താത്കാലിക വെടിനിർത്തലില്ല; നിലപാട് വ്യക്തമാക്കി ഇറാൻ; ട്രംപിന്റെ വാദങ്ങൾ തള്ളി

ഇറാൻ വിദേശകാര്യ സഹമന്ത്രി സയീദ് ഖത്തീബ്‌സാദെ
അൻ്റാലിയ: മേഖലയിലെ സംഘർഷങ്ങളിൽ താൽക്കാലിക വെടിനിർത്തൽ കരാറിനില്ലെന്ന് വ്യക്തമാക്കി ഇറാൻ. ഇറാൻ വിദേശകാര്യ സഹമന്ത്രി സയീദ് ഖത്തീബ്‌സാദെയാണ് രാജ്യത്തിന്റെ കർശന നിലപാട് വ്യക്തമാക്കിയത്. മേഖലയിലുടനീളം യുദ്ധം പൂർണ്ണമായി അവസാനിപ്പിക്കണമെന്നാണ് ഇറാന്റെ നിലപാട്.
ലെബനൻ മുതൽ ചെങ്കടൽ വരെ നീളുന്ന എല്ലാ സംഘർഷ മേഖലകളെയും ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു കരാർ മാത്രമേ അംഗീകരിക്കൂ. ഇത് ഇറാന്റെ 'റെഡ് ലൈൻ' ആണെന്നും താൽക്കാലികമായ ഒത്തുതീർപ്പുകൾക്ക് സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹോർമുസ് കടലിടുക്കിലെ അസ്ഥിരതയ്ക്ക് കാരണം ഇസ്രയേലും യുഎസുമാണെന്നും ഇവരുടെ ഇടപെടലുകൾ ആഗോള സാമ്പത്തിക വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചുവെന്നും ഖത്തീബ്‌സാദെ കുറ്റപ്പെടുത്തി.
ഇറാനുമായി സമാധാന കരാർ ഉടൻ യാഥാർത്ഥ്യമാകുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങളെയും അദ്ദേഹം തള്ളി. ഇറാൻ തങ്ങളുടെ സമ്പുഷ്ടീകരിച്ച യുറേനിയം യുഎസിന് കൈമാറാൻ സമ്മതിച്ചുവെന്ന ട്രംപിന്റെ പ്രസ്താവനയെ ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ പരിഹസിച്ചു.
ട്രംപ് വെറുതെ ആകാശക്കോട്ട കെട്ടുകയാണെന്നും 'ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നത് പോലെ'യാണ് ഇതെന്നും ഇറാൻ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഐആർഐബി പരിഹസിച്ചു. ഇറാന്റെ പരമാധികാരത്തെയും താത്പര്യങ്ങളെയും സംരക്ഷിക്കുന്ന കരാറുകൾക്ക് മാത്രമേ പ്രസക്തിയുള്ളൂവെന്നും ഇറാൻ വ്യക്തമാക്കി.









0 comments