ഐഎഇഎയെ വിലക്കി ഇറാൻ

തെഹ്‌റാൻ
അന്താരാഷ്‌ട്ര ആണവോർജ ഏജൻസി(ഐഎഇഎ) യുമായുള്ള സഹകരണം താൽക്കാലികമായി നിർത്തിവയ്‌ക്കുന്ന ബില്ലിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌ക്യൻ ഒപ്പുവച്ചു. ആണവകേന്ദ്രങ്ങൾ സന്ദർശിക്കണമെന്ന ഐഎഇഎ മേധാവി റാഫേൽ ഗ്രോസിയുടെ ആവശ്യം ഇറാൻ നിരസിക്കുകയുംചെയ്‌തു.
അമേരിക്കയും ഇസ്രയേലും ആണവകേന്ദ്രങ്ങളിൽ നടത്തിയ ആക്രമണത്തെത്തുടർന്നാണ് ഇറാന്റെ നടപടി. തീർത്തും പക്ഷപാതപരമായി പെരുമാറുന്ന ഐഎഇഎയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ബിൽ ഇറാൻ പാർലമെന്റ് പാസാക്കിയിരുന്നു. ഇതാണ് പ്രസിഡന്റ് ഒപ്പുവച്ചത്.
ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിലിന്റെ അനുമതിയില്ലാതെ ഐഎഇഎ ഇൻസ്‌പെക്‌ടർമാരെ ആണവ സൈറ്റുകൾ സന്ദർശിക്കാൻ അനുവദിക്കില്ല. ഇസ്രയേലിന്റെയും അമേരിക്കയുടെയും ആക്രമണങ്ങളെ അപലപിക്കുന്നതിൽ പരാജയപ്പെട്ട ഐഎഇഎ മേധാവി റാഫേൽ ഗ്രോസിയെ ഇറാൻ നിശിതമായി വിമർശിച്ചു.
ഇറാൻ ആണവനിർവ്യാപന ബാധ്യതകൾ പാലിക്കുന്നില്ലെന്ന് ആരോപിച്ച് ജൂൺ 12ന് ഐഎഇഎ ബോർഡ് പ്രമേയം പാസാക്കിയിരുന്നു. ഇതിനെ മറയാക്കിയാണ് തൊട്ടടുത്തദിവസം ഇസ്രയേൽ ഇറാനെ ആക്രമിച്ചത്.








0 comments