മഞ്ചേരി മെഡിക്കൽ കോളേജ് ഫാർമസിയിൽ മലിനജലം ഒലിച്ചിറങ്ങുന്നു; മൂക്ക് പൊത്തി ജനങ്ങൾ

മലിനജലം ഒലിച്ചിറങ്ങുന്നിടത്ത് ബക്കറ്റുകള്‍ വെച്ചിരിക്കുന്നു, മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫാർമസി സ്ഥിതി ചെയ്യുന്ന സ്ഥലത്തേയ്ക്ക് ശുചിമുറിയിലെ മലിനജലം ഒലിച്ചിറങ്ങുന്നു. ആശുപത്രിയുടെ മുകളിലെ വാർഡിലെ ശുചിമുറിയിൽ നിന്നുള്ള മലിനജലമാണ് ഫാർമസിയിലേയ്ക്ക് ഒഴുകി എത്തുന്നത്. ചോർന്നൊലിക്കുന്ന ഇടങ്ങളിൽ പ്ലാസ്റ്റിക് ബക്കറ്റുകൾ വെച്ച് താൽക്കാലിക ആശ്വാസം കണ്ടെത്തുകയാണ് ജീവനക്കാർ. മലിനജലത്തിൽ വരി നിന്നും ദുർഗന്ധത്തിൽ മൂക്കു പൊത്തിയും ജനങ്ങളും പൊറുതി മുട്ടുകയാണ്. ജീവനക്കാർക്കും ദുരിതം.
ഒപി ബ്ലോക്കിലെ മുകളിലത്തെ നിലയിൽ നിന്നുള്ള വാർഡുകളിലെ ശുചിമുറികളിൽ നിന്നും താഴേയ്ക്ക് നൽകിയിരിക്കുന്ന പൈപ്പുകൾ ബ്ലോക്ക് ആവുകയും തുടർന്ന് പൊട്ടുകയും ചെയ്തതിനെ തുടർന്നാണ് മലിനജലം ഫാർമസിലേയ്ക്ക് ഒലിച്ചിറങ്ങുന്നത്. ഒരു മാസക്കാലമായി ദുരിതമാണെന്നും പരിഹാരമായിട്ടില്ലെന്നും ആക്ഷേപമുണ്ട്. സാധാരണക്കാരായ ജനങ്ങളുടെ ആശ്രയ കേന്ദ്രം കൂടിയാണ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി.
മുൻപ് ഫാർമസിയിൽ 10 കൗണ്ടറുകളാണ് പ്രവർത്തിച്ചിരുന്നത്. അർബദു രോഗബാധിതരും അല്ലാത്തവരുമായി തിരക്ക് കൂടുതൽ ഉള്ളതിന്റെ അടിസ്ഥാനത്തിലാണ് ഫാർമസിയിൽ 10 കൗണ്ടറുകൾ സജീകരിച്ചിരുന്നത്. എന്നാൽ ഇന്ന് ഒരു കൗണ്ടറിലൂടെ മാത്രമാണ് മരുന്നുകൾ നൽകുന്നത്. ഇത് ഫാർമസിക്ക് മുന്നിൽ നീണ്ട വരി ഉണ്ടാകാൻ കാരണമാകുന്നു. ഏറെ നേരം കാത്തുനിൽക്കുന്നവർക്കാണ് മരുന്നുകൾ ലഭിക്കുന്നത്. വരി നിൽക്കുന്ന ഇടം മലിനമാകുന്നത് ദുരിതം ഇരട്ടിയാക്കുന്നു.









0 comments