Deshabhimani

തിരിച്ചടിച്ച് ഇറാൻ; അമേരിക്കയുടെ 21 സൈനിക കേന്ദ്രങ്ങളിൽ ആക്രമണം; എഫ് 35 ഹാങ്ങറുകൾ തകർത്തു

Iran Flag

PHOTO: AFP

വെബ് ഡെസ്ക്

Published on Jun 10, 2026, 09:26 AM | 2 min read

തെഹ്റാൻ: അമേരിക്കയുടെ സൈനികനീക്കത്തിന് ഉടനടി തിരിച്ചടി നൽ‌കിയതായി ഇറാൻ. അമേരിക്കയുടെ എഫ്-35 യുദ്ധവിമാനങ്ങളുടെ ഹാങ്ങറുകൾ (വിമാനങ്ങൾ സൂക്ഷിക്കുന്ന സ്ഥലം) തകർത്തതായും, ഏകദേശം 21 അമേരിക്കൻ വ്യോമ-നാവിക താവളങ്ങൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) അവകാശപ്പെട്ടു. നേരത്തെ തെക്കൻ ഇറാനിലെ പല പ്രദേശങ്ങളിലും അമേരിക്ക നടത്തിയ ആക്രമണങ്ങൾക്കുള്ള മറുപടിയായിട്ടായിരുന്നു ഈ തിരിച്ചടി.


നാല് തന്ത്രപ്രധാനമായ സ്ഥലങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇറാന്റെ ആക്രമണം എന്നാണ് റിപ്പോർട്ട്. ജോർദാനിലെ അൽ-അസ്രഖ് താവളത്തിലുള്ള യുഎസ് സൈന്യത്തിന്റെ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ തങ്ങൾ തകർത്തതായും, മേഖലയിലെ 21 വ്യോമ-നാവിക താവളങ്ങളിൽ ആക്രമണം നടത്തിയതായും റിപ്പോർട്ടുണ്ട്. ജോർദാനിലെ മുവാഫഖ് സാൽതി വ്യോമതാവളത്തിലും ഇറാന്റെ മിസൈലുകൾ പതിച്ചിട്ടുണ്ട്.


ഇതിന് പിന്നാലെ, കുവൈറ്റിലും ബഹ്‌റൈനിലും സ്ഫോടനങ്ങൾ ഉണ്ടായതായി ഔദ്യോഗിക വാർത്താ ചാനലായ 'പ്രസ് ടിവി' റിപ്പോർട്ട് ചെയ്തു. ഈ ഇരുരാജ്യങ്ങളിലെയും അമേരിക്കൻ താവളങ്ങളെ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്നാണ് റിപ്പോർട്ട്. ബഹ്‌റൈനിലെയും കുവൈറ്റിലെയും യുഎസ് താവളങ്ങൾ വീണ്ടും ലക്ഷ്യമിട്ടിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. ബഹ്‌റൈനിലെ യുഎസ് നാവിക താവളത്തിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിന്റെ ഉത്തരവാദിത്തവും ഐആർജിസി ഏറ്റെടുത്തു.


പ്രാദേശിക സമയം പുലർച്ചെ 2.30 ഓടെ ബഹ്‌റൈനിലെ യുഎസ് നാവിക കേന്ദ്രത്തിന് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


ഹോർമുസ് കടലിടുക്കിന് മുകളിൽ യുഎസ് സൈന്യത്തിന്റെ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നുവീണതിനെത്തുടർന്ന് വീണ്ടും അതി​വേ​ഗം സംഘർഷത്തിലേക്ക് കടന്നത്. ഇതിന് പിന്നാലെ ഇറാനെതിരെ "പ്രതിരോധ ആക്രമണങ്ങൾ" ആരംഭിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരുന്നു. ഹോർമുസ് കടലിടുക്കിന് മുകളിൽ പട്രോളിംഗ് നടത്തുകയായിരുന്ന അപ്പാച്ചെ ഹെലികോപ്റ്റർ ഇറാന്റെ ആക്രമണത്തിലാണ് തകർന്നതെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. .


അതേസമയം, ഗൾഫ് മേഖലയിൽ സൈനിക സാന്നിധ്യം നിലനിർത്തുന്നതിനെതിരെ അമേരിക്കയ്ക്ക് ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. ഏതൊരു ഭീഷണിക്കും ഇറാൻ തിരിച്ചടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. "ഞങ്ങളുടെ ശക്തമായ സായുധസേന ഒരു ആക്രമണവും ഭീഷണിയും മറുപടി നൽകാതെ വിടില്ല. നിങ്ങൾക്ക് സുരക്ഷിതമായിരിക്കണമെന്നുണ്ടെങ്കിൽ ഞങ്ങളുടെ പ്രദേശം വിട്ടുപോവുക. "- അരാഗ്ചി എക്സിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home