ബഹ്‌റൈനിലും കുവൈത്തിലും ഇറാന്റെ പ്രത്യാക്രമണം

അനസ് യാസിൻ
Published on Jun 29, 2026, 12:00 AM | 1 min read
മനാമ: യുഎസ് ആക്രമണത്തിന് തിരിച്ചടിയായി ബഹ്‌റൈനിലും കുവൈത്തിലും അമേരിക്കൻ സൈനികതാവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ പ്രത്യാക്രമണം. രണ്ട് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വ്യോമപ്രതിരോധ സംവിധാനം തകർത്തതായി സൈനികവക്താവ് അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ബഹ്‌റൈനിലെ മുഹറഖ് ഗവർണറേറ്റിൽ ജനവാസ മേഖലയിൽ ഇറാന്റെ ഡ്രോൺ പതിച്ച് എട്ടുനില പാർപ്പിട സമുച്ചയത്തിന്റെ മുകൾനില തകർന്നു. ആളപായമില്ലെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപടയുടെ ആസ്ഥാനം ബഹ്‌റൈനിലെ ജുഫൈറിലാണ്. ഇതിനടുത്തുള്ള പ്രദേശത്താണ് ഡ്രോൺ പതിച്ചത്.
ശനിയാഴ്ച രാത്രി ഇറാനിലെ ഖേഷം ദ്വീപിലും സിരിക്, ബന്ദർ ഇ ലെൻഗെ നഗരങ്ങളിലും അമേരിക്ക ബോംബാക്രമണം നടത്തിയിരുന്നു. ഏതൊരു യുഎസ് ആക്രമണത്തെയും കൂടുതൽ ശക്തമായ പ്രതികരണത്തോടെ നേരിടുമെന്നും ആക്രമണം തുടർന്നാൽ സമാധാനചർച്ചകൾ പൂർണമായി നിർത്തിവയ്ക്കേണ്ടിവരുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി. കഴിഞ്ഞദിവസം ഹോർമുസ് കടലിടുക്കിൽ പാനമ പതാകയുള്ള ‘കികു' എന്ന കപ്പലിനുനേരെ ആക്രമണമുണ്ടായിരുന്നു. കപ്പൽ ആക്രമണത്തിലൂടെ ഇറാൻ വെടിനിർത്തൽക്കരാർ ലംഘിച്ചെന്ന് ആരോപിച്ച് യുഎസ് സെൻട്രൽ കമാൻഡ് ഇറാന്റെ റഡാർ സംവിധാനങ്ങൾ, ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, കമ്യൂണിക്കേഷൻ ശൃംഖലകൾ എന്നിവയ്ക്ക് നേരെ വൻ വ്യോമാക്രമണം നടത്തിയിരുന്നു.











0 comments