Deshabhimani

വാക്കുപാലിക്കാതെ വാട്ടർ അതോറിറ്റി; തലസ്ഥാനത്ത് കുടിവെള്ളക്ഷാമം രൂക്ഷം

Water.jpg
വെബ് ഡെസ്ക്

Published on Nov 23, 2026, 09:56 PM | 1 min read

തിരുവനന്തപുരം: അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പമ്പിങ് പുനരാരംഭിച്ചെന്ന്‌ ജല അതോറിറ്റി അവകാശപ്പെടുമ്പോഴും ഒരിറ്റ്‌ കുടിവെള്ളത്തിനായി നഗരം കേഴുന്നു. പൂർണതോതിൽ ജലവിതരണം 22ന്‌ ആരംഭിക്കുമെന്നാണ്‌ അറിയിച്ചിരുന്നത്‌. നഗരത്തിന്റെ പലകോണിലും കുടിവെള്ളം കിട്ടാതായിട്ട്‌ ഒരുമാസത്തോളമായി. ഗത്യന്തരമില്ലാതെ കമലേശ്വരത്ത്‌ വൈകിട്ട്‌ 6.15ന്‌ നാട്ടുകാർ റോഡ്‌ ഉപരോധിച്ചു.


ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ഡെപ്യൂട്ടി തഹസിൽദാർ, ജലഅതോറിറ്റി എഇ എന്നിവർ സ്ഥലത്തെത്തി. രാത്രിയോടെ വെള്ളമെത്തിക്കുമെന്ന ഉറപ്പിലാണ്‌ ഉപരോധം അവസാനിപ്പിച്ചത്‌. പലയിടത്തും സംഘടിതരായി ജനങ്ങൾ തെരുവിലിറങ്ങി തുടങ്ങി. ടാങ്ക്‌ വൃത്തിയാക്കലിന്റെയും അറ്റകുറ്റപ്പണികളുടെയും പേരിൽ വെള്ളം കിട്ടാതായിട്ട്‌ ആഴ്‌ചകളായി. പല പ്രദേശത്തും മുന്നറിയിപ്പും ലഭിച്ചിട്ടില്ല.


ബോർവൽ, കിണർ എന്നിവയുള്ള വീടുകൾ ചുരുക്കം. മറ്റുള്ളവർക്ക്‌ ദിവസങ്ങളോളം ഇവരെ ആശ്രയിക്കാനും കഴിയുന്നില്ല. കോർപറേഷൻ അധികൃതർ ടാങ്കറിൽ വെള്ളമെത്തിക്കുന്നത്‌ നാമമാത്രമാണ്‌. ഇടറോഡുകളിലൊന്നും ടാങ്കർ ലോറി എത്തുന്നില്ല. അമ്പലത്തറ വാർഡിലെ ആയിരത്തോളം കുടുംബങ്ങൾ ദുരിതത്തിലാണ്‌.


കുര്യാത്തി, പാറ്റൂർ സെക്ഷനുകളുടെ പരിധിയിലുള്ള തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, മണക്കാട്, ആറ്റുകാൽ, വള്ളക്കടവ്, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി, വലിയതുറ, ചാക്ക, ശ്രീകണ്‌ഠേശ്വരം വാർഡുകളിലും ഇതാണ്‌ അവസ്ഥ. വെള്ളയമ്പലം ജലശുദ്ധീകരണശാലയിലെ ഫിൽട്ടർ ബഡുകളിൽ ചെളി അടിഞ്ഞാണ്‌ പമ്പിങ് നിർത്തിയത്‌.


ഫിൽറ്റർ ബഡുകൾ ശുചീകരിച്ച് ചെളി നീക്കി പമ്പിങ് ആരംഭിച്ചതായി അതോറിറ്റി പറഞ്ഞു. കെആ‍ർഎഫ്ബി റോഡ് പ്രവൃത്തിയിൽ കെൽട്രോൺ ജങ്‌ഷനുസമീപം കൂട്ടപ്പാറയിലെ പൈപ്പ്‌ലൈൻ തകരാറിലായതും പരിഹരിച്ച്‌ പമ്പിങ് തുടങ്ങിയെന്നാണ്‌ അറിയിപ്പ്‌. പാറമല ജലശുദ്ധീകരണശാലയിൽ പ്ലാന്റ്‌ വൃത്തിയാക്കുന്നതിനാൽ മുടവൻമുകൾ വാർഡിലും വെള്ളമില്ല.


വാൽവ്‌ ക്രമീകരിച്ച്‌ ഭാഗികമായി വെള്ളമെത്തിച്ച്‌ തുടങ്ങിയെങ്കിലും പല വീടുകളിലും വെള്ളം കിട്ടിയിട്ടില്ല. പൈപ്പുകൾ ഒഴിഞ്ഞുകിടന്നതിനാൽ എയർബ്ലോക്ക്‌ ഉണ്ടായതാണ്‌ വെള്ളമെത്താൻ വൈകുന്നതിന്‌ കാരണമായി അധികൃതർ പറയുന്നത്‌.


കുടിവെള്ളപ്രശ്‌നത്തിന്‌ ശാശ്വതപരിഹാരം കാണുമെന്ന്‌ ചുമതലയേറ്റപ്പോൾ മേയർ നഗരവാസികൾക്ക്‌ ഉറപ്പുനൽകിയെങ്കിലും അത്‌ പാലിക്കാനായിട്ടില്ല. അറ്റകുറ്റപ്പണി നടക്കുന്പോൾ കാര്യക്ഷമമായി ടാങ്കർ ലോറികൾ സജ്ജീകരിച്ച്‌ പരിഹാരം കാണുന്നതിൽപ്പോലും ഭരണസമിതി വന്പൻ പരാജയമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home