Deshabhimani

വ്യാജ മാർഗങ്ങളിലൂടെ രേഖകൾ; ഇന്ത്യൻ പൗരന്റെ ബംഗ്ലാദേശി ഭാര്യയ്ക്ക് രാജ്യത്ത് പ്രവേശനം നിഷേധിച്ച നടപടി ശരിവെച്ച് കോടതി

kolkata high court
വെബ് ഡെസ്ക്

Published on Oct 07, 2026, 03:58 PM | 1 min read

കൊൽക്കത്ത: ഇന്ത്യൻ പൗരന്റെ ബംഗ്ലാദേശി ഭാര്യയ്ക്ക് ഇന്ത്യയിൽ പ്രവേശനം നിഷേധിച്ച ഇമിഗ്രേഷൻ അധികൃതരുടെ നടപടി കൽക്കട്ട ഹൈക്കോടതി ശരിവച്ചു. വ്യാജ മാർഗങ്ങളിലൂടെ ഇന്ത്യൻ രേഖകൾ സ്വന്തമാക്കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം നിഷേധിച്ചതെന്ന് കോടതി വ്യക്തമാക്കി.


ഭാര്യ ശ്രാബന്തി ചൗധരിയെയും പ്രായപൂർത്തിയാകാത്ത മകനെയും ഇന്ത്യയിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ പൗരനായ പ്രദീപ് ബോസ് നൽകിയ ഹർജി ജസ്റ്റിസ് കൃഷ്ണ റാവു തള്ളി.


ഇന്ത്യൻ പൗരന്റെ ഭാര്യ എന്ന നിലയിൽ ചൗധരി മൾട്ടിപ്പിൾ എൻട്രി X-I വിസ ഉപയോഗിച്ച് ഇന്ത്യയിലെത്തിയിരുന്നു. 2025 സെപ്തംബർ 25 ന് അനുവദിച്ച അവസാന വിസയ്ക്ക് ഈ വർഷം സെപ്തംബർ 24 വരെ കാലാവധിയുണ്ടായിരുന്നു. 2026 ഏപ്രിലിൽ ബംഗ്ലാദേശിലേക്ക് പോയ അവർ ഇന്ത്യയിലേക്ക് മടങ്ങുന്നതിനിടെ ഓഗസ്റ്റ് 23 ന് പ്രവേശനം നിഷേധിക്കുകയായിരുന്നു.


ബംഗ്ലാദേശ് പൗരയായ ചൗധരിക്ക് 2027 സെപ്തംബർ 7 വരെ സാധുതയുള്ള പാസ്‌പോർട്ടുണ്ടെന്ന് അധികൃതർ കോടതിയെ അറിയിച്ചു. എന്നാൽ, വോട്ടർ കാർഡ്, പാൻ കാർഡ് തുടങ്ങിയ ഇന്ത്യൻ രേഖകൾ വ്യാജ മാർഗങ്ങളിലൂടെ സ്വന്തമാക്കിയതായി കണ്ടെത്തിയതിനെ തുടർന്നാണ് പ്രവേശനം തടഞ്ഞതെന്നും വ്യക്തമാക്കി.


2025 ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിൻേഴ്സ് ആക്ട് പ്രകാരം ഇന്ത്യയിലേക്കുള്ള പ്രവേശനം നിയന്ത്രിക്കാൻ അധികൃതർക്ക് അധികാരമുണ്ടെന്നും സർക്കാർ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ചൗധരിയുടെ ഇന്ത്യയിലേക്കുള്ള പ്രവേശനം അധികൃതർ ശരിയായ രീതിയിലാണ് നിഷേധിച്ചതെന്ന് നിരീക്ഷിച്ച കോടതി, പ്രദീപ് ബോസിന്റെ ഹർജി തള്ളുകയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home