യുദ്ധമൊഴിയാതെ പശ്ചിമേഷ്യ; യുഎസ് നിലപാട് മാറ്റാതെ ഹോർമുസ് തുറക്കില്ലെന്ന് ഇറാൻ

തെഹ്‌റാൻ : യുഎസ് നിലപാടുകൾ തിരുത്താതെ ഹോർമുസ് കടലിടുക്ക് തുറക്കില്ലെന്ന കർശന ഉപാധിയുമായി ഇറാൻ രംഗത്തെത്തി. ഇറാൻ മുന്നോട്ടുവെച്ച വ്യവസ്ഥകൾ അംഗീകരിക്കുന്നതിനെ ആശ്രയിച്ചായിരിക്കും ഹോർമുസ് കടലിടുക്ക് തുറക്കുന്നതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വക്താവ് വ്യക്തമാക്കി.
ഒമാനുമായി നടക്കുന്ന ചർച്ചകളുമായി ഇതിന് നേരിട്ട് ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകൾ അന്തിമ ഘട്ടത്തിലാണെങ്കിലും കടലിടുക്ക് തുറക്കൽ മറ്റ് നിബന്ധനകളെ ആശ്രയിച്ചിരിക്കും. ഇസ്ലാമാബാദ് കരാർ ലംഘിച്ചതിന് അമേരിക്ക നഷ്ടപരിഹാരം നൽകണമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി വ്യക്തമാക്കി.
കപ്പൽഗതാഗതം പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇറാനും ഒമാനും തമ്മിലുള്ള ചർച്ചകളിൽ പുരോഗതി ഉണ്ടെന്നായിരുന്നു യുഎസ് അധികൃതരുടെ വിലയിരുത്തൽ. ഇറാന്റെ പുതിയ ഉപാധികൾ പുറത്തുവന്നതോടെ മേഖലയിൽ വീണ്ടും സംഘർഷ സാധ്യത ഉയർന്നിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ അബുദാബിയിലെ സർക്കാർ ഉടമസ്ഥതയിലുള്ള അഡ്നോക്ക് കമ്പനിയുടെ കപ്പലിന് നേരെ ഇറാൻ ആക്രമണം നടത്തിയതായി യുഎഇ അറിയിച്ചു.
ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, ഈ വർഷം ആരംഭിച്ച യുഎസ്-ഇറാൻ യുദ്ധത്തിന് ശേഷം കമ്പനിയുടെ പത്തിലധികം കപ്പലുകൾ ആക്രമിക്കപ്പെട്ടതായി അധികൃതർ അറിയിച്ചു. യെമനിലെ മരീബ് പ്രവിശ്യയിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. വിമതരുടെ താവളങ്ങളെ ലക്ഷ്യമാക്കി തിരിച്ചടി നടത്തിയതായി യെമൻ സൈന്യം അറിയിച്ചു.










0 comments