വേതനം മുടങ്ങിയിട്ട് ഒരുമാസം

സ്വന്തം ലേഖകൻ
പാലക്കാട്
കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ഫണ്ട് അനുവദിക്കാത്തതിനാൽ വിബിജി റാംജി തൊഴിലാളികളുടെ വേതനം മുടങ്ങിയിട്ട് ഒരുമാസം. ജില്ലയിലെ ഒരുലക്ഷം തൊഴിലാളികൾക്കായി ഏഴരക്കോടി രൂപയാണ് വിതരണം ചെയ്യാനുള്ളത്. പ്രവൃത്തി പൂർത്തിയായി 14 ദിവസത്തിനകം വേതനം നൽകണമെന്ന് വ്യവസ്ഥയുള്ളപ്പോഴാണിത്. 401 രൂപയാണ് ഒരു ദിവസത്തെ കൂലി. ആയിരക്കണക്കിന് ആളുകൾക്ക് ആശ്വാസമായിരുന്നു ഇത്. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആയിരുന്നകാലത്ത് പഞ്ചായത്തുകളിലെ പ്രവൃത്തി പൂർത്തിയാക്കി ബിൽ നൽകിയാൽ തുക അനുവദിക്കുന്നതായിരുന്നു രീതി. പദ്ധതി അട്ടിമറിച്ച് വിബിജി റാംജി നിലവിൽ വന്നതോടെ നിശ്ചിത തുക പഞ്ചായത്തുകൾക്ക് മുൻകൂറായി നൽകുന്ന രീതി തുടങ്ങി. ഇത്തരത്തിൽ 50 മുതൽ 70 ലക്ഷംവരെ പഞ്ചായത്തുകൾക്ക് മുൻകൂറായി നൽകി. ഇൗ തുക ചെലവഴിച്ചുകഴിഞ്ഞാൽ പിന്നീട് തൊഴിലാളികൾക്ക് കൂലി കൊടുക്കാനോ മറ്റ് പ്രവൃത്തികൾക്കോ തുകയുണ്ടാകില്ല. പദ്ധതി നടത്തിപ്പിനെക്കുറിച്ച് വ്യക്തമായ മാർഗനിർദേശങ്ങളില്ല. അതിനാൽ വിബിജി റാംജി പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ കുത്തനെ കുറഞ്ഞു. മാത്രമല്ല, ചെയ്‌ത തൊഴിലിനുള്ള കൂലിയും ലഭിക്കാതായി. വേതനം ലഭിക്കാത്തതിനാൽ തൊഴിലാളികൾ കൊഴിഞ്ഞുപോകുന്നത് പതിവാണ്. പദ്ധതിയുടെ ഫണ്ടിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് അനുവദിക്കേണ്ടത്. 14 ദിവസത്തിനുള്ളിൽ കൂലി കൊടുത്തില്ലെങ്കിൽ തൊഴിലില്ലായ്‌മ വേതനം നൽകണമെന്നാണ് വ്യവസ്ഥ. കൂലി ലഭ്യമാക്കാത്തതിന് ഉത്തരവാദികളാണ് ഇത് നൽകേണ്ടത്. വിബിജി റാംജി നിലവിൽ വന്നതോടെ പദ്ധതിയെ തകർക്കുന്ന നീക്കമാണ് സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. മുൻ പദ്ധതിയുടെ നിർമാണ പ്രവൃത്തിക്കായി വാങ്ങിയ അസംസ്‌കൃത വസ്‌തുക്കളുടെ വില നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തതിനാൽ വിബിജി റാംജി പദ്ധതിയിലെ ടെൻഡറുകളിൽ പങ്കെടുക്കാൻ കരാറുകാർ വിമുഖത കാട്ടുകയാണ്. ഒരു പഞ്ചായത്തിന് കുറഞ്ഞത് 40 ലക്ഷം രൂപയെങ്കിലും കിട്ടാനുണ്ട്. തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്തുന്ന എഎംഎംഎസ് ആപ്പ് അടിക്കടി പരിഷ്‌കരിച്ചും ജീവനക്കാർ പദ്ധതി പ്രദേശങ്ങൾ ദിവസവും രണ്ടുതവണ സന്ദർശിച്ച് തൊഴിലാളികളുടെ ഹാജർ രേഖപ്പെടുത്തണമെന്ന നിർദേശംവച്ചും പദ്ധതി അവതാളത്തിലാക്കുന്ന സമീപനമാണ് സർക്കാരുകളുടേത്. ഇതിനുപുറമെയാണ് കൂലി കൊടുക്കാതെ പദ്ധതി തകർക്കുന്നത്.








0 comments