ad
Deshabhimani

ശത്രുക്കളുടെ കപ്പൽ തടയാൻ അവകാശമുണ്ട്; ഹോർമൂസ് വിഷയത്തിൽ യുഎന്നിന് കത്തയച്ച് ഇറാൻ

Iran.jpg
വെബ് ഡെസ്ക്

Published on Mar 27, 2026, 03:16 PM | 1 min read

തെഹ്റാൻ: ഹോർമൂസ് കടലിടുക്കിലൂടെയുള്ള ശത്രുരാജ്യങ്ങളുടെ കപ്പൽ നീക്കം തടയാൻ തങ്ങൾക്ക് നിയമപരമായ അവകാശമുണ്ടെന്ന് ഇറാൻ. യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടറസുമായുള്ള സംഭാഷണത്തിലാണ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി ഇറാന്റെ നിലപാട് വ്യക്തമാക്കിയത്.


അമേരിക്കയുടെയും ഇസ്രായേലിന്റെയും അധിനിവേശ നീക്കങ്ങളാണ് മേഖലയിലെ നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും ഇറാൻ യുഎന്നിനെ അറിയിച്ചു. ഹോർമൂസ് കടലിടുക്കിലെ സുരക്ഷ ഇറാന്റെ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയ അരാഗ്ചി, സുഹൃദ് രാജ്യങ്ങളുടെ കപ്പലുകൾക്ക് സുരക്ഷിത പാത ഒരുക്കുമെന്നും ഉറപ്പുനൽകി.


ഇതിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ അഞ്ച് രാജ്യങ്ങൾക്ക് (ഇന്ത്യ, റഷ്യ, ചൈന, പാകിസ്ഥാൻ, ഇറാഖ്) ഹോർമൂസ് കടലിടുക്ക് വഴി സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു. ഇത്തരത്തിൽ ഇളവ് ലഭിച്ചതിനെത്തുടർന്ന് 47,600 മെട്രിക് ടൺ പാചകവാതകവുമായി ഇന്ത്യൻ കപ്പലായ 'ജഗ് വസന്ത്' (Jag Vasant) ഗുജറാത്ത് തീരത്ത് സുരക്ഷിതമായി നങ്കൂരമിട്ടു.


പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് രാജ്യം നേരിടുന്ന എൽപിജി പ്രതിസന്ധിക്ക് ഇത് വലിയ ആശ്വാസമാകും. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഹോർമൂസ് കടലിടുക്ക് പിന്നിടുന്ന രണ്ടാമത്തെ ഇന്ത്യൻ കപ്പലാണിത്. ഇറാനിലെ ഊർജ്ജ നിലയങ്ങൾ ലക്ഷ്യമിട്ടുള്ള ആക്രമണം പത്ത് ദിവസത്തേക്ക് കൂടി നിർത്തിവയ്ക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.


ഇറാന്റെ അഭ്യർത്ഥന മാനിച്ചാണ് നടപടിയെന്നാണ് ട്രംപിന്റെ അവകാശവാദം. എന്നാൽ, ഈ 'സമാധാന' നീക്കങ്ങൾക്കിടയിലും സംഘർഷ മേഖലയിലേക്ക് 10,000 യുഎസ് സൈനികരെ കൂടി അധികമായി വിന്യസിക്കാൻ ട്രംപ് നിർദ്ദേശം നൽകിയത് മേഖലയിൽ ആശങ്ക വർദ്ധിപ്പിക്കുന്നുണ്ട്.


ഇറാനെതിരെയുള്ള കരയുദ്ധം മുന്നിൽ കണ്ടാണ് ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കൻ സൈന്യം ജിസിസി രാജ്യങ്ങളെ ഇറാനെതിരെയുള്ള നീക്കങ്ങൾക്ക് ഉപയോഗിക്കുന്നതിനെ അരാഗ്ചി രൂക്ഷമായി വിമർശിച്ചു. മേഖലയിലെ സമാധാനത്തിന് സയണിസ്റ്റ് ശക്തികളുടെ ഇടപെടൽ അവസാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home