ഇറാൻ ചരിത്രത്തിലെ ഏറ്റവും വലിയ വിലാപയാത്ര; ഖമ്നേയിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ആയിരങ്ങൾ

ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമ്നേയിയുടെ വിലാപയാത്രക്കിടെ വിതുമ്പുന്ന സ്ത്രീകൾ | Photo by - AFP
തെഹ്‌റാൻ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമ്നേയിയുടെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന വിലാപയാത്രയ്ക്കും ശവസംസ്കാര ചടങ്ങുകൾക്കും ശനിയാഴ്ച തുടക്കമായി. യുഎസ് - ഇസ്രയേൽ സഖ്യം ഇറാനെതിരെയുള്ള കടന്നാക്രമണത്തിന്റെ ആദ്യഘട്ടത്തിൽ നടന്ന വ്യോമാക്രമണത്തിൽ 86ാം വയസിലാണ് ഖമ്നേയി കൊല്ലപ്പെടുന്നത്. ഫെബ്രുവരി 28നാണ് യുഎസ് - ഇസ്രയേൽ സഖ്യം ഇറാനെതിരെ ആദ്യ ആക്രമണം നടത്തുന്നത്.
ആറ് ദിവസം നീണ്ടുനിൽക്കുന്ന വിപുലമായ ശവസംസ്കാര ചടങ്ങുകളാണ് ഇറാനിയൻ അധികൃതർ ആസൂത്രണം ചെയ്തിരിക്കുന്നത്. മുപ്പതോളം രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികളും അന്താരാഷ്ട്ര പ്രമുഖരും ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചൈന ഉൾപ്പെടെയുള്ള ഇറാന്റെ സഖ്യകക്ഷികളും അയൽരാജ്യങ്ങളും പ്രതിനിധികളെ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
ഗ്രാൻഡ് മൊസല്ലയിൽ പൊതുദർശനം
തലസ്ഥാനമായ തെഹ്‌റാനിലെ ഇമാം ഖമേനി ഗ്രാൻഡ് മൊസല്ലയിൽ ഇസ്‌ലാമിക് റിപ്പബ്ലിക്കിന്റെ ദേശീയ പതാക പുതപ്പിച്ച് മുകളിൽ കറുത്ത തലപ്പാവ് വെച്ച നിലയിലാണ് ഖമ്നേയിയുടെയും അദ്ദേഹത്തിന്റെ മകളുടെ മകളായ സഹ്‌റ മുഹമ്മദി ഗോൽപയേഗാനിയുടെയും ശവമഞ്ചങ്ങൾ പൊതുദർശനത്തിന് വെച്ചിരിക്കുന്നത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 6 മണി മുതലാണ് ഈ മന്ദിരം പൊതുജനങ്ങൾക്ക് അന്തിമോപചാരം അർപ്പിക്കുന്നതിനായി തുറന്നുകൊടുത്തത്.
ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ്, ജുഡീഷ്യറി തലവൻ ഘോലാം ഹൊസൈൻ മൊഹ്സെനി എജൈ എന്നിവരുൾപ്പെടെയുള്ള മുൻനിര ഇറാനിയൻ ഉദ്യോഗസ്ഥർ വെള്ളിയാഴ്ച തന്നെ കൊല്ലപ്പെട്ട നേതാവിന് അന്തിമോപചാരം അർപ്പിച്ചു. ഗ്ലാസ് കേസിനുള്ളിൽ വെച്ചിരിക്കുന്ന ഭൗതികശരീരം കണ്ട് വിതുമ്പുന്ന വിലാപയാത്രക്കാരുടെ ചിത്രം ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. നഗരത്തിലുടനീളമുള്ള ബിൽബോർഡുകളിൽ ഖമ്നേയിയുടെ ചിത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്.
മൊജ്തബ ഖമേനിയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെടും
പിതാവ് കൊല്ലപ്പെട്ട് ഒരാഴ്ചയ്ക്ക് ശേഷം ഇറാന്റെ അടുത്ത പരമോന്നത നേതാവായി പ്രഖ്യാപിക്കപ്പെട്ടെങ്കിലും ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാത്ത ഖമേനിയുടെ മകനും പിൻഗാമിയുമായ മൊജ്തബ ഖമ്നേയിയുടെ സാന്നിധ്യമുണ്ടോയെന്നറിയാൻ ഈ ചടങ്ങുകൾ ലോകരാജ്യങ്ങൾ പ്രത്യേകം നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ചടങ്ങുകളുടെ തുടക്കത്തിൽ അദ്ദേഹത്തിന്റെ സാന്നിധ്യം ഒരിടത്തും ദൃശ്യമായിരുന്നില്ല.
ആറ് ദിവസത്തെ ശവസംസ്കാര ചടങ്ങുകൾ
പരമോന്നത നേതാവിന്റെ ഭൗതികശരീരം തിങ്കളാഴ്ച വരെ രാപ്പകലില്ലാതെ ഗ്രാൻഡ് മൊസല്ല മന്ദിരത്തിൽ പൊതുദർശനത്തിന് വെക്കും. അന്നേദിവസം തെഹ്‌റാനിൽ ഔദ്യോഗിക വിലാപയാത്രയും നടക്കും. തുടർന്ന് ജൂലൈ 7ന് ചൊവ്വാഴ്ച ഭൗതികശരീരം മതകേന്ദ്രമായ ഖോമിലേക്ക് കൊണ്ടുപോകും. ബുധനാഴ്ച അയൽരാജ്യമായ ഇറാഖിലെ ഷിയാ മുസ്ലീങ്ങളുടെ വിശുദ്ധ നഗരങ്ങളിലൂടെ വിലാപയാത്ര കടന്നുപോകും. ഒടുവിൽ വ്യാഴാഴ്ച ഖമ്നേയിയുടെ ജന്മനാടായ വടക്കുകിഴക്കൻ ഇറാനിലെ മഷഹാദിൽ ശവസംസ്കാര ചടങ്ങുകൾ പൂർത്തിയാകും.











0 comments