print edition യുഎസ് പ്രകോപനത്തിന് ഇറാന്റെ തിരിച്ചടി

തെഹ്റാൻ/മനാമ: ബഹ്‌റൈനിലെ അൽ-റിഫ ഹെലികോപ്റ്റർ താവളത്തിലുള്ള യുഎസ് പ്രതിരോധകേന്ദ്രത്തിലെ റഡാർ സംവിധാനത്തിനുനേരെ ആറ് ഡ്രോണുകൾ തൊടുത്ത് ഇറാൻ. ഡ്രോണുകൾ കൃത്യമായി ലക്ഷ്യത്തിൽ പതിച്ചതായും സ്ഫോടനശബ്ദം ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ കേട്ടതായും ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കഴിഞ്ഞയാഴ്ച തെക്കൻ ഇറാനിലെ സിരിക്കിലെ ടെലികമ്മ്യൂണിക്കേഷൻ ടവറിനുനേരെ അമേരിക്ക നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ് (ഐആർജിസി) വ്യക്തമാക്കി.
തങ്ങളുടെ റഡാർ സംവിധാനം തകർത്തെന്ന ഇറാന്റെ അവകാശവാദം അമേരിക്ക നിഷേധിച്ചു. വെള്ളിയാഴ്ച ബഹ്‌റൈൻ ലക്ഷ്യമാക്കി വന്ന രണ്ട് ഇറാനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ബഹ്‌റൈനിലെ ആക്രമണത്തെ അറബ് രാജ്യങ്ങൾ അപലപിച്ചു. അമേരിക്കയുടെ സൈനിക നടപടിക്ക് പിന്തുണ നൽകുന്നതു തുടർന്നാൽ ഭൗമാതിർത്തി നോക്കാതെയുള്ള ശക്തമായ പ്രതികരണം ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് ഗൾഫ് രാജ്യങ്ങൾക്ക് ഐആർജിസി മുന്നറിയിപ്പ് നൽകി.
ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകൾക്ക് അകമ്പടി സേവിക്കാനുള്ള യുഎസ് പദ്ധതി പൂർണ പരാജയമാണെന്ന് വിശേഷിപ്പിച്ച ഇറാൻ, കടലിടുക്ക് അടച്ചതായി പ്രഖ്യാപിച്ചു. ഇറാനിയൻ ജനതയെ പട്ടിണിക്കിട്ട് കൊല്ലാനാണ് അമേരിക്ക ശ്രമിക്കുന്നതെന്ന് ഇറാൻ സർക്കാർ ആരോപിച്ചു. ‘യുദ്ധവുമില്ല, സമാധാനവുമില്ല' എന്ന നിലവിലെ അവസ്ഥയിൽ ഇറാൻ തുടരില്ലെന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ് വ്യക്തമാക്കി.
യുറേനിയം സമ്പുഷ്ടീകരണം നിർത്തിവെക്കണമെന്ന ജർമനിയുടെ ആവശ്യം ഇറാൻ തള്ളി. ആണവ നിർവ്യാപന കരാറിലെ അംഗമെന്ന നിലയിൽ യുറേനിയം സമ്പുഷ്ടീകരിക്കാൻ തങ്ങൾക്ക് അവകാശമുണ്ട്. ഇത് ജർമനിയോ ഫ്രാൻസോ തങ്ങൾക്ക് നൽകിയ ഔദാര്യമല്ലെന്ന് ഇറാൻ വിദേശ മന്ത്രാലയ വക്താവ് ഇസ്മായിൽ ബാഗെയ് പറഞ്ഞു.
യുഎസിന് ആത്മാർഥത ഇല്ലെന്ന് ഇറാൻ
അമേരിക്കയുമായി നേരിട്ട് ചർച്ച നടത്താൻ റഷ്യയും ചൈനയും പ്രേരിപ്പിക്കുന്നുണ്ടോ എന്ന ചോദ്യം അപ്രസക്തമാണെന്ന് ഇറാൻ വിദേശ മന്ത്രാലയ വക്താവ് ഇസ്മായിൽ ബാഗെയ്. നയതന്ത്രം മുന്നോട്ടുകൊണ്ടുപോകാനുള്ള ആത്മാർത്ഥതയും ഇച്ഛാശക്തിയുമാണ് പ്രധാന വിഷയം. മറുപക്ഷത്തിന്റെ അവകാശങ്ങളും താൽപ്പര്യങ്ങളും അംഗീകരിക്കുക എന്നതാണ് നയതന്ത്രം കൊണ്ട് അർത്ഥമാക്കുന്നത്. ഏകപക്ഷീയമായി കാര്യം നേടിയെടുക്കാനും മറുപക്ഷത്തിന് ഒരു ആനുകൂല്യവും നൽകാതിരിക്കാനുമുള്ള ശ്രമങ്ങൾ ഒഴിവാക്കണമെന്നും ബാഗെയ് ആവശ്യപ്പെട്ടു.
"ഞങ്ങൾ അമേരിക്കയുമായി ചർച്ച നടത്തുകയും ഒരു തീരുമാനത്തിലെത്തുകയും ചെയ്തിരുന്നു. അമേരിക്ക ഏറ്റവും ഉയർന്ന തലത്തിൽ ഈ കരാറിൽ ഒപ്പുവച്ചതുമാണ്. എന്നാൽ ആ കരാറിന് രണ്ടാഴ്ചത്തെ ആയുസ്സ് പോലുമുണ്ടായില്ല’– കഴിഞ്ഞ ജൂണിൽ ഒപ്പുവച്ച ഇസ്ലാമാബാദ് ധാരണാപത്രത്തെ അമേരിക്ക അട്ടിമറിച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.









0 comments