print edition ഇറാൻ വീഴ്‌ത്തിയ വിമാനത്തിലെ സൈനികനെ രക്ഷിച്ച് യുഎസ്

ഇറാൻ വെടിവച്ചിട്ട അമേരിക്കൻ യുദ്ധവിമാനം എഫ് –15 ഇയുടെ അവശിഷ്‍ടങ്ങള്‍.
തെഹ്‌റാൻ/വാഷിങ്‌ടൺ : ഇറാൻ വെടിവച്ചിട്ട അമേരിക്കയുടെ എഫ്15 ഇ യുദ്ധവിമാനത്തിലെ രണ്ടാമനെ ദുഷ്‌കരമായ ദൗത്യത്തിലൂടെ രക്ഷിച്ചെന്ന് യുഎസ്. കേണൽ റാങ്കിലുള്ള വെപ്പൺ സിസ്‌റ്റം ഓഫീസറെയാണ് തെക്കുപടിഞ്ഞാറൻ ഇറാനിൽനിന്ന് രക്ഷിച്ചത്. സൈനികനെ രക്ഷിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. അദ്ദേഹത്തിന് ചെറിയ പരിക്കുകൾ മാത്രമാണുള്ളതെന്നും ഉടൻ ഭേദമാകുമെന്നും ട്രംപ് പറഞ്ഞു. നൂറുകണക്കിന് സ്‌പെഷ്യൽ ഫോഴ്സ് അംഗങ്ങളും ഡസൻ കണക്കിന് യുദ്ധവിമാനങ്ങളും രംഗത്തിറങ്ങി. ദൗത്യത്തിൽ അമേരിക്കൻ സൈനികർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. വിമാനം തകർന്നു വീണതിന് പിന്നാലെ പൈലറ്റിനെ രക്ഷിച്ചിരുന്നു.
സി -130ഉം 2 ബ്ലാക്ക് ഹോക്കും വീഴ്‌ത്തി
ദൗത്യത്തിനെത്തിയ അമേരിക്കയുടെ സി -130 സൈനിക വിമാനവും രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളും വെടിവച്ചിട്ടതായി ഇറാൻ സൈന്യം പറഞ്ഞു. തെക്കൻ ഇസ്‌ഫാഹാനിൽ വിമാനങ്ങൾ കത്തിയമരുന്ന ചിത്രങ്ങളും പുറത്തുവിട്ടു. പേർഷ്യൻ ഗൾഫിൽ ഒരു യുഎസ് എ10 പ്രതിരോധ വിമാനം തകർന്നു വീണതായും റിപ്പോർട്ടുണ്ട്. ഇതേ മേഖലയിൽ ഇസ്രയേലിന്റെ ഡ്രോൺ വീഴ്‌ത്തിയെന്നും ഇറാൻ പറഞ്ഞു.
അസഭ്യവർഷവുമായി ട്രംപ്
ഹോർമുസ് കടലിടുക്ക് തുറന്ന് തന്നില്ലെങ്കിൽ ചൊവ്വാഴ്ച ഇറാനിലെ ഊർജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തി ട്രംപ്. അസഭ്യ വാക്കുകൾ നിറഞ്ഞതാണ് ട്രംപിന്റെ ‘സന്ദേശം’. സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് പ്രതികരണം. കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാൻ ജനതയ്ക്ക് നരകജീവിതം നയിക്കേണ്ടി വരുമെന്നും ട്രംപ് പറഞ്ഞു. അതേസമയം, ഇറാനിലെ ബുഷെഹർ ആണവനിലയത്തിനുനേരെ ഇസ്രയേൽ നാലാം തവണയും ആക്രമണം നടത്തി. ശനിയാഴ്‌ചത്തെ ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആണവ വികിരണ സാധ്യതയുള്ള അതീവ അപകടകരമായ സാഹചര്യമാണിതെന്ന് ഇറാൻ ഐക്യരാഷ്ട്രസഭയെ അറിയിച്ചു.
ഇറാനിൽ മരണം 2000 കവിഞ്ഞു
യുഎസ്, ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ മരണം 2076 ആയി. 26500 പേർക്ക് പരിക്കേറ്റു. ലെബനനിൽ ഇതുവരെ 1345 പേർ കൊല്ലപ്പെട്ടു. 4040 പേർക്കാണ് പരിക്കേറ്റത്. ഇസ്രയേലിൽ 24 പേർ കൊല്ലപ്പെട്ടു. 6594 പേർക്ക് പരിക്കേറ്റു.









0 comments