ധൻബാദ് എക്‌സ്‌പ്രസ് പാളം തെറ്റിയ സംഭവം: അന്വേഷണത്തിന് റെയിൽവേ

ആലപ്പുഴ : ആലപ്പുഴ റെയിൽവേ സ്‌റ്റേഷനിൽ ധൻബാദ് എക്‌സ്‌പ്രസ് പാളം തെറ്റിയ സംഭവത്തിൽ അന്വേഷണത്തിന് റെയിൽവേ. സംഭവത്തെത്തുടർന്ന്, ചുമതലയുണ്ടായിരുന്ന സ്‌റ്റേഷൻ മാസ്‌റ്ററെയും പോയിന്റ്‌സ്‌മാനെയും മൂന്നുദിവസത്തേക്ക് സസ്‌പെൻഡ് ചെയ്‌തിരുന്നു. മെഡിക്കൽ പരിശോധനയ്‌ക്കായി ഇവരുടെ രക്‌തസാന്പിളുകളും ശേഖരിച്ചു. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ് ഇവരെ തിരിച്ചെടുത്തശേഷമായിരിക്കും വിശദീകരണം ചോദിക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് റെയിൽവേ കടക്കുക.
വെള്ളിയാഴ്ച പുലർച്ചെ പതിവ് അറ്റകുറ്റപ്പണി കഴിഞ്ഞ് പിറ്റ്‌ലൈനിൽനിന്ന് പാളത്തിലേക്ക് ട്രെയിൻ മാറ്റുന്പോഴാണ് അപകടമുണ്ടായത്. സിഗ്‌നൽ തെറ്റി നൽകിയതാണ് അപകടത്തിന് കാരണം. പാളംതെറ്റിയ ട്രെയിൻ 40 മീറ്ററോളം ഓടി. നാൽപ്പതു സ്ളീപ്പറുകൾക്ക് കേടുപാടുണ്ടായി. ട്രെയിൻ മറിയാത്തതും അടുത്ത പാളങ്ങളിൽ മറ്റ് വണ്ടികളില്ലാത്തതും വലിയ അപകടം ഒഴിവാക്കി. കേടായ സ്ളീപ്പറുകൾ വെള്ളിയാഴ്‌ച തന്നെ മാറ്റിയിരുന്നു. ശനിയാഴ്‌ച റെയിൽവേയുടെ സാങ്കേതിക വിദഗ്‌ധർ സുരക്ഷാ പരിശോധനയുടെ ഭാഗമായി സ്‌ളീപ്പറുകളുടെ ‘ഗേജ് ടെസ്‌റ്റ് ’ നടത്തി. സിഗ്‌നലിങ്ങ് ഉൾപ്പെടെയുള്ള മറ്റ് സുരക്ഷാ പരിശോധനകളും പൂർത്തിയാക്കി. ഡിവിഷണൽ സേഫ്‌റ്റി ഓഫീസറും ആലപ്പുഴയിൽ എത്തിയിരുന്നു.









0 comments