വൈദ്യുതി വകുപ്പ് തലയിൽ ഇട്ട കുരിശെന്ന് സണ്ണി ജോസഫ്; വകുപ്പ് വിഭജനത്തിലെ മുറുമുറുപ്പ് പുറത്ത്

സണ്ണി ജോസഫ്
തിരുവനന്തപുരം: വൈദ്യുതി വകുപ്പ് തലയിൽ ഇട്ട കുരിശാണെന്ന് മന്ത്രി സണ്ണി ജോസഫ്. സുപ്രധാന വകുപ്പ് ലഭിക്കുന്ന പ്രതീക്ഷ പാടെ തകർന്നതിലുള്ള സണ്ണി ജോസഫിന്റെ അസ്വസ്ഥതയും, വകുപ്പ് വിഭജനത്തിലെ കോൺഗ്രസിനകത്തെ മുറുമുറുപ്പുമാണ് ഇപ്പോൾ പുറത്തുവരുന്നത്. യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് ശേഷം വകുപ്പുകൾ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം ഇറങ്ങുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ കോൺഗ്രസിലെ തമ്മിലടിയും പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗിന്റെ കടുത്ത നിലപാടുകളും പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ടിരുന്നു.
കെ മുരളീധരന് ആരോഗ്യവകുപ്പ് നൽകിയതിൽ എപി അനിൽകുമാർ അതൃപ്തി പ്രകടിപ്പിച്ചപ്പോൾ കെസി ജോസഫ് വിഭാഗം തുറമുഖ വകുപ്പിന് വേണ്ടി പിടിവലി നടത്തി. മുഖ്യമന്ത്രി എന്തിനാണ് ധനകാര്യത്തിനൊപ്പം തുറമുഖ വകുപ്പുകൂടി കൈവശം വെയ്ക്കുന്നതെന്ന ചോദ്യവും ശക്തമായിരുന്നു. ഇതിനിടയിലാണ് തന്നെ വൈദ്യുത വകുപ്പിൽ ഒതുക്കിയെന്ന അസ്വസ്ഥത മന്ത്രി സണ്ണി ജോസഫ് പരസ്യമായി പ്രകടമാക്കിയത്.
കേരളത്തെ കടുത്ത വൈദ്യുത പ്രതിസന്ധിയിലേയ്ക്ക് തള്ളിവിട്ടതിൽ നിന്നും തടിയൂരാനുള്ള ശ്രമം കൂടിയാണ് മന്ത്രിയുടെ പ്രതികരണം. കഴിഞ്ഞ 10 വർഷമായി പവർ കട്ട് ഇല്ലാത്ത കേരളത്തെ കൃത്യമായ ആസൂത്രണങ്ങളില്ലാതെ ഇരുട്ടിലേയ്ക്ക് വീണ്ടും തള്ളിവിട്ടതു മുതൽ വൈദ്യുത വകുപ്പ് നാണംകെട്ട അവസ്ഥയിലാണ്. ഇത് വൈദ്യുത വകുപ്പ് മന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും പിടിപ്പുകേടിനെയാണ് ചൂണ്ടിക്കാണിക്കുന്നത്.
ഈ നാണക്കേടുകളിൽ നിന്നുമുള്ള തടി സംരക്ഷിക്കലാണ് മന്ത്രിയുടെ ബാലിശമായ പ്രതികരണത്തിന് പിന്നിൽ. പകൽ യൂണിറ്റിന് 10 പൈസക്ക് കിട്ടുന്ന വൈദ്യുതി രാത്രി 10 രൂപ നല്‍കിയാൽ പോലും കിട്ടാനില്ലാത്ത അവസ്ഥയാണെന്നും പകൽ സൗരോർജം ഉപയോഗിക്കാമെങ്കിലും രാത്രി അത് സംഭരിച്ചുവെക്കാൻ സംവിധാനമില്ലെന്നുമുള്ള ന്യായീകരണങ്ങളാണ് മന്ത്രിക്ക് നിരത്താനുള്ളത്.









0 comments