എണ്ണപ്പാടങ്ങൾ ആക്രമിച്ചെന്ന് ഇസ്രയേൽ; ടെൽ അവീവിൽ ഇറാന്റെ ഡ്രോൺ ആക്രമണം

ടെഹ്റാൻ/ ടെൽ അവീവ്: ഏകപക്ഷീയ ആക്രമണത്തിലൂടെ ലോകത്തെ യുദ്ധഭീതിയിലാഴ്ത്തിയ ഇസ്രയേൽ പ്രകോപനത്തിൽ ശക്തമായി തിരിച്ചടിച്ച് ഇറാൻ. ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം തുടർന്നതോടെ രണ്ടിടത്തും കനത്ത നാശനഷ്ടങ്ങളുണ്ടായതായാണ് റിപ്പോർട്ട്. ഇറാനെതിരായ ഇസ്രയേൽ ആക്രമണങ്ങൾക്കെതിരെ വ്യാപക പ്രതിഷേധമാണ് അമേരിക്കയില്‍ തുടരുന്നത്. അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഇസ്രയേലിനെ പിന്തുണയ്‌ക്കുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെയും പ്രതിഷേധമുയർന്നു.
ഇറാനിലെ എണ്ണപ്പാടങ്ങൾക്ക് നേരേയും പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തിന് നേരേയും ആക്രമണം നടത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടു. ടെഹ്‌റാനിലെ പ്രതിരോധ മന്ത്രാലയ ആസ്ഥാനത്തെ ഒരു കെട്ടിടത്തിന് സാരമായ നാശനഷ്ടം സംഭവിച്ചുവെന്ന് തസ്‌നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ നൊബാനിയാദിൽ സ്ഥിതിചെയ്യുന്ന പ്രതിരോധ മന്ത്രാലയ കെട്ടിടത്തിന് നേരേയാണ് ആക്രമണമുണ്ടായത്.
ഇറാനിലെ 'ഓർഗനൈസേഷൻ ഓഫ് ഡിഫൻസീവ് ഇന്നോവേഷൻ ആൻഡ് റിസർച്ച്' ആസ്ഥാനം ആക്രമിച്ചതായും ഇസ്രയേൽ അവകാശപ്പെട്ടു.
അതിനിടെ, ഇസ്രയേലിന് നേരേ ഇറാനും കനത്ത ആക്രമണം തുടരുകയാണ്. ഇറാൻ ഇസ്രയേലിന് നേരേ നടത്തുന്ന 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 3'-യുടെ രണ്ടാംഘട്ടത്തിൽ നൂറോളം മിസൈലുകൾ വർഷിച്ചതായാണ് റിപ്പോർട്ട്. ടെൽ അവീവിൽ വ്യാപകമായ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. ഇസ്രയേൽ ആക്രമണം തുടർന്നാൽ ഇറാന്റെ പ്രത്യാക്രമണത്തിന്റെ തീവ്രത വർധിപ്പിക്കുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് പ്രസ്താവനയിൽ അറിയിച്ചു.
ഇസ്രയേലിലെ ഹൈഫ എണ്ണ ശുദ്ധീകരണശാലയ്ക്ക് സമീപം ഇറാൻ മിസൈൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഹൈഫയ്ക്ക് സമീപം നടന്ന മിസൈൽ ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. മധ്യ ഇസ്രയേലിൽ നടന്ന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും 30 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.








0 comments