മാവിലരുടെ കഥനകഥ പറയുന്ന ‘തുളു’ സിനിമ ഐഎഫ്എഫ്കെയിലേക്ക്

ഉദുമ ഒരു സിനിമയിൽ ഇടനീളം കഥാപാത്രങ്ങൾ സംസാരിക്കുന്നത് ലിപികളില്ലാത്ത ആദിദ്രാവിഡ ഗോത്രഭാഷ. നടി നടന്മാരായെത്തുന്നത് ഇതേ സമുദായത്തിലെ ഇതുവരെ ക്യാമറ എന്തെന്നറിയാത്ത ഒരുപാട് പേർ. ചലചിത്രം മനുഷ്യഗന്ധിയും കീഴാള വർഗമോചന നീതിബോധവുമായി മാറുന്നു. ആദി ഗോത്രവിഭാഗമായ മാവിലരുടെ കഥനകഥ പറയുന്ന സിനിമ 'കല്ലളൻ' പ്രധാനമാകുന്നത് ഇതെല്ലാംകൊണ്ടാണ്. ഡിസംബർ 11 മുതൽ 18 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള അന്തർദേശീയ ചലച്ചിത്രമേള (ഐഎഫ്എഫ് കെ)യിൽ ഇടംനേടുന്നതും ഈ സവിശേഷതകൾ കൊണ്ടാണ്. കുടില തന്ത്രങ്ങളിലൂടെ ഗോത്രഭൂമി കൈയേറാൻ ശ്രമിക്കുന്ന പുത്തൻ പണമിടപാടുകാർക്കിടയിൽ കുടിയൊഴിപ്പിക്കപ്പെടുന്ന മാവില ഗോത്രജനതയുടെ വേദന കല്ലളനിൽ വരച്ചുകാട്ടുന്നു. സ്വന്തം മണ്ണും സ്വത്വവും നഷ്ടപ്പെടുന്ന ജനതയുടെ മാത്രമല്ല ആരൂഢം ഇല്ലാതാകുന്ന അവരുടെ കുലദൈവങ്ങളായ കാട്ടുമൂർത്തികളുടെയും തെയ്യങ്ങളുടെയും വിലാപവും സിനിമയിലുണ്ട്. ഭൂമിയുടെ അവകാശികളാകേണ്ടുന്ന അടിസ്ഥാന വർഗത്തിനുവേണ്ടി സംസാരിക്കുന്ന ചിത്രം കാസർകോടിന്റെ ഉൾപ്രദേശങ്ങളിലാണ് ചിത്രീകരിച്ചത്. രണ്ടുവർഷത്തെ പ്രയത്നത്തിലൂടെ മാവില വിഭാഗക്കാരനായ രതീഷ് പാണംതോട് രൂപപ്പെടുത്തിയതാണ് കഥയും സംഭാഷണങ്ങളുമെല്ലാം. നാൽപതിലധികം കഥാപാത്രങ്ങളിൽ മാവില സമുദായത്തിലെ ഉന്നതയിൽനിന്നുള്ളവരാണ് രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന സിനിമയിലേറെയും. ഇവരിൽ ഭൂരിഭാഗംപേരും ആദ്യമായാണ് ക്യാമറയെ അഭിമുഖീകരിക്കുന്നത്. മാവിലത്തെയ്യം കലാകാരൻ കൃഷ്ണൻ ചേമ്പേനയുടെ തോറ്റംപാട്ടുകളും ചിത്രത്തിലുണ്ട്. ഗോത്രജനതയ്ക്ക് അന്യമായിക്കൊണ്ടിരിക്കുന്ന അവരുടെ ഭാഷ, സംസ്കാരം, പാരമ്പര്യ ചികിത്സാരീതികൾ, അനുഷ്ഠാന കലകൾ എന്നിവയെല്ലാം തനിമയോടെ അടയാളപ്പെടുത്തിയിരിക്കുന്നു. മുഖ്യകഥാപാത്രമായ 'കല്ലളൻ' വേഷമിടുന്നത് രാജേഷ് വെള്ളംതട്ടയാണ്. നടി സി പി ശുഭ, നാടകനടന്മാരായ സി കണ്ണൻ, ജയചന്ദ്രൻ കോട്ടക്കൊച്ചി എന്നിവർക്കൊപ്പം കൃഷ്ണൻ ചേമ്പേന, സന്തോഷ് പെരുമ്പള്ളി, രാധിക എണ്ണപ്പാറ, ജിതേവ് വെള്ളംതട്ട, സുജിത, ദിനേശൻ വെള്ളിക്കോത്ത്, അനീഷ് ആയംപാറ, പ്രീജിത്ത്, ഗംഗ, അപർണ്ണ, സതീശൻ വെള്ളുത്തോളി, കണ്ണൻ ആനപ്പെട്ടി തുടങ്ങിയവരും അണിനിരക്കുന്നു. കാട്ടുകുളങ്ങര സ്വദേശിയായ അജയ് പ്രസീദ് തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയുടെ എഡിറ്റിങ് യുവ സിനിമാ പ്രവർത്തകൻ ജി എസ് അനന്തകൃഷ്ണനാണ്. സിനിമയെ ഏറ്റവും അടിസ്ഥാന ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യമാണുള്ളതെന്ന് അജയ് പ്രസീദ് വ്യക്തമാക്കി.







0 comments