സയണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് ഖമനേയി; ഇറാനിലും ഇസ്രയേലിലും വീണ്ടും മിസൈൽ ആക്രമണമെന്ന് റിപ്പോർട്ട്

israel iran conflict
വെബ് ഡെസ്ക്

Published on Jun 14, 2025, 10:19 AM | 1 min read

ടെൽ അവീവ് : പശ്ചിമേഷ്യയെ യുദ്ധക്കളമാക്കാനുള്ള ഇസ്രയേൽ നീക്കങ്ങളെ കഠിനമായി പ്രതിരോധിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി. ഇസ്രയേലിന്റെ ഭരണത്തിന് അന്ത്യം കുറിക്കുമെന്ന് ഖമനേയി പറഞ്ഞു. ഇറാനിലെ ആണവ കേന്ദ്രങ്ങളെയടക്കം ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് കനത്ത മറുപടി നൽകുമെന്നും ഇറാന്റെ സൈന്യം പൂർണസജ്ജമാണെന്നും ഖമനേയി പ്രതികരിച്ചു.


അതേസമയം ഇസ്രയേലിലും ഇറാനിലും വീണ്ടും മിസൈൽ ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. പുലർച്ചെ ടെൽ അവീവിലേക്ക് മിസൈൽ ആക്രമണമുണ്ടായതായാണ് റിപ്പോർട്ട്. ടെൽ അവീവിലും ജറുസലേമിലും മുന്നറിയിപ്പ് സൈറൺ നൽകിയതായും ജനങ്ങളെ ഷെൽട്ടറുകളിലേക്ക് മാറ്റിയതായും റൂയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ആക്രമണത്തിൽ 40 പേർക്ക് പരിക്കേറ്റതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേൽ കഴിഞ്ഞ ദിവസം നടത്തിയ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ടെന്നും 320 പേർക്ക് പരിക്കേറ്റെന്നും ഇറാൻ വ്യക്തമാക്കി. ടെഹ്റാനിൽ ശനി പുലർച്ചെ നിരവധി സ്ഫോടന ശബ്ദങ്ങൾ കേട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


വെള്ളി രാവിലെ ഇറാനിലെ ആണവനിലയങ്ങളും സൈനികകേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ഇസ്രയേൽ ‘റൈസിങ്‌ ലയൺ’ സൈനികനടപടി ആരംഭിച്ചത്. സൈനികനടപടിയിൽ ഇറാന്റെ സംയുക്ത സേനാമേധാവി മുഹമ്മദ് ബാഗേരി, ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് ചീഫ് കമാൻഡർ ഹുസൈൻ സലാമി, ആണവശാസ്‌ത്രജ്ഞരായ മുഹമ്മദ് മെഹ്ദി ടെഹ്‌റാഞ്ചി, ഫെറൈദൂൺ അബ്ബാസി എന്നിവരടക്കം സാധാരണക്കാരും കൊല്ലപ്പെട്ടു. തെഹ്‌റാൻ, പ്രധാന യുറേനിയം സമ്പുഷ്ടീകരണനിലയമായ നതാൻസ്‌, ആണവ ഗവേഷണകേന്ദ്രമായ തബ്രിസ്‌ ഉൾപ്പെടെ എട്ട്‌ മേഖലകളിലാണ്‌ ആദ്യം ആക്രമണമുണ്ടായത്‌. ഇതിനു തിരിച്ചടിയായി ഇസ്രയേലിലേക്ക്‌ ഇറാൻ നൂറിലേറെ ഡ്രോണുകൾ തൊടുത്തിരുന്നു. ഇസ്രയേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.


വെള്ളി രാത്രി ഇറാൻ ടെൽ അവീവിൽ ബാലിസ്‌റ്റിക്‌ മിസൈലാക്രമണം നടത്തി. രണ്ട് യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടു. ഇസ്രയേൽ പ്രതിരോധമന്ത്രാലയത്തിനു സമീപം നാശനഷ്‌ടങ്ങളുണ്ടായി. വെള്ളി വൈകിട്ടും ഇസ്രയേൽ ആക്രമണം തുടർന്നതോടെയാണ്‌ ഇറാൻ പ്രത്യാക്രമണം കടുപ്പിച്ചത്‌. ആക്രമണം ഇസ്രയേൽ സ്ഥിരീകരിച്ചിട്ടുണ്ട്. സൈനിക നടപടി തുടരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Home