ad
Deshabhimani

കൊവിഡ് കാലത്തെ 'മോദി വിഡ്ഢിത്തത്തിന്' അതേ നാണയത്തിൽ മറുപടി; നീറ്റ് ക്രമക്കേടിൽ സിജെപി രണ്ടാംഘട്ട പ്രക്ഷോഭം ഇന്ന്

CJP.jpg
വെബ് ഡെസ്ക്

Published on Jun 20, 2026, 06:17 AM | 1 min read

ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തുലച്ച നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) നടത്തുന്ന രണ്ടാംഘട്ട പ്രക്ഷോഭം ഇന്ന് ജന്തർ മന്ദറിൽ നടക്കും. പ്രതിഷേധത്തിൽ പങ്കെടുക്കാൻ എത്തുന്നവർ കയ്യിൽ പ്ലേറ്റും സ്പൂണുമായി എത്തണമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ ആഹ്വാനം ചെയ്തു.


ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന പ്രതിഷേധത്തിൽ എല്ലാവരും പാത്രങ്ങളുമായി വരണമെന്നും ബാക്കി കഥ രാജ്യത്തിന് അറിയാമെന്നും ദിപ്കെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ വ്യക്തമാക്കി. കൊവിഡ് മഹാമാരിയുടെ കാലത്ത് ദുരിതത്തിലായ ജനങ്ങളെ കൈവിട്ട്, കൈയടിക്കാനും പാത്രം കൊട്ടാനും ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഴയ വിഡ്ഢിത്തത്തെ പരിഹസിച്ചാണ് 'പാത്രം കൊട്ടൽ' സമരവുമായി സമരക്കാർ രംഗത്തിറങ്ങുന്നത്.


ആദ്യ ഘട്ട സമരം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ജന്തർ മന്തറിൽ വീണ്ടും പ്രതിഷേധം ഇരമ്പുന്നത്. സമരത്തിന് ഡൽഹി പൊലീസിന്റെ അനുമതി ലഭിച്ചതായി സംഘാടകർ അറിയിച്ചു.


അതേസമയം പരീക്ഷാ തട്ടിപ്പിൽ രാജ്യവ്യാപകമായി പ്രതിഷേധം ആളിപ്പടരുന്ന പശ്ചാത്തലത്തിൽ, നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ഇന്ന് മോക്ക് ഡ്രിൽ നടത്താൻ തീരുമാനിച്ചിട്ടുണ്ട്. മെയ് മൂന്നിന് 22 ലക്ഷത്തിലധികം വിദ്യാർത്ഥികൾ എഴുതിയ പരീക്ഷ, ചോദ്യപ്പേപ്പർ മാഫിയ ചോർത്തിയതിനെ തുടർന്നാണ് റദ്ദാക്കേണ്ടി വന്നത്. വൻ പ്രതിഷേധത്തിനൊടുവിൽ ഞായറാഴ്ച പുനഃപരീക്ഷ നടക്കാനിരിക്കെ, മുഖംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ് എൻടിഎ അധികൃതർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home