കരാര്‍ റെഡി, ഒപ്പുവെക്കുന്ന കാര്യം തീരുമാനമായില്ലെന്ന് ഇറാൻ

ടെഹ്റാൻ: അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ ഇരുരാജ്യങ്ങളും തമ്മിൽ പല സുപ്രധാന വിഷയങ്ങളിലും ധാരണയിലെത്തിയതായി ഇറാന്റെ വിദേശകാര്യ മന്ത്രാലയം. എന്നാൽ, കരാർ ഉടൻ ഒപ്പുവെക്കുമെന്ന് പറയാറായിട്ടില്ലെന്നും ഇറാൻ വ്യക്തമാക്കി.
14 ഇന ചട്ടക്കൂട്
ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധം അവസാനിപ്പിക്കാനായി 14 ഇന ചട്ടക്കൂടാണ് രൂപീകരിക്കുന്നത്. ലെബനൻ ഉൾപ്പെടെ മേഖലയിലെ യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് ഇറാൻ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
ഏപ്രിൽ 13 മുതൽ ഇറാന്റെ തുറമുഖങ്ങൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം അവസാനിപ്പിക്കുക എന്നത് കരാറിന്റെ പ്രധാന ഭാഗമാണ്. ആഗോള തലത്തിൽ അതീവ പ്രാധാന്യമുള്ള ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായും സുരക്ഷിതമാക്കാൻ ഇറാൻ നടപടികൾ സ്വീകരിക്കും. ഹോർമൂസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ നികുതിയല്ല ഈടാക്കുന്നതെന്നും, മറിച്ച് കപ്പലുകളുടെ സുരക്ഷയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനുമായി നൽകുന്ന 'നാവിഗേഷൻ സേവനങ്ങൾക്കുള്ള ഫീസ്' മാത്രമാണെന്നും ഇറാന്റെ വിദേശകാര്യ വക്താവ് ഇസ്മായിൽ ബഖായി പ്രസ്താവനയിൽ അവകാശപ്പെടുകയും ചെയ്തു.
തർക്കവിഷയങ്ങൾ
ഇറാന്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ഈ പ്രാഥമിക ചട്ടക്കൂടിൽ ഉൾപ്പെടുത്തിയിട്ടില്ല. ഈ വിഷയത്തിൽ ഇരുരാജ്യങ്ങളും തമ്മിൽ ആദ്യം ധാരണയിലെത്തിയ ശേഷം മാത്രമേ ആണവ പ്രശ്നങ്ങൾ ചർച്ച ചെയ്യൂ എന്നും ഇറാൻ പറയുന്നു. ഇതിനിടെ, അമേരിക്ക തങ്ങളുടെ നിലപാടുകളിൽ ഇടയ്ക്കിടെ മാറ്റം വരുത്തുന്നുവെന്നും അവര്‍ ആവര്‍ത്തിച്ചു.
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ പ്രതിനിധികളോട് ചർച്ചകളിൽ 'ധൃതി കൂട്ടേണ്ടതില്ല' എന്ന് നിർദ്ദേശിച്ച പശ്ചാത്തലത്തിലാണ് ഇറാന്റെ ഈ പ്രതികരണം.തിങ്കളാഴ്ച തന്നെ സമാധാന കരാർ യാഥാർത്ഥ്യമായേക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ നേരത്തെ സൂചന നൽകിയിരുന്നു. എന്നാൽ ഉടൻ തന്നെ ഒരു കരാർ ഒപ്പിടുമെന്ന് ഉറപ്പിച്ചു പറയാൻ ആർക്കും കഴിയില്ലെന്ന നിലയ്ക്കാണ് ഇറാന്റെ പ്രസ്താവന പുറത്തു വന്നിരിക്കുന്നത്.
യുദ്ധ സമാധാനം അകലെ അരികിൽ
ചർച്ച ചെയ്യുന്ന ഭൂരിഭാഗം വിഷയങ്ങളിലും ഇരുവിഭാഗവും ഒരു തീരുമാനത്തിൽ എത്തിക്കഴിഞ്ഞു എന്ന് ഇറാന്റെ വിദേശകാര്യ മന്ത്രാലയം സമ്മതിക്കുന്നുണ്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കരാർ ഉടൻ ഉണ്ടായേക്കുമെന്ന സൂചന നൽകിയത് അമേരിക്കയും ഇതിനായി സജീവമായി ശ്രമിക്കുന്നു എന്ന ചിത്രം നൽകുന്നു.
യുദ്ധം നിർത്തിയ ശേഷം മാത്രമേ ആണവ വിഷയം സംസാരിക്കൂ എന്നാണ് ഇറാന്റെ നിലപാട്. ഈ സാഹചര്യത്തിൽ, ചർച്ചകളിൽ ധൃതി കൂട്ടേണ്ടതില്ല എന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തങ്ങളുടെ പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയത് കൂടുതൽ ആനുകൂല്യങ്ങൾ നേടിയെടുക്കാനാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. അവസാനവട്ട സമ്മർദ്ദ തന്ത്രങ്ങളാണ് നടക്കുന്നത്.
നിഴലായ് ഇസ്രയേൽ
പ്രത്യക്ഷത്തിൽ ചർച്ചകൾ അമേരിക്കയും ഇറാനും തമ്മിലാണെന്ന് തോന്നുമെങ്കിലും തിരശ്ശീലയ്ക്ക് പിന്നിൽ ഇസ്രയേലിന്റെ വലിയൊരു പങ്ക് ഉണ്ട്. അവരുടെ സമ്മര്‍ദ്ദത്തിലാണ് ട്രംപിന്റെ നിലപാടുകളിൽ പലപ്പോഴും ചാഞ്ചാട്ടം കടന്നു വരുന്നത്. "ധൃതി കൂട്ടേണ്ടതില്ല" എന്ന് ട്രംപ് സ്വന്തം പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയതിന് പിന്നിൽ ഇസ്രയേലിന്റെ ശക്തമായ ലോബിയിംഗ് ഉണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്. ഇറാനെ പൂർണ്ണമായി ഒതുക്കാതെ ഒരു ധൃതിപിടിച്ച കരാറിലേക്ക് അമേരിക്ക പോകരുതെന്ന് ഇസ്രയേൽ ആഗ്രഹിക്കുന്നു.
യുദ്ധം നിർത്തി, ഉപരോധം നീങ്ങി ഇറാന് സാമ്പത്തിക നേട്ടമുണ്ടായാൽ അവർ തങ്ങളുടെ ആണവ പദ്ധതികൾ കൂടുതൽ ശക്തമാക്കുമെന്ന് ഇസ്രയേൽ ഭയപ്പെടുന്നു. അതുകൊണ്ട് തന്നെ, ആണവ കരാർ ഇല്ലാതെ അമേരിക്ക ഒപ്പുവെക്കുന്ന ഒരു സമാധാന ചട്ടക്കൂടും പൂർണ്ണമാകില്ലെന്ന് ഇസ്രയേൽ വാദിക്കുന്നു. മാത്രമല്ല ഇസ്രയേലിന്റെ അധിനിവേശ മോഹങ്ങൾക്കും നീക്കങ്ങൾക്കും ഇറാന്റെ സൈനിക ശേഷി തടസവും വെല്ലുവിളിയുമായി നിലനിൽക്കും.
അമേരിക്കയും ഇറാനും തമ്മിൽ ഒരു ധാരണയിലെത്തിയാലും, ഇസ്രയേലിന്റെ സുരക്ഷാ താല്പര്യങ്ങളെ പൂർണ്ണമായി തൃപ്തിപ്പെടുത്താത്ത ഒരു കരാറും മേഖലയിൽ ദീർഘകാല സമാധാനം കൊണ്ടുവരില്ല എന്ന ആശങ്കയും പങ്കുവെക്കപ്പെടുന്നു. പലസ്തീന് പിന്നാലെ ലെബനനിലും ഇസ്രയേൽ അധിനിവേശ നീക്കങ്ങൾ തുടരുകയാണ്. ഭൂവിഭാഗങ്ങൾ കൂടി പിടിച്ചടക്കിയും ആതേസമയം തദ്ദേശവാസികളുടെ തൊഴിൽ ശേഷിയെ ചൂഷണം ചെയ്തുമുള്ള തന്ത്രപരമായ നീക്കങ്ങളും തുടരുന്നു. ലോകം മുഴുവൻ പ്രതിസന്ധി നേരിടുകയും സമാധാന പ്രതീക്ഷയോടെ കാത്തിരിക്കയും ചെയ്യുമ്പോൾ ഓരോ ഘട്ടവും ചര്‍ച്ചകൾ വ്യത്യസ്ത തലങ്ങളിലേക്ക് മാറുകയാണ്.










0 comments