അമേരിക്കയുടെ തന്ത്രങ്ങൾ ദയനീയമായി തകർന്നു: അബ്ബാസ് അരാഗ്ച്ചി

ദുബായ്: റഷ്യൻ എണ്ണ ഇറക്കുമതിയുടെ കാര്യത്തിൽ അമേരിക്കൻ നിലപാട് ദയനീയമായി മാറിയെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി. റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ വാങ്ങുന്നത് അവസാനിപ്പിക്കാൻ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെ ഭീഷണിപ്പെടുത്തിയിരുന്ന വൈറ്റ് ഹൗസ്, ഇപ്പോൾ അതേ എണ്ണ വാങ്ങാൻ ലോകത്തിന് മുന്നിൽ യാചിക്കുകയാണെന്ന് അദ്ദേഹം പരിഹസിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു അരാഗ്ച്ചിയുടെ പ്രതികരണം.
ഇറാനുമായുള്ള രണ്ടാഴ്ച നീണ്ട യുദ്ധത്തിന് പിന്നാലെയാണ് അമേരിക്കയുടെ ഈ മലക്കംമറിച്ചിൽ. റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരെ മാസങ്ങളോളം ഇന്ത്യയെ ഭീഷണിപ്പെടുത്തിയവർ ഇപ്പോൾ നിലപാട് മാറ്റി. ഉക്രെയ്ൻ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യക്ക് മേൽ കനത്ത ഉപരോധം നിലനിൽക്കെത്തന്നെ, റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ ഇളവ് മാർച്ച് 5ന് യുഎസ് അനുവദിച്ചിരുന്നു.
ഇറാനെതിരായ യുദ്ധം 'നിയമവിരുദ്ധം' ആണെന്ന് വിശേഷിപ്പിച്ച അരാഗ്ച്ചി, ഈ യുദ്ധത്തെ പിന്തുണച്ചാൽ റഷ്യക്കെതിരെ അമേരിക്കയുടെ പിന്തുണ ലഭിക്കുമെന്ന് യൂറോപ്പ് കരുതിയതായും കുറ്റപ്പെടുത്തി. റഷ്യൻ എണ്ണയോടുള്ള ട്രംപ് ഭരണകൂടത്തിന്റെ ഇപ്പോഴത്തെ സമീപനം തികച്ചും ദയനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28-നാണ് ഇറാനെതിരെ അമേരിക്കയും ഇസ്രയേലും സംയുക്ത ആക്രമണം ആരംഭിച്ചത്. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ കരാറിൽ ഒപ്പിടാൻ സമ്മർദ്ദം ചെലുത്തിക്കൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ നീക്കങ്ങൾ ദിവസങ്ങൾ നീണ്ട സംഘർഷത്തിലേക്ക് നയിച്ചു. ഇതിന്റെ പ്രത്യാക്രമണങ്ങൾ ഗൾഫ് മേഖലയിലാകെ പ്രതിരോധത്തിലാക്കിയിരുന്നു.










0 comments