ad
Deshabhimani

യുഎസ് ഉപരോധം നീങ്ങി; ഇറാന്റെ എണ്ണ കയറ്റുമതിയിൽ വൻ കുതിപ്പ്

Iran Crude Oil/ REUTERS/Dado Ruvic/Illustration

പ്രതീകാത്മക ചിത്രം | REUTERS/Dado Ruvic/Illustration/File

വെബ് ഡെസ്ക്

Published on Jul 01, 2026, 09:43 AM | 1 min read

തെഹ്‌റാൻ : യുഎസ് നാവിക ഉപരോധം നീക്കിയതിന് പിന്നാലെ ഇറാനിൽ നിന്നുള്ള എണ്ണ കയറ്റുമതിയിൽ വൻ വർധനവ്. ഉപരോധ സമയത്ത് എണ്ണ കയറ്റുമതി പൂർണമായും തടസപ്പെട്ടിരുന്നുവെന്നും നിയന്ത്രണങ്ങൾ നീക്കിയ ശേഷം ഇതുവരെ 4 കോടിയിലധികം ബാരൽ എണ്ണ കയറ്റുമതി ചെയ്തതായും ഇറാന്റെ മുഖ്യ വക്താവായ മുഹമ്മദ് ബഗർ ഗാലിബാഫ് വ്യക്തമാക്കി. പുതിയ കണക്കുകൾ പ്രകാരം രണ്ടാഴ്ചയ്ക്കിടെ ഇറാൻ 5 കോടി ബാരൽ അസംസ്കൃത എണ്ണ കയറ്റുമതി ചെയ്തിട്ടുണ്ട്.


വെടിനിർത്തൽ പ്രഖ്യാപനത്തെത്തുടർന്ന് പ്രധാന ജലപാതയായ ഹോർമുസിലൂടെയുള്ള എണ്ണ വിതരണം പുനഃസ്ഥാപിക്കപ്പെട്ടത് ആഗോള വിപണിയിൽ എണ്ണവില കുത്തനെ ഇടിയാൻ കാരണമായി. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്റ് ക്രൂഡ് വില ബാരലിന് 73 ഡോളറിനടുത്തേക്ക് താഴ്ന്നു. ഏപ്രിൽ മാസത്തിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്തെ ഉയർന്ന നിരക്കായ 118 ഡോളറിൽ നിന്ന് 40 ശതമാനത്തോളമാണ് വില കുറഞ്ഞത്. യുഎസുമായി നയതന്ത്ര ചർച്ചകൾക്കാണ് മുൻഗണന നൽകുന്നതെങ്കിലും രാജ്യം എപ്പോഴും ഒരു യുദ്ധത്തിന് സജ്ജമാണെന്നും ഗാലിബാഫ് വ്യക്തമാക്കി.


സഹകരണ കരാർ പ്രകാരം ഹോർമുസ് കടലിടുക്കിലൂടെ 60 ദിവസത്തേക്ക് കപ്പലുകൾക്ക് ടോൾ ഇല്ലാതെ കടന്നുപോകാൻ അനുമതി നൽകിയിട്ടുണ്ട്. അതിനൊപ്പം ജലപാതയുടെ ഭരണപരമായ നിയന്ത്രണം തങ്ങളുടെ പക്കൽ തന്നെയായിരിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിന്റെ പരമാധികാരം ഇറാനും ഒമാനുമാണെന്നും ഇറാൻ നിശ്ചയിക്കുന്ന ക്രമീകരണങ്ങൾക്ക് വിധേയമായാണ് ​ഗതാ​ഗതം നടക്കുകയെന്നും ഗാലിബാഫ് പറഞ്ഞു. യാതൊരു സാഹചര്യത്തിലും ഈ അവകാശങ്ങൾ ഇല്ലാതാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 60 ദിവസത്തെ ഈ താൽകാലിക കാലാവധി കഴിഞ്ഞാൽ കടലിടുക്കിന്റെ ഭരണം എങ്ങനെയായിരിക്കുമെന്നതിൽ വ്യക്തത വന്നിട്ടില്ല.


വിദേശത്ത് മരവിപ്പിച്ചു നിർത്തിയിരുന്ന ഇറാന്റെ ആസ്തികൾ തിരികെ നൽകുമ്പോൾ അത് അമേരിക്കൻ കാർഷിക ഉൽപന്നങ്ങൾ വാങ്ങാൻ ഉപയോഗിക്കുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം ഗാലിബാഫ് തള്ളി. മരവിപ്പിച്ചിരുന്ന 24 ബില്യൺ ഡോളർ ആസ്തിയിൽ 12 ബില്യൺ ഡോളർ രാജ്യത്തെ സെൻട്രൽ ബാങ്കിലേക്ക് പോകും. അത് ഉപയോഗിച്ച് രാജ്യത്തിന് ആവശ്യമുള്ള ഏത് സാധനവും ഏത് വിപണിയിൽ നിന്നും വാങ്ങാൻ സ്വതന്ത്ര്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home