ഉപരോധം തുടർന്നാൽ ഹോർമുസ് കടലിടുക്ക് അടയ്ക്കും; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ

തെഹ്‌റാൻ: തങ്ങൾക്കുമേൽ ഏർപ്പെടുത്തിയ നാവിക ഉപരോധം അമേരിക്ക തുടരുകയാണെങ്കിൽ അന്താരാഷ്ട്ര എണ്ണവ്യാപാരത്തിന്റെ സുപ്രധാന പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ചർച്ചകളിൽ പുരോഗതിയില്ലാത്ത പക്ഷം ഇറാനിൽ ബോംബാക്രമണം പുനരാരംഭിക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് ഇറാന്റെ ഈ പ്രത്യാക്രമണം.
ഇറാന്റെ സമുദ്ര അതിർത്തികളിൽ അമേരിക്കൻ നാവികസേന ഏർപ്പെടുത്തിയിരിക്കുന്ന തടസ്സങ്ങൾ നീക്കിയില്ലെങ്കിൽ കടലിടുക്കിലൂടെയുള്ള എല്ലാ കപ്പൽ ഗതാഗതവും തടയുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ലോകത്തെ എണ്ണ കയറ്റുമതിയുടെ മൂന്നിലൊന്നും കടന്നുപോകുന്ന പാതയാണിത്.
ഇസ്ലാമാബാദിൽ നടന്ന ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ ഇറാന് നേരെ സൈനിക നീക്കം നടത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. തങ്ങളുടെ എണ്ണ കയറ്റുമതി തടയാനാണ് നീക്കമെങ്കിൽ മറ്റ് രാജ്യങ്ങളെയും ഈ പാത ഉപയോഗിക്കാൻ അനുവദിക്കില്ലെന്നാണ് ഇറാന്റെ നിലപാട്.
കഴിഞ്ഞ ദിവസമാണ് മേഖലയിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകൾ ഉൾപ്പെടെയുള്ളവ യാത്ര പുനരാരംഭിച്ചത്. എന്നാൽ അമേരിക്കയുടെ ഉപരോധം നിലനിൽക്കുന്നത് ആഗോള എണ്ണവിപണിയെയും ഷിപ്പിംഗ് മേഖലയെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്ക് അടച്ചാൽ അത് ആഗോള ഇന്ധനവില കുതിച്ചുയരാൻ കാരണമാകും, ഇത് മനസിലാക്കി ഹോർമുസ് തുറക്കാൻ ഇറാൻ തയാറാകുമ്പോഴും അമേരിക്ക വാശി തുടരുകയാണ്.










0 comments