Deshabhimani

ലോകത്തിന്റെ ദുഃഖമായി ഗാസ; ഇസ്രയേൽ വംശഹത്യ തുടങ്ങി മൂന്ന് വർഷം

Gaza

Image Credit : AFP

avatar
പി എസ് മഞ്ജരി

Published on Oct 07, 2026, 03:43 PM | 2 min read

ഇസ്രയേൽ-പലസ്തീൻ സംഘർഷത്തിന് പതിറ്റാണ്ടുകൾ നീണ്ട ചരിത്രം പറയാനുണ്ടെങ്കിലും മൂന്ന് വർഷത്തെ പലസ്തീനുകാർ നേരിട്ടു കൊണ്ടിരിക്കുന്ന ദുരിതം മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ഒരു മനുഷ്യന്റെ ഏറ്റവും വലിയ ദുഃഖമെന്നത് ജനിച്ചു വളർന്ന സ്വന്തമെന്നു പറയാവുന്ന മണ്ണിൽ നിന്ന് കുടിയിറക്കപ്പെടുന്നതാണ്. ഒരു ജനതയുടെ ബാല്യവും, കൗമാരവും, യൗവനവും സ്വപ്നങ്ങളും എന്തിനേറെ ജീവിതം പൂർണമായും ദുരിതക്കയത്തിലാഴ്ത്തി ഇസ്രയേൽ ഗാസയിൽ നടത്തുന്ന മനുഷ്യക്കുരുതി മൂന്ന് വർഷം പിന്നിടുകയാണ്. 2023 ഒക്ടോബർ 7ന് ഇസ്രയേൽ ​ഗാസയിൽ ആരംഭിച്ച വംശഹത്യ ലോകമിന്നുവരെ അറിഞ്ഞിട്ടില്ലാത്തത്ര ഭീകരമാണ്. പലസ്തീൻ എന്ന കുഞ്ഞു രാജ്യത്തെ ​ഗാസയെന്ന ന​ഗരത്തിലെ സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ സമ്പൂർണമായി തകർത്തെറിഞ്ഞു കഴിഞ്ഞു ഇസ്രയേൽ. പലസ്തീനുകാരെ സ്വന്തം മണ്ണിൽ നിന്ന് കുടിയിറക്കി, അഭയാർഥികളാക്കി ചെറിയൊരു ഭൂപ്രദേശത്തേക്ക് ഒതുക്കി ഇസ്രയേൽ.


ഇസ്രയേൽ അഭയാർത്ഥികളാക്കിയ ഒരു ജനത


മൂന്ന് വർഷമായി ​ഗാസയിൽ സാധാരണക്കാരായ ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ ഇതുവരെ 74,245 പലസ്തീനുകാരാണ് കൊല്ലപ്പെട്ടത്. 2025 ഒക്ടോബറിൽ ലോകത്തിന്റെ കണ്ണിൽപ്പൊടിയിടാനായി മാത്രമൊരു 'വെടിനിർത്തൽ' പ്രഖ്യാപിച്ചെങ്കിലും, വീണ്ടും 1,462 പേരെക്കൂടി ഇസ്രയേൽ സൈന്യം കൊന്നൊടുക്കി. ഐക്യരാഷ്ട്ര സംഘടന പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഗാസയിലെ 94 ശതമാനത്തിലധികം ജനങ്ങൾക്കും അടിയന്തരമായി ഒരു വീട് ആവശ്യമാണ്. അഭയാർഥികളാക്കപ്പെട്ടവരിൽ 65 ശതമാനം കുടുംബങ്ങളും പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയ താൽകാലിക ടെന്റുകളിലാണ് കഴിയുന്നത്. വസ്ത്രവും ഭക്ഷണവും പരിമിതമാണ്. കുടിവെള്ളവും വൈദ്യുതിയും കിട്ടാതെ മാസങ്ങളായി.


തകരുന്ന സമ്പദ്‌വ്യവസ്ഥ


പലസ്തീനിലെ പ്രധാന ന​ഗരമായിരുന്നു ​ഗാസ. വാണിജ്യ-വ്യവസായ തലസ്ഥാനമായിരുന്നെന്ന് തന്നെ പറയാം. ​ഗാസയിലെ 92 ശതമാനം വ്യവസായ-വാണിജ്യ സ്ഥാപനങ്ങളും ഇസ്രയേൽ ബോംബിട്ട് തകർത്തതായാണ് യുഎൻ കണക്കുകൾ വ്യക്തമാക്കുന്നത്. ഒരു രാജ്യത്തെ ഇല്ലാതാക്കുമ്പോൾ ഏറ്റവുമധികം ബാധിക്കുന്നത് അവിടുത്തെ സമ്പദ്‌വ്യവസ്ഥയെയാണ്. ഇസ്രയേൽ അധിനിവേശത്തോടെ വീടു പോലും നഷ്ടമായതോടെ പലസ്തീനിലെ തൊഴിലില്ലായ്മ നിരക്ക് 78 ശതമാനമായി ഉയർന്നു. ജനങ്ങളുടെ ഉപജീവനമാർഗ്ഗം പൂർണമായും ഇല്ലാതായി. പ്രതിശീർഷ വരുമാനം 17 ശതമാനമായി കൂപ്പുകുത്തി. നിത്യോപയോഗ സാധനങ്ങളുടെ വിലകുത്തനെ വർധിച്ചു. കൃഷി ഭൂമിയെല്ലാം ഉപയോ​ഗ ശൂന്യമായി, നിർമാണ മേഖല സ്തംഭിച്ചു. ഇതോടെ ജനങ്ങൾക്ക് ഏതൊരാവശ്യത്തിനും അന്താരാഷ്ട്ര ഏജൻസികളുടെ സഹായങ്ങൾ ആശ്രയിക്കേണ്ടതായി വന്നു. ഇന്നും അഭയാർഥികളായി ജീവിച്ചു തീർക്കുന്ന പലസ്തീനുകാരുടെ ഏക ആശ്രയം ഇത്തരം അന്താരാഷ്ട്ര ഏജൻസികളാണ്.


ഓർത്തുവെയ്ക്കാൻ വർണക്കാഴ്ചകളൊന്നുമില്ലാത്ത ​ബാല്യം


ലോകത്തെല്ലാ യുദ്ധങ്ങളുടെയും ഏറ്റവും വലിയ ഇരകൾ കുട്ടികളും സ്ത്രീകളുമാണ്. ​ഗാസയിലെ സ്ഥിതിയും മറിച്ചല്ല. ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്ന കണക്കാണ് യുഎൻ സ്വതന്ത്ര അന്താരാഷ്ട്ര അന്വേഷണ കമ്മീഷൻ ​ഗാസയെ കുറിച്ച് പുറത്തുവിട്ടത്. 2023 ഒക്ടോബർ 7 മുതൽ ഇതുവരെ ​ഗാസയിൽ 20,000 കുട്ടികളാണ് കൊല്ലപ്പെട്ടത്, 44,000 കുട്ടികൾക്ക് പരിക്കേറ്റതായും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.


ഗാസയിലെ സ്കൂളുകളെല്ലാം ഇസ്രയേലിന്റെ ആക്രമണങ്ങളിൽ തകർക്കപ്പെട്ടു. യുണിസെഫിന്റെ കണക്കുകൾ പ്രകാരം ഇസ്രയേൽ ​പലസ്തീനെതിരെ കടന്നാക്രമണം തുടങ്ങി മൂന്ന് വർഷമായി ഏഴ് ലക്ഷത്തോളം കുട്ടികൾക്ക് സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. അങ്ങനെ ഒരു തലമുറയുടെ ബാല്യവും ഭാവിയും ഇല്ലാതാക്കി. ​ഗാസയിലെ കുട്ടികൾക്ക് ഓർത്തുവെയ്ക്കാൻ വെടിയൊച്ചയുടെ ശബ്ദവും, അമ്മമാരുടെ കരച്ചിലുകളും, അച്ഛന്മാരുടെ നിസ്സഹായതയുമാല്ലാതെ വർണക്കാഴ്ചകളൊന്നുമില്ല.


ആരോഗ്യ മേഖലയുടെ അവസ്ഥയും ഇങ്ങനെയൊക്കെ തന്നെയാണ്. ഗാസയിലെ 36 ആശുപത്രികളാണ് ഇസ്രയേൽ ആക്രമിച്ചത്. നിലവിൽ 19 ആശുപത്രികൾ മാത്രമാണ് ഭാഗികമായെങ്കിലും ​ഗാസയിൽ പ്രവർത്തിക്കുന്നത്. ജീവൻരക്ഷാ മരുന്നുകൾ പോലും കിട്ടാനില്ലാതെ മരിക്കുന്നവരുമുണ്ട് ​ഗാസയിലെ അഭയാർഥി ക്യാമ്പുകളിൽ.


ഒരു രാജ്യമില്ലാതാകുമ്പോൾ


അടുത്തിടെ ​ഗൂ​ഗിൾ എർത്തിലെ ഗാസയുടെ പഴയചിത്രവും പുതിയ ചിത്രവും ലോകശ്രദ്ധ നേടിയിരുന്നു. ഒരു രാജ്യത്തെ പ്രധാന ന​ഗരത്തിന്റെ ഭൂപ്രകൃതിയെ തന്നെ ഇസ്രയേൽ അധിനിവേശത്തിലൂടെ ഇല്ലാതാക്കി. യൂറോ-മെഡ് ഹ്യൂമൻ റൈറ്റ്സ് മോണിറ്ററിന്റെ റിപ്പോർട്ട് പ്രകാരം, നിലവിൽ ഗാസയുടെ 70 ശതമാനം പ്രദേശവും ഇസ്രയേൽ സൈന്യം കൈയടക്കിവച്ചിരിക്കുന്നത്. റഫാ നഗരം ഇസ്രയേൽ സൈന്യം അധിനിവേശത്തിലൂടെ കൈക്കലാക്കിയതോടെ പലസ്തീനുകാർക്ക് സ്വന്തം വീടുകളിലേക്ക് മടങ്ങാനുള്ള അവകാശം കൂടിയാണ് നിഷേധിക്കപ്പെട്ടത്.


ഗാസയിൽ ബോധപൂർവമുള്ള അതിക്രമങ്ങൾ സൃഷ്ടിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് വ്യക്തമാണ്. ഇതിന് ഉദാഹരണമാണ് പൊലീസുകാരെയും സിവിലിയൻ ഉദ്യോഗസ്ഥരെയും തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന ഇസ്രയേൽ നയം. ലോകം മുഴുവൻ അധിനിവേശവും വെടിനിർത്തലും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുമ്പോഴും, സാമ്രാജ്യത്വ താല്പര്യങ്ങൾ മുറുകെപ്പിടിച്ച് ഒരു രാജ്യത്തെ, ഒരു ജനതയെ ലോകത്ത് നിന്ന് തുടച്ചുനീക്കാനുള്ള നീക്കമാണ് ഇസ്രയേൽ ഗാസയിൽ തുടരുന്നത്.




Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home