തോട്ടപ്പള്ളി പൊഴി മുറിക്കാതെ യുഡിഎഫ് സർക്കാർ: കുട്ടനാട് മുങ്ങി; കെഎംഎംഎല്ലും പ്രതിസന്ധിയില്‍

തോട്ടപ്പള്ളി പൊഴി
സ്വന്തം ലേഖകൻ
Published on Aug 09, 2026, 11:09 AM | 1 min read
കൊല്ലം : തോട്ടപ്പള്ളിയിൽ പൊഴി മുറിച്ചിരുന്നെങ്കിൽ മഴയിൽ കുട്ടനാട് വെള്ളത്തിൽ മുങ്ങില്ലായിരുന്നെന്ന് വിദഗ്‌ധർ. ഒപ്പം ചവറ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ (കെഎംഎംഎൽ) പ്രതിസന്ധിയും ഒഴിവായേനെ. മാർച്ചിലോ ഏപ്രിലിലോ പൊഴി മുറിക്കേണ്ടിയിരുന്നു. എന്നാൽ, സർക്കാർ പൊഴിമുറിക്കാൻ കെഎംഎംഎല്ലിനോട് ആവശ്യപ്പെട്ടില്ല. കഴിഞ്ഞ കുറെക്കാലമായി പൊഴി മുറിക്കുന്നതും മണ്ണ് നീക്കുന്നതും കെഎംഎംഎൽ ആണ്.
കുട്ടനാട്ടിൽ ദിനംപ്രതി വെള്ളം ഉയരുന്ന സ്ഥിതിയിൽ പൊഴി മുറിക്കാനും മണൽ നീക്കാനും കെഎംഎംഎല്ലിനോട് സർക്കാർ ആവശ്യപ്പെടുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. പൊഴി മുറിക്കാൻ കെഎംഎംഎൽ പലപ്രാവശ്യം ഇറിഗേഷൻ വകുപ്പിനോട് അനുമതി ചോദിച്ചു. എന്നാൽ, അനുമതി നൽകിയില്ല. കുട്ടനാട്ടിൽ വെള്ളം ഉയരുമ്പോൾ തോട്ടപ്പള്ളി പൊഴി മുറിക്കുകയും സ്പിൽവേ ഷട്ടർ തുറക്കുകയുമാണ് പതിവ്. കഴിഞ്ഞ അഞ്ച് വർഷമായി പൊഴി മുറിക്കുന്നത് കെഎംഎംഎൽ ആണ്. പൊഴിയിൽ അടിയുന്ന മണലിൽ വൻതോതിൽ ഓട്ടോമിക് ധാതുക്കളുടെ സാന്നിധ്യമുണ്ട്. അത് അഴിമുഖത്തുനിന്ന് കെഎംഎംഎൽ ഡ്രഡ്‌ജ് ചെയ്യും. ചെലവ് കെഎംഎംഎൽ വഹിക്കും. സർക്കാരിന് ടണ്ണിന് ആയിരത്തോളം രൂപ നൽകും. എന്നാൽ, ഈ മണൽ മാഫിയകൾക്ക് വിൽക്കാനും കരാറിന്റെ പേരിൽ അഴിമതിക്കുമാണ് സർക്കാർ ശ്രമിക്കുന്നതെന്നാണ് ആക്ഷേപം.
ധാതുമണൽ കിട്ടാത്തതിനാൽ കെഎംഎംഎൽ പ്രതിസന്ധിയിലാണ്. കമ്പനിയിൽ ധാതുമണൽ വേർതിരിക്കുന്ന എംഎസ് യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ഇനി അവശേഷിക്കുന്നത് രണ്ടുമാസത്തേക്കുള്ള മണൽ മാത്രമാണ്.
എംഎസ് യൂണിറ്റിന്റെ പ്രവർത്തനത്തിന് അസംസ്‌കൃത ധാതുമണൽ ഒരുവർഷം ആറുലക്ഷം ടണ്ണും മാസം 50,000 ടണ്ണും ആവശ്യമാണ്. പൊന്മനയിലെയും തോട്ടപ്പള്ളിയിലെയും ധാതുമണൽ ശേഖരമാണ് കെഎംഎംഎല്ലിനെ പിടിച്ചുനിർത്തിയിരുന്നത്. പൊന്മനയിൽ മാത്രം ഖനനംനടത്തി കെഎംഎംഎല്ലിന് മുന്നോട്ടുപോകാനാകില്ല.









0 comments