ക് ഉയർത്തുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ആണവായുധം നിർമ്മിക്കാൻ 90 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയമാണ് ആവശ്യമായി വരുന്നത്. ഇറാൻ പാർലമെന്ററി സമിതി വക്താവ് ഇബ്രാഹിം റെസായിയാണ് എക്‌സിലൂടെ ഇക്കാര്യം അറിയിച്ചത്.
അമേരിക്കയിൽ നിന്നോ ഇസ്രയേലിൽ നിന്നോ മറ്റൊരു ആക്രമണം ഉണ്ടായാൽ യുറേനിയം സമ്പുഷ്ടീകരണം 90 ശതമാനത്തിലേക്ക് വർദ്ധിപ്പിക്കുന്നത് രാജ്യം ഗൗരവമായി പരിഗണിക്കും.
ഇക്കാര്യത്തിൽ പാർലമെന്റ് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കുറിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാന്റെ സമാധാന നിർദ്ദേശങ്ങൾ തള്ളുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ പ്രതിസന്ധിയിലാവുകയും ചെയ്ത സാഹചര്യത്തിലാണ് ഇറാന്റെ ഈ കടുത്ത നിലപാട്.
കഴിഞ്ഞ വർഷം ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നതായി ട്രംപ് അവകാശപ്പെട്ടിരുന്നു.
എന്നാൽ, ഇറാന്റെ പക്കൽ ഇപ്പോഴുമുള്ള 400 കിലോഗ്രാമിലധികം വരുന്ന 60 ശതമാനം സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്കയെയും സഖ്യകക്ഷികളെയും ആശങ്കയിലാഴ്ത്തുന്നുണ്ട്.
ആണവ സാങ്കേതികവിദ്യ സമാധാനപരമായ ആവശ്യങ്ങൾക്ക് വേണ്ടിയാണെന്ന് ആവർത്തിക്കുമ്പോഴും, തങ്ങളുടെ സുരക്ഷ അപകടത്തിലായാൽ പ്രതിരോധ നയത്തിൽ മാറ്റം വരുത്താൻ മടിക്കില്ലെന്ന വ്യക്തമായ സൂചനയാണ് തെഹ്‌റാൻ നൽകുന്നത്.










0 comments