ട്രംപിന് മറുപടി; ആണവ കേന്ദ്രങ്ങൾ സംരക്ഷിക്കാൻ സജ്ജരെന്ന് ഇറാൻ

പ്രതീകാത്മക എഐ ചിത്രം
തെഹ്‌റാൻ : ആണവ കേന്ദ്രങ്ങൾക്കും യുറേനിയം ശേഖരത്തിനും നേരെ ഉണ്ടാകുന്ന ഏതൊരു നീക്കത്തെയും പ്രതിരോധിക്കാൻ രാജ്യം പൂർണസജ്ജമാണെന്ന് ഇറാൻ. ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും ആണവ പദ്ധതികൾ പിൻവലിക്കുന്നതിനുമുള്ള അമേരിക്കൻ നിർദേശങ്ങൾ അംഗീകരിച്ചില്ലെങ്കിൽ വീണ്ടും ബോംബാക്രമണം നടത്തുമെന്ന ട്രംപിന്റെ ഭീഷണിക്ക് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.
ആയുധ നിർമാണത്തിന് ഉപയോഗിക്കാൻ കഴിയുന്ന 60 ശതമാനം പരിശുദ്ധിയുള്ള 440 കിലോയിലധികം യുറേനിയം ഇറാന്റെ പക്കലുണ്ടെന്നാണ് യുഎൻ ആണവ ഏജൻസിയുടെ കണക്ക്. ഈ ശേഖരം ഇറാനിൽ നിന്നും മാറ്റാതെ യുദ്ധം അവസാനിപ്പിക്കില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. ഇറാനിൽ നേരിട്ട് പ്രവേശിച്ച് യുറേനിയം ശേഖരം നീക്കം ചെയ്യാൻ കഴിയുമെന്ന് ട്രംപ് തനിക്ക് ഉറപ്പുനൽകിയതായും അദ്ദേഹം അവകാശപ്പെട്ടു. ഇറാന്റെ പക്കലുള്ള യുറേനിയം റഷ്യയിലേക്ക് മാറ്റാമെന്ന വ്ലാഡിമിർ പുടിന്റെ നിർദേശം നിലവിലുണ്ടെങ്കിലും ഇതിൽ തീരുമാനമായിട്ടില്ല.
ഏപ്രിൽ 13 മുതൽ ഇറാനിയൻ തുറമുഖങ്ങൾ അമേരിക്കൻ സൈന്യം ഉപരോധിച്ചിരിക്കുകയാണ്. ഇതുവരെ 61 വാണിജ്യ കപ്പലുകളെ തിരിച്ചയച്ചതായും നാലെണ്ണം പ്രവർത്തനരഹിതമാക്കിയതായും യുഎസ് സൈന്യം അറിയിച്ചു. ഉപരോധം ലംഘിക്കാൻ ശ്രമിച്ച രണ്ട് ഇറാനിയൻ എണ്ണക്കപ്പലുകൾക്ക് നേരെ കഴിഞ്ഞ വെള്ളിയാഴ്ച അമേരിക്ക ആക്രമണം നടത്തിയിരുന്നു.
തങ്ങളുടെ കപ്പലുകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് മേഖലയിലെ യുഎസ് സൈനിക താവളങ്ങളിലൂടെയും ശത്രു കപ്പലുകളിലൂടെയും ശക്തമായ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് നേവി മുന്നറിയിപ്പ് നൽകി. യുറേനിയം ശേഖരം മോഷ്ടിക്കാനുള്ള ശത്രുക്കളുടെ നീക്കങ്ങളെ പ്രതിരോധിക്കാൻ സൈന്യം പൂർണസജ്ജമാണെന്ന് ബ്രിഗേഡിയർ ജനറൽ അക്രമി നിയ പറഞ്ഞു. പ്രധാനമായും ഇസ്ഫഹാൻ ആണവ സമുച്ചയത്തിലാണ് ഇറാന്റെ യുറേനിയം ശേഖരമുള്ളത്. കഴിഞ്ഞ വർഷം ഈ കേന്ദ്രത്തിന് നേരെ ആക്രമണങ്ങൾ ഉണ്ടായിരുന്നു.










0 comments