print edition യുഎസ് ഉപരോധം ലോകരാഷ്ട്രങ്ങൾക്കെതിരായ യുദ്ധപ്രഖ്യാപനം: ഇറാൻ

പ്രതീകാത്മക ചിത്രം
തെഹ്‌റാൻ/വാഷിങ്‌ടൺ: പശ്ചിമേഷ്യയിൽ സമാധാനീക്കങ്ങൾ തകർക്കുന്ന അമേരിക്കയുടെ പുതിയ സാമ്പത്തിക ഉപരോധം ലോകരാഷ്ട്രങ്ങൾക്കെതിരായ നഗ്നമായ യുദ്ധപ്രഖ്യാപനമാണെന്ന് ഇറാൻ. ഐക്യരാഷ്ട്രസഭയിലെ സ്വതന്ത്ര അംഗരാജ്യങ്ങളുടെ പരമാധികാരത്തിനുമേൽ കടന്നുകയറാനുള്ള യുഎസിന്റെ ഗൂഢശ്രമമാണിതെന്ന് ഇറാൻ വിദേശ മന്ത്രാലയം തുറന്നടിച്ചു.
സാമ്രാജ്യത്വഭീഷണിക്കു മുന്നിൽ പതറില്ലെന്നും രാജ്യത്തിന്റെ സൈനികനയം പ്രതിരോധത്തിൽനിന്നും ശക്തമായ ആക്രമണസ്വഭാവത്തിലേക്ക് മാറുമെന്നും ഇറാന്റെ സൈനിക വക്താവ് ബ്രിഗേഡിയർ ജനറൽ മുഹമ്മദ് അക്‌രാമിനിയ മുന്നറിയിപ്പ് നൽകി.
ലോകരാഷ്ട്രങ്ങളുടെ പരമാധികാരത്തെ വെല്ലുവിളിക്കാൻ അമേരിക്ക നടത്തുന്ന കൊള്ളരുതായ്മകൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധം ഉയരുകയാണ്. തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് ഇപ്പോൾ തങ്ങളുടെ സ്വന്തം ഭൂപ്രദേശമാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം അമേരിക്കയുടെ ആഗോള അധിനിവേശ താല്പര്യങ്ങളെ തുറന്നുകാട്ടുന്നു.
ഇറാൻ ഒത്തുതീർപ്പിന് ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിന് തയ്യാറായിട്ടില്ലെന്നാണ് ട്രംപിന്റെ വിചിത്രവാദം. അതേസമയം, ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗതം സംബന്ധിച്ച് ഒമാൻ, ഇറാൻ വിദേശമന്ത്രിമാർ തമ്മിൽ ചർച്ച നടത്തി.
വിഷയത്തിൽ ഇടപെട്ടാൽ ഒമാനിൽ ബോംബിടുമെന്നാണ് സഖ്യകക്ഷിക്കെതിരെ ട്രംപിന്റെ ഭീഷണി. അമേരിക്കയുടെ ഒത്താശയോടെ ഇസ്രയേൽ നടത്തുന്ന വംശഹത്യയും അതിക്രമങ്ങളും പശ്ചിമേഷ്യയിൽ തുടരുകയാണ്. ലെബനനിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ ലംഘിച്ച് ജനവാസ മേഖലകളിൽ ഇസ്രയേലി പോർവിമാനങ്ങൾ വീണ്ടും മാരകമായ ബോംബാക്രമണം നടത്തി.










0 comments